ലിയ സിനിമാ ആസ്വാദകനല്ല കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സമീപകാലത്ത് ആകെ കണ്ടത് മൂന്ന് പടം. എന്നാല്‍, ഈ പടം കാണല്‍ കാരണം ശരിക്കും പുലിവാല്‍ പിടിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.

സിനിമ കണ്ടതല്ല, കണ്ട കാര്യം ഫെയസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും നാട്ടുകാരെ അറിയിച്ചതാണ് മുഖ്യമന്ത്രിക്ക് പണിയായത്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ സിനിമാക്കാരുടെ തിരക്കാണ്. മുഖ്യമന്ത്രി തങ്ങളുടെ സിനിമയും കണ്ട് പോസ്റ്റിടണം എന്നതാണ് എല്ലാവരുടെയും ആവശ്യം.

പുനീത് രാജ്കുമാറിന്റെ രാജകുമാരയാണ് ഏറെക്കാലത്തിനുശേഷം മുഖ്യമന്ത്രി കണ്ട സിനിമ. സിനിമ കണ്ട ഉടനെ മുഖ്യമന്ത്രിയും പരിവാരങ്ങളും തിയേറ്ററില്‍ ഇരിക്കുന്ന പടം അദ്ദേഹത്തിന്റെ ഓഫീസ് ട്വീറ്റ് ചെയ്തു. ഫെയസ്ബുക്കിലുമിട്ടു. തൊട്ടടുത്ത ദിവസം നായകന്‍ പുനീത് മുഖ്യമന്ത്രിയെ കണ്ട് തന്റെ നന്ദി അറിയിച്ചു.

എന്നാല്‍, ഇത് വരാനിരിക്കുന്ന വലിയൊരു പി.ആര്‍. വിപത്തിന്റെ തുടക്കമാണെന്ന് മുഖ്യമന്ത്രി നിനച്ചില്ല. ഒരാഴ്ചയ്ക്കുശേഷം യു. എ. ഇ. സന്ദര്‍ശനത്തിനിടെ അദ്ദേഹം ഒന്നല്ല, രണ്ട് സിനിമകളാണ് കണ്ടത്. കാലത്ത് ബാഹുബലിയും വൈകീട്ട് രാഹുല്‍ ബോസ്-ഭാവന ചിത്രം നിരുത്തരയും. രണ്ടിന്റെയും ചിത്രങ്ങള്‍ പതിവ് പോലെ അദ്ദേഹത്തിന്റെ ഓഫീസ് പൊതുജനങ്ങള്‍ക്കായി ഷെയര്‍ ചെയ്യുകയും ചെയ്തു.

ഇവിടം മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. വിദേശസന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രിയെ വീട്ടില്‍ വരവേറ്റത്ത് സിനിമാക്കാരുടെ നീണ്ട നിരയാണ്. എല്ലാവര്‍ക്കും അദ്ദേഹം തങ്ങളുടെ സിനിമ കാണണം. അതിനെക്കുറിച്ച് പോസ്‌റ്റിടണം. അദ്ദേഹം ഈ പി.ആര്‍. കസര്‍ത്തിന് വഴങ്ങാതായതോടെ കാര്യങ്ങള്‍ കൈവിട്ടു. ക്ഷുഭിതനായ ഹുച്ച വെങ്കട്ട് തന്റെ ചിത്രമായ പോര്‍ക്കി ഹുച്ചാ വെങ്കട്ട് കാണാത്ത മുഖ്യമന്ത്രിക്കെതിരെ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയോടുള്ള രോഷവും സങ്കടവും അടക്കാനായില്ല വെങ്കട്ടിന്.

രാഗ എന്ന തന്റെ സിനിമ കാണണമെന്ന ആവശ്യവുമായി വന്ന സംവിധായകന്‍ മിത്രയെ ഒരുവിധമാണ് മുഖ്യമന്ത്രി സമാധാനിപ്പിച്ച് മടക്കിയത്. അടുത്തത് കോണ്‍ഗ്രസ് എം.എല്‍.എയും നടനുമായ ബി.സി.പാട്ടിലായിരുന്നു. ഹാപ്പി ന്യൂ ഇയര്‍ എന്ന തന്റെ ചിത്രം കാണണം എന്നതായിരുന്നു പാട്ടിലിന്റെ ആവശ്യം. സ്വന്തം പാര്‍ട്ടി എം.എല്‍.എ. അല്ലെ. വഴങ്ങാതെ മറ്റ് തരമുണ്ടായിരുന്നില്ല മുഖ്യമന്ത്രിക്ക്.

 ഞാന്‍ വലിയൊരു സിനിമാ ആസ്വാദകനൊന്നുമല്ല. കോളേജ് കാലത്താണ് സിനിമകള്‍ കൂടുതലും കണ്ടത്. അതിനുശേഷം വളരെ കുറച്ച് ചിത്രങ്ങളെ ഞാന്‍ കണ്ടുള്ളൂ. ഇപ്പോള്‍ പല സിനിമാക്കാര്‍ക്കും ഞാന്‍ അവരുടെ സിനിമ കാണണം. അവരുടെ സ്‌നേഹം എനിക്ക് മനസ്സിലാവും. ഞാന്‍ വല്ലാത്ത തിരക്കിലാണ്. അതുമാത്രമാണ് പ്രശ്‌നം-ന്യൂസ് 18നോട് മുഖ്യമന്ത്രി പറഞ്ഞു.