രാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് പ്രിയദർശൻ ഒരുക്കുന്ന 'മരക്കാർ അറബിക്കടലിന്റെ സിംഹം'. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റിൽ നിന്നും പകർത്തിയ രസകരമായ ഒരു ചിത്രം പങ്കുവയ്ക്കുകയാണ് നടൻ ബാബുരാജ്. മോഹൻലാൽ തന്റെ മുഖത്ത് മേക്കപ്പ് ഇടുന്ന ചിത്രമാണ് "ഫൈനൽ ടച്ച് ഫ്രം ലാലേട്ടൻ" എന്ന തലക്കെട്ടോടെ ബാബുരാജ് പങ്കുവച്ചിരിക്കുന്നത്.

മേക്കപ്പ്മാൻ പട്ടണം റഷീദും ചിത്രത്തിലുണ്ട്. ഇതേ സെറ്റിൽ നിന്നുള്ള മറ്റൊരു ചിത്രം കഴിഞ്ഞ ദിവസം മോഹൻലാലും പങ്കു വച്ചിരുന്നു.

ആരാധകർ ആവേശത്തോടെ ഉറ്റു നോക്കിയ ഒന്നായിരുന്നു മരക്കാറിന്റെ റിലീസ്. മാർച്ച് 26-ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കോവി‍ഡും അനുബന്ധ ലോക്ഡൗണിനെയും തുടർന്ന് മാറ്റി വച്ചിരുന്നു. എന്തു തന്നെയായാലും ചിത്രം ഓ.ടി.ടി റിലീസിനില്ലെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.

100 കോടി ബഡ്ജറ്റിലാണ് മരക്കാർ അണിയിച്ചൊരുങ്ങുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. മോഹൻലാലിന് പുറമേ മഞ്ജു വാര്യർ, മധു, അർജുൻ സർജ, ഫാസിൽ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

Content Highlights :Baburaj Shares Location Pic fromMarakkar Arabikkadalinte Simham Mohanlal Priyadarshan