baahubali

ജനികാന്തും കമല്‍ഹാസനുമെല്ലാമായിരുന്നു ബാഹുബലിയുടെ വരവുവരെ തെന്നിന്ത്യന്‍ സിനിമയുടെ മുഖങ്ങളെങ്കില്‍ ഇന്ന് കാര്യങ്ങള്‍ മാറിമറയുകയാണ്. രജനിക്കും കമലിനും കൈവരിക്കാനാവാത്ത ഉയരങ്ങള്‍ വെട്ടിപ്പിടിക്കുകയാണ് ഒരൊറ്റ കഥാപാത്രം കൊണ്ട് തെലുങ്ക് നടന്‍ പ്രഭാസ്. ബാങ്കോക്കിലെ മാഡം തുസാഡ്‌സ് മെഴുക് മ്യൂസിയത്തില്‍ ഇടം നേടുന്ന ആദ്യ തെന്നിന്ത്യന്‍ താരമായിരിക്കുകയാണ് പ്രഭാസ്. ബോക്‌സ്ഓഫീസില്‍ പുത്തന്‍ ചരിത്രം രചിക്കുന്ന എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിലെ അമരേന്ദ്ര ബാഹുബലി എന്ന കഥാപാത്രത്തെയാണ് പിഴവേതുമില്ലാതെ മെഴുകില്‍ തീര്‍ത്തിരിക്കുന്നത്. 

മാഡം തുസാഡ്‌സില്‍ ഇടം നേടാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രഭാസ് പറഞ്ഞു. ആരാധകര്‍ കാരണമാണ് ഇത് സാധ്യമായത്. അവരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ഇതിനെല്ലാം അവസരം നല്‍കിയ ഗുരുനാഥന്‍ എസ്.എസ്. രാജമൗലിയോടും ഞാന്‍ കടപ്പെട്ടിരിക്കുകയാണ്.

ബാഹുബലിയുടെ ഒന്നാം ഭാഗം ഇറങ്ങിയശേഷം മ്യൂസിയത്തിലെ കലാകാരന്മാര്‍ എത്തിയ 350 ഓളം ചിത്രങ്ങള്‍ എടുത്തശേഷാണ് പ്രതിമ നിര്‍മിച്ചത്.

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ഐശ്വര്യാ റായ്, ഹൃത്വിക് റോഷന്‍, കരീനാ കപൂര്‍, കത്രീനാ കൈഫ്, മാധുരി ദീക്ഷിത് എന്നിവരുടെ മെഴുക് പ്രതിമകള്‍ നേരത്തെ തന്നെ മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.