തെന്നിന്ത്യന്‍ താരങ്ങളായ അനുഷ്‌ക ഷെട്ടിയും പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയിട്ടു നാളുകളേറെയായി.
ഇരുവരും ഒന്നിച്ച സൂപ്പര്‍ ഹിറ്റ് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി സീരിസിന് ശേഷം ആരാധകര്‍ ഇവര്‍ തന്നെ പങ്കാളികള്‍ എന്ന് ഉറപ്പിക്കുകയും ചെയ്തു. അതിനിടെ പ്രഭാസിന് വിവാഹാലോചനകള്‍ നടക്കുന്നതായും വാര്‍ത്തകള്‍ പരന്നു.
പ്രണയത്തിലും വിവാഹത്തിലും താരങ്ങളുടെ ഭാഗത്ത് നിന്നും സ്ഥിരീകരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും അനുഷ്‌ക ഉടന്‍ തന്നെ വിവാഹിതയാകുമെന്നാണ് സൂചന. താരത്തിന്റെ മാതാപിതാക്കള്‍ വരനെ നോക്കി തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ വിവാഹം നടത്താനാണ് അനുഷ്‌കയുടെ മാതാപിതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.
വിവാഹം ഈ വര്‍ഷം തന്നെ നടക്കുന്നതിനും അനുയോജ്യനായ വരനെ ലഭിക്കുന്നതിനും വേണ്ടി അനുഷ്‌കയയുടെ മാതാപിതാക്കള്‍ പ്രത്യേക പൂജകള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കുടുംബാംഗങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹിതയാകില്ലെന്നും ഉചിതമായ സമയത്ത് കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുമെന്നും അനുഷ്‌ക മുമ്പ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. തനിക്ക് ഇരുപത് വയസായത് മുതല്‍ താന്‍ വിവാഹിതയായി കാണാന്‍ വീട്ടുകാര്‍ ആഗ്രഹിക്കുന്നുണ്ടെന്നും തന്റെ താല്പര്യങ്ങള്‍ക്ക് വില കൊടുക്കുന്നവരായതിനാല്‍ ഇപ്പോള്‍ ഉചിതമായ തീരുമാനമെടുക്കാന്‍ കാത്തിരിക്കുകയാണ് അവര്‍ എന്നും താരം പറഞ്ഞിരുന്നു.
അതേസമയം അനുഷ്‌കയും താനും തമ്മില്‍ ഏറെ നാളായി സൗഹൃദമുണ്ടെന്നും അതല്ലാതെ മറ്റൊന്നും തങ്ങള്‍ക്കിടയില്‍ ഇല്ലെന്നും പ്രഭാസും മുമ്പൊരിക്കല്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രഭാസിന്റെ വിവാഹവും ഈ വര്‍ഷം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചതായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ സിനിമയിലെ ഈ ഭാഗ്യ ജോഡികള്‍ ജീവിതത്തിലും ഒന്നിക്കുമോ എന്ന് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍
Content Highlights : Anushka’s parents perform rituals to find groom anushka shetty wedding anushka prabhas