അര്‍ജുന്‍ കപൂറും മലൈക അറോറയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി. കോഫി വിത്ത് കരണ്‍ ടിവി ഷോയിലൂടെ സംവിധായകന്‍ കരണ്‍ ജോഹറും ഇക്കാര്യം സ്ഥിരീകരിച്ചതാണ്. ബോളിവുഡില്‍ പാട്ടായ ഈ ബന്ധം പക്ഷേ നടന്‍ സല്‍മാന്‍ ഖാന് പിടിച്ച മട്ടില്ല.

സല്‍മാന്റെ സഹോദരി അര്‍പിതയായിരുന്നു അര്‍ജുന്‍ കപൂറിന്റെ ആദ്യ കാമുകി. കുറച്ചു കാലം മാത്രം നീണ്ടു നിന്ന ആ ബന്ധത്തോട് ഗുഡ്‌ബൈ പറഞ്ഞ അര്‍ജുന്‍ പിന്നീട് സല്‍മാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്റെ പത്‌നിയായിരുന്ന മലൈക അറോറയുമായി അടുക്കുകയായിരുന്നു.അര്‍ബാസുമായി വേര്‍പിരിഞ്ഞ് മലൈക അര്‍ജുനോടൊപ്പം പൊതു വേദികളിലടക്കം പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. സല്‍മാന്‍ ഖാന്‍ ഇവരുടെ ബന്ധത്തിനു നേരെ കണ്ണുരുട്ടിയിരിക്കുകയാണെന്നും അര്‍ജുനെയും ബോണി കപൂറിനെയും സ്വന്തം വീട്ടില്‍ വിലക്കിയിരിക്കുകയാണെന്നുമാണ് ഇപ്പോള്‍ ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. അര്‍ജുന്‍ കപൂറിന് കടുത്ത പിന്‍തുണയാണ് കപൂര്‍ കുടുംബാംഗം കൂടിയായ അനില്‍ കപൂറും നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ജുന്റെ സന്തോഷമാണ് തന്റെയുമെന്നാണ് അനില്‍ കപൂറിന്റെ നിലപാടെന്നാണ് വാര്‍ത്തകള്‍.

Content Highlights:Arjun Kapoor-Malaika Arora relationship Salman Khan fuming, Salman Khan