മിതാബ് ബച്ചനെ അറിയാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍, ഇങ്ക്വിലാബ് ശ്രീവാസ്തവയെക്കുറിച്ച് ഏറെപ്പേര്‍ക്കൊന്നും അറിവുണ്ടാവാന്‍ തരമില്ല. രണ്ടും ഒരാള്‍ തന്നെയെന്ന് പറഞ്ഞാല്‍ സംശയിക്കാത്തവരും ചുരുങ്ങും.

ഇന്നത്തെ ബിഗ് ബിയ്ക്ക് പണ്ട് ഇങ്ക്വിലാബ് ശ്രീവാസ്തവ എന്നു പേരിട്ടതിന് പിന്നില്‍ ഒരു കഥയുണ്ട്. ഇതേ ഇങ്ക്വിലാബ് പിന്നീട് അമിതാഭ് ബച്ചനായതിന് പിന്നിലുമുണ്ടൊരു കഥ.

കോന്‍ ബനേഗ ക്രോര്‍പതിയില്‍ ബച്ചന്‍ തന്നെയാണ് രസകരമായ തന്റെ പേരിന്റെ കഥകള്‍ വിവരിച്ചത്. എണ്‍പതിനായിരം രൂപ വരെ നേടി ഒരൊറ്റ ചോദ്യത്തിന് രണ്ട് ലൈഫ്‌ലൈനും കളഞ്ഞുകുളിച്ച ശൈലേഷ് ബന്‍സാലുമായുള്ള മത്സരത്തിനിടെയാണ് ബച്ചന്‍ ഈ കഥകള്‍ തുറന്നുപറഞ്ഞത്.

''ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം നടന്ന 1942ലായിരുന്നു എന്റെ ജനനം. പ്രക്ഷോഭം കൊടുമ്പിരികൊള്ളുമ്പോള്‍ എട്ട് മാസം ഗര്‍ഭിണിയായിരുന്നു അമ്മ തേജി ബച്ചന്‍. അക്കാലത്ത് നാട്ടില്‍ ഒരുപാട് റാലികളെല്ലാം നടക്കും. ഒരു ദിവസം അമ്മ തേജിയും ഒരു റാലിയില്‍ പങ്കെടുത്തു. എന്നാല്‍, ഇക്കാര്യം വീട്ടില്‍ ആരും അറിഞ്ഞിരുന്നില്ല. അമ്മയെ കാണാതായതോടെ വീട്ടുകാര്‍ ആകെ പരിഭ്രാന്തരായി. ഒടുവില്‍ ഒരു റാലിയില്‍ വച്ചാണ് അവര്‍ക്ക് അമ്മയെ കണ്ടുകിട്ടിയത്. ഉടനെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തു. അമ്മ വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ ഹരിവംശ്‌റായി ബച്ചന്റെ ഒരു സുഹൃത്തും അവിടെ എത്തിയിരുന്നു. അമ്മയുടെ ദേശഭക്തിയെ കളിയാക്കിയ അദ്ദേഹമാണ് ജനിക്കാന്‍  പോകുന്ന മകന് ഇങ്ക്വിലാബ് എന്ന് പേരിടണമെന്ന് കളിയായി പറഞ്ഞത്.''

സുഹൃത്തിന്റെ ഉപദേശം കവി കൂടിയായ ഹരിവംശ്‌റായി ബച്ചന്‍ തള്ളിക്കളഞ്ഞില്ല. ഒക്‌ടോബര്‍ 11ന് ജനിച്ച മകന് ഹരിവംശ് റായി ഇങ്ക്വിലാബ് ശ്രീവാസ്തവ എന്നു തന്നെ പേരിട്ടു.

''ഞാന്‍ ജനിച്ച ദിവസം അച്ഛന്റെ അടുത്ത സുഹൃത്തും കവിയുമായ സുമിത്ര നന്ദന്‍ പന്ത് വീട്ടില്‍ വന്നു. അദ്ദേഹമാണ് കെടാത്ത നാളം എന്ന് അര്‍ഥം വരുന്ന അമിതാഭ് എന്ന പേര് നിര്‍ദേശിച്ചത്. അച്ഛന്‍ അദ്ദേഹത്തിന്റെ തൂലികാനാമമായ ബച്ചന്‍ എന്ന പേരുകൂടി ചേര്‍ത്ത്  ഇങ്ക്വിലാബ് ശ്രീവാസ്തവ എന്ന എന്നെ അമിതാഭ് ബച്ചനാക്കി''-ബച്ചന്‍ കഥ പറഞ്ഞുനിര്‍ത്തി.

ബച്ചന്റെ രസകരമായ കഥ കേട്ട് കളി തുടര്‍ന്ന ശൈലേഷ് ശ്രീവാസ്തവ പിന്നീട് 6,40000 രൂപ സ്വന്തമാക്കിയാണ് കെ.ബി.സി വിട്ടത്.

Content Highlights: Amitabh Bachchan, KBC, Bollywood, Actor