കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ പ്രിയ നടൻ ദുൽഖർ തന്റെ ജന്മദിനം ആഘോഷിച്ചത്. ഇപ്പോൾ ദുൽഖറുമായുള്ള ആത്മബന്ധം വെളിപ്പെടുത്തുന്ന ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ അനൂപ് സത്യൻ.അനൂപ് ആദ്യമായി സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ ദുൽഖർ അവതരിപ്പിച്ചിരുന്നു.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് ഇരുവരും തമ്മിലുണ്ടായ വഴക്കുകളെക്കുറിച്ചാണ് അനൂപിന്റെ കുറിപ്പ്. തന്റെ ഇരട്ട സഹോദരൻ അഖിലുമായി ഉണ്ടാകാറുള്ള വഴക്കുകൾ പോലെ പിന്നീട് വഴക്കിട്ടിട്ടുള്ളത് ദുൽഖറിനോടാണെന്ന് അനൂപ് കുറിക്കുന്നു.

"എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴക്കിനെക്കുറിച്ചാണ് ഈ കുറിപ്പ്. 2007ലായിരുന്നു അത്. ഞാനും എന്റെ ഇരട്ട സഹോദരനും തമ്മിൽ പൊരിഞ്ഞ അടിയായി. കയ്യാങ്കളി, ചീത്തവിളി എന്നിവയ്ക്ക് പുറമേ പ്ലാസ്റ്ററിക് കസേര വച്ച് പരസ്പരം എറിയൽ വരെയുണ്ടായിരുന്നു.നഴ്സറി മുതൽ എം.എസ്.സി വരെ ഒരേ ക്ലാസിൽ പഠിച്ച്, വർഷങ്ങളായി ഒരുമിച്ചു നടന്ന് ഞങ്ങൾ ശരിക്കും പരസ്പരം മടുത്തിരുന്നു. ആ ദിവസമായിരുന്നു അതിന്റെ പരിധി.

ഞങ്ങൾ തമ്മിലുള്ള ഈ വഴക്ക് കാണാൻ നല്ല രസമായതുകൊണ്ടാണോ എന്നറിയില്ല, ഞങ്ങളുടെ ഹൗസ് ഓണർ അദ്ദേഹത്തിന്റെ അതിഥികളുമായെത്തിയിരുന്നു. മുഴുവൻ വഴക്കും കണ്ട ശേഷം അദ്ദേഹം അതിഥികൾക്ക് ഞങ്ങളെ പരിചയപ്പെടുത്തി.."ഞാൻ പറഞ്ഞില്ലേ ആ പ്രശസ്തനായ സംവിധായകന്റെ ഇരട്ടക്കുട്ടികളെ പറ്റി. ഇവരാണ് അവർ"അതോടെ കയ്യാങ്കളി ഞാൻ ഉപേക്ഷിച്ചു. പിന്നെ എല്ലാം ഇമോഷണൽ വഴക്കുകളായിരുന്നു. ഒരു രക്ഷയുമില്ലാത്ത അവസ്ഥയിലൊഴിച്ച്, അത്തരം വഴക്കുകളും ഞാൻ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുമായിരുന്നു

ഈ വർഷം അത്തരത്തിൽ ഇമോഷണൽ വഴക്ക് നടന്നത് ദുൽഖറിന്റെ അടുത്താണ്. ആദ്യമായി ഞാൻ സംവിധായകനായും ദുൽഖർ നിർമാതാവായും എത്തിയ ഞങ്ങളുടെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്ന സമയത്ത്. ഞങ്ങൾ തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വലിയ വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്. പരസ്പരം എന്തൊക്കെയോ വിളിച്ചു പറഞ്ഞിട്ടുണ്ട്. എന്നാലും, ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ആയതിനാൽ സിനിമയിലെ ഏറ്റവും നല്ല വ്യക്തികളിൽ ഒരാളായി ഞാൻ ആൾക്കു വോട്ടു ചെയ്യും.അല്ല അദ്ദേഹം സത്യത്തിൽ അങ്ങനെ തന്നെയാണ്. സത്യം പറഞ്ഞാൽ, ദുൽഖർ ശരിക്കും അങ്ങനെ തന്നെയാണ്.

ഞാനെന്നും നിങ്ങളോട് ആത്മാർഥമായി കടപ്പെട്ടിരിക്കുന്നു ദുൽഖർ... എന്റെ ആദ്യ ചിത്രം നിർമിച്ചതിന്, ഷൂട്ടിന്റെ ഓരോ കാര്യങ്ങളും നിയന്ത്രിക്കുന്നതിന് എനിക്കൊപ്പം നിന്നതിന്,അതെല്ലാം വളരെയേറെ പ്രാധാന്യമുള്ള കാര്യങ്ങളായിരുന്നു. നടനേക്കാളും നിർമാതാവിനെക്കാളും ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് നിങ്ങളോടെന്നും ആരാധനയാണ്". അനൂപ് കുറിക്കുന്നു.

Content Highlights : Anoop Sathyan About Dulquer salmaan Birthday Wishes Varane Avashyamund Movie