നടൻ റാണ ദഗുബാട്ടിക്കും ഭാര്യ മിഹീകയ്ക്കും വിവാഹമംഗളാശംസകൾ നേർന്ന് അമൂൽ. നവദമ്പതിമാരുടെ രസകരമായ കാർട്ടൂൺ പങ്കുവച്ചാണ് അമൂൽ ആശംസ നേർന്നിരിക്കുന്നത്.
‘ ദഗ്ഗുബട്ടർലി വെഡ്ഡിംഗ്’ എന്ന് ക്യാപ്ഷൻ നൽകിയിരിക്കുന്ന കാർട്ടൂണിൽ റാണായും മിഹീഖയും പരസ്പരം ബ്രെഡും ബട്ടറും കൈമാറുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. രസകരമായ ആശംസയ്ക്ക് റാണ അമൂലിന് നന്ദിയും പറഞ്ഞിട്ടുണ്ട്.
ഇക്കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് റാണയും മിഹീകയും വിവാഹിതരായത്. ഹൈദരാബാദിൽ വച്ചായിരുന്നു റാണ- മിഹീക വിവാഹചടങ്ങുകൾ നടന്നത്.
മുപ്പതിൽ താഴെ അതിഥികൾ മാത്രമാണ് ചടങ്ങുകളിൽ സംബന്ധിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. എല്ലാ അതിഥികൾക്കും കോവിഡ് ടെസ്റ്റും നടത്തിയിരുന്നു.
റാണയുടെ അടുത്ത ബന്ധുക്കളായ നടി സാമന്ത അകിനേനി, ഭർത്താവും നടനുമായ നാഗ ചെെതന്യ, നടൻ രാം ചരൺ, ഭാര്യ ഉപാസന എന്നിവരും വിവാഹത്തിൽ പങ്കെടുത്തു.
തെലുങ്കു നിർമാതാവ് സുരേഷ് ദഗ്ഗുബാട്ടിയുടെ മകനായ റാണ 2010 ലാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഡിപ്പാർട്ട്മെന്റ്, ബാഹുബലി, ഗാസി അറ്റാക്ക് തുടങ്ങി മുപ്പതോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ബിസിനസുകാരനായ സുരേഷ് ബജാജിന്റെയും ബണ്ടി ബജാജിന്റെയും മകളാണ് മിഹീക.
Content Highlights : Amul Wishes Rana And Miheeka On their wedding Viral Cartoon Celebrity Wedding