ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയാണ്. താരപുത്രന്റെ ആര്‍തര്‍ റോഡ് ജയില്‍വാസത്തെ സംബന്ധിച്ച് ഒട്ടനവധി അഭ്യൂഹങ്ങളാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ആര്യന്‍ ഖാന് മറ്റു തടവുകാരില്‍ നിന്ന് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നായിരുന്നു ഒരു പ്രചാരണം. എന്നാല്‍ ജയില്‍ കാന്റീനില്‍നിന്ന് വാങ്ങിയ ബിസ്‌കറ്റും വെള്ളവും മാത്രമാണ് ആര്യന്‍ കഴിക്കുന്നതെന്നും തടവുകാര്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നില്ലെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതിനിടെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്ക്‌ഡെ ആര്യനെ രണ്ടുവട്ടം തല്ലിയെന്നാണ് സോഷ്യല്‍ മീഡിയയിലെ മറ്റൊരു ശക്തമായ പ്രചാരണം. ഒരു മസാലകഥ പോലെയാണ് ഈ സംഭവം വൈറലായിരിക്കുന്നത്.

''മകന്‍ പിടിയിലായിരിക്കുന്ന വിവരമറിഞ്ഞ്‌ ഷാരൂഖ് സമീര്‍ വാങ്ക്‌ഡെയെ വിളിക്കുന്നു. തന്റെ മകനെ ശ്രദ്ധിക്കണമെന്ന് പറയുന്നു. വാങ്ക്‌ഡെ ആര്യന്‍ ഖാനെ ഫോണിനരികിലേക്ക് വിളിക്കുന്നു. കവിളിത്ത് രണ്ട് അടി നല്‍കുന്നു. എന്നിട്ട് പറയുന്നു, മിസ്റ്റര്‍ ഷാരൂഖ് ഖാന്‍ ഈ അടി നിങ്ങള്‍ നേരത്തേ മകന് നല്‍കിയിരുന്നുവെങ്കില്‍ ഇയാള്‍ ഇപ്പോള്‍ എന്റെ മുന്‍പില്‍ ഇങ്ങനെ ഇരിക്കില്ലായിരുന്നു...'' ഇങ്ങനെ പോകുന്നു കെട്ടുകഥ.... ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതോടെ ഏതാനും മാധ്യമങ്ങളും ഇത്‌ വാര്‍ത്തയാക്കി.

ഈ കഥ വ്യജമാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സമീര്‍ വാങ്ക്‌ഡെ. ഇന്ത്യടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്‍.സി.ബി ഒരു പ്രൊഫഷണല്‍ ഏജന്‍സിയാണ്. ആരോപണവിധേയര്‍ക്ക് നിയമത്തിന്റെ എല്ലാ പരിരക്ഷയുടെ ലഭിക്കും- സമീര്‍ വാങ്ക്‌ഡെ പറഞ്ഞു.

Content Highlights: 'Aryan Khan slapped by NCB Sameer Wankhede' This Masala story is a big lie, fact check