വിവാഹപാർട്ടിക്കിടെ മനോഹരമായി നൃത്തം ചെയ്യുന്ന ബോളിവുഡ് നടി ഐശ്വര്യ റായിയുടെയും മകൾ ആരാധ്യയുടെയും വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഐശ്വര്യയുടെ അടുത്ത ബന്ധുവായ ശ്ലോക ഷെട്ടിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങിലാണ് അമ്മയും മകളും തകർപ്പൻ നൃത്തവുമായി വേദി കയ്യടക്കിയത്. കൂടെ അഭിഷേക് ബച്ചനും ചുവട് വച്ചു.

അമ്മയുടെ നൃത്തച്ചുവടുകൾ നോക്കി അതേപോലെ പകർത്തിയാണ് ആരാധ്യ ചുവട് വച്ചത്. മകളുടെ ഡാൻസ് കണ്ട ഐശ്വര്യ സന്തോഷത്താൽ ആരാധ്യയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം.

മകളെ അമിതമായി ശ്രദ്ധിക്കുന്നുവെന്ന പേരിൽ ഏറെ പഴി കേട്ടിട്ടുള്ള അമ്മയാണ് ഐശ്വര്യ. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോഴോ പൊതുവിടങ്ങളിൽ ചെല്ലുമ്പോഴോ മകളുടെ കൈകളിൽ മുറുകെപ്പിടിക്കാറുണ്ട് ഐശ്വര്യ. ഇത് തന്നെയാണ് പലപ്പോഴും വിമർശനത്തിനിടയാക്കുന്നതും. ഈയിടെയും അത്തരത്തിലൊരു സംഭവം നടന്നിരുന്നു.

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവന്റെ ചിത്രീകരണത്തിനായി ചെന്നൈയിലായിരുന്ന ഐശ്വര്യയും കുടുംബവും മുംബൈയിൽ തിരിച്ചെത്തിയപ്പോൾ വിമാനത്താവളത്തിൽ നിന്നും പകർത്തിയ വീഡിയോ വൈറലായതിന് പിന്നാലെയാണ് വിമർശനമുയർന്നത്.

ആരാധ്യയുടെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ടാണ് ഐശ്വര്യ വിമാനത്താവളത്തിൽ നിന്നും പുറത്തേക്കിറങ്ങിയത്. ഏത് പ്രായത്തിലാണ് മകളുടെ കൈവിടാൻ ഐശ്വര്യ തയ്യാറാവുക എന്നതാണ് തങ്ങളെ അത്ഭുതപ്പെടുത്തുന്നത് എന്നാണ് ആരാധകർ ചോ​ദിക്കുന്നത്. ഇതിലും നല്ലത് മകളെ ഒക്കത്തിരുത്തുന്നതാണെന്നും പലരും കമന്റ് ചെയ്യുന്നു. പത്ത് വയസായ കുഞ്ഞിന് ഇനിയെങ്കിലും അൽപം സ്വാതന്തൃം അനുവ​ദിക്കൂ എന്നും കമന്റുകൾ ഉയർന്നു.

2011 ലാണ് ആരാധ്യ ജനിക്കുന്നത്. തന്നെക്കുറിച്ച് പ്രചരിക്കുന്ന ട്രോളുകൾക്കൊന്നും ചെവി കൊടുക്കാത്ത ഐശ്വര്യ പക്ഷെ ഒരിക്കൽ ഇത്തരം ട്രോളുകളിൽ തനിക്കുള്ള അമർഷം രേഖപ്പെടുത്തുകയുണ്ടായി. നെഗറ്റീവ് ട്രോളുകളെ എപ്പോഴും അവഗണിക്കുന്ന ഐശ്വര്യ ഒരിക്കൽ ക്ഷമനശിച്ച് പറഞ്ഞതിങ്ങനെയായിരുന്നു :- '' നിങ്ങൾ എന്തും പറയൂ, അവൾ എന്റെ മകളാണ്. ഞാൻ അവളെ സ്‌നേഹിക്കും, ഞാൻ അവളെ സംരക്ഷിക്കും, ഞാൻ അവളെ കെട്ടിപ്പിടിക്കും, അവൾ എന്റെ മകളാണ്, എന്റെ ജീവിതവും''.

Content Highlights : Aradhya Dancve with Aishwarya and Abhishek Viral Video