ലയാളത്തില്‍ മികച്ച വിജയം നേടിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണ് ഭീംല നായക്. പവന്‍ കല്യാണ്‍, റാണ ദഗ്ഗുബാട്ടി എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. റാണ ദഗ്ഗുബാട്ടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്ലൈമാക്‌സിലെ സംഘട്ടന രംഗം ചിത്രീകരിച്ചതിന് ശേഷം വിശ്രമിക്കുന്ന പവന്‍ കല്യാണും റാണയുമാണ് ചിത്രത്തില്‍. 

തെലുങ്കില്‍ റീമേക്കില്‍  ടൈറ്റില്‍ കഥാപാത്രം ഭീംല നായകായി എത്തുന്നത് പവന്‍ കല്യാണാണ്. ഡാനിയല്‍ ശേഖര്‍ എന്നാണ് റാണയുടെ കഥാപാത്രത്തിന്റെ പേര്. നിത്യ മേനോനാണ് ഭീംല നായകിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  

സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. തമന്‍ എസ്. ആണ് സംഗീതമൊരുക്കുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശിയാണ് ചിത്രം നിര്‍മിക്കുന്നത്.

2022 ജനുവരി 12ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഏറെ മാറ്റങ്ങളോടെയാണ് ചിത്രത്തിന്റെ റീമേയ്ക്ക് ഒരുങ്ങുന്നത്. രണ്ട് നായകന്മാര്‍ എന്നതിന് പകരം നായകന്‍, പ്രതിനായകന്‍ എന്ന രീതിയില്‍ തിരക്കഥ മാറ്റണമെന്ന് പവന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പവന്‍ കല്യാണ്‍ സിനിമകളുടെ ശൈലി പിന്തുടരുന്ന രീതിയിലുള്ള മാറ്റം തെലുങ്ക് പതിപ്പിനുണ്ടാകും.

Content Highlights: Bheelma Nayak Movie Viral Photo,  Pawan Kalyan, Rana Daggubati