ട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന്റെ ഉത്തരം ഇപ്പോള്‍ പലര്‍ക്കും അറിയാം. എന്നാല്‍, കട്ടപ്പ എന്തിന് ശിവകാമിയെ പ്രണയിച്ചു എന്ന ചോദ്യത്തിന് പടം കണ്ടിറങ്ങിയവര്‍ക്കുമില്ല ഉത്തരം. കട്ടപ്പ ശിവകാമിയെ പ്രണയിക്കാനോ? അതെപ്പോള്‍ എന്നു പുരികം ചുളിച്ചു ചോദിക്കും സകലരും.

പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ എഴുന്നൂറ് കോടി കളക്ട് ചെയ്ത രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തില്‍ അങ്ങിനെയൊരു ട്വിസ്റ്റില്ല. ഒരു സീനുമില്ല. ബാഹുബലി ആരാധകരെ ഞെട്ടിക്കുന്നത് ഒരു വസ്ത്രക്കടയുടെ പരസ്യമാണ്. അതില്‍ രാജകൊട്ടാരത്തില്‍ പ്രണയിക്കുന്നത് കട്ടപ്പയും ശിവകാമിയുമല്ല. വെള്ളിത്തിരയില്‍ ശിവകാമിയായി ജീവിച്ച രമ്യ കൃഷ്ണനും കട്ടപ്പയെ അവിസ്മരണീയമാക്കിയ സത്യരാജുമാണ് പരസ്യത്തില്‍. പരസ്യം ലക്ഷ്യമിടുന്നത് ബാഹുബലിയുടെ ആരാധകരെ തന്നെയെന്ന് പരസ്യത്തിന്റെ മേക്കിങ്ങില്‍ നിന്ന് വ്യക്തം.

ബാഹുബലിയില്‍ ശിവകാമിയുടെ വിശ്വസ്ത സേനാനായകനായി എത്തുന്ന കട്ടപ്പ പരസ്യത്തില്‍ രമ്യയുടെ നായകനാണ് എന്നതാണ് വ്യത്യാസം. സംഗതി ഏതായാലും ഏറ്റു. ചിത്രം പോലെ തന്നെ വലിയ ഹിറ്റാവുകയാണ് ഈ പരസ്യവും.