ണ്ട് ചിത്രങ്ങള്‍ കൊണ്ട് ബോളിവുഡിന്റെ താരരാജാക്കന്മാരെയും കടത്തിവെട്ടിയിരിക്കുകയാണ് പ്രഭാസ്. ബാഹുബലിയുടെ രണ്ടാം ഭാഗം കൂടി ഇറങ്ങിയതോടെ ശരിക്കും ഇന്ത്യയുടെ യഥാര്‍ഥ സൂപ്പര്‍താരമായി മാറിയിരിക്കുകയാണ് ഈ തെലുങ്ക് താരം. ബാഹുബലി ദി കണ്‍ക്ലൂഷന്‍ എന്ന രണ്ടാം ഭാഗത്തിന്റെ ബോക്‌സ്ഓഫീസിലെ കണക്കുകളല്ല, നായകന് ലഭിച്ച വിവാഹാഭ്യര്‍ഥനകളാണ് ഇതിനുള്ള ഏറ്റുവും വലിയ തെളിവ്.

ഒന്നും രണ്ടുമല്ല, ആറായിരത്തിലേറെ വിവാഹാഭ്യര്‍ഥനകളാണ് ബാഹുബലിയെ വെള്ളിത്തിരയില്‍ യാഥാര്‍ഥ്യമാക്കിയ പ്രഭാസിന് ലഭിച്ചത്. എന്നാല്‍, ഈ അഭ്യര്‍ഥനകളെല്ലാം താന്‍ നിഷ്‌കരുണം തളളുകയാണ് ഉണ്ടായതെന്ന് പ്രഭാസ് പറയുന്നു. വിവാഹത്തോടുള്ള വിരക്തിയല്ല, സമയക്കുറവ് തന്നെ കാരണം. ബാഹുബലിക്കുവേണ്ടി മാത്രം ഒന്നര വര്‍ഷം മാറ്റിവച്ച പ്രഭാസ് അത്രതന്നെ ചിത്രങ്ങള്‍ പിന്നീട് ഏറ്റെടുത്തിട്ടുണ്ട്. അതെല്ലാം തീര്‍ക്കണം. വിവാഹവും പ്രണയവുമൊക്കെ അതിനുശേഷം. അതാണ് നയം.

എന്നാല്‍, പ്രഭാസ് ഇരുപത്തിമൂന്നുകാരിയായ ഒരു എഞ്ചിനീയറിങ് വിദ്യാര്‍ഥിയുമായി പ്രണയത്തിലാണെന്നും ഏറെ വൈകാതെ വിവാഹം ഉണ്ടാകുമെന്നും ടോളിവുഡില്‍ ഒരു സംസാരമുണ്ട്. ബാഹുബലിയുടെ ചിത്രീകരണം കാരണമാണ് വിവാഹം നീണ്ടുപോയതത്രെ.