കൊച്ചുമകൾ നവ്യയുടെ ബിരുദദാന ചടങ്ങ് വീട്ടിൽ ആഘോഷിച്ച് ബച്ചനും കടുംബവും. ബച്ചന്റെ മകൾ ശ്വേത ബച്ചന്റെയും നിഖിൽ നന്ദയുടെയും മകളാണ് നവ്യ നവേലി നന്ദ.

ന്യൂയോർക്കിലെ കോളേജിൽ നിന്ന് ബിരുദം നേടിയ നവ്യ കോളേജിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ഇരിക്കേയാണ് കൊറോണ വൈറസ് ലോകത്തെ വിറപ്പിക്കാനെത്തിയത്. ഇതിനെത്തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നവ്യയ്ക്ക് ചടങ്ങിൽ പങ്കെടുക്കാൻ പോകാനും സാധിച്ചില്ല. 

ഇപ്പോഴിതാ നവ്യയുടെ ആ​ഗ്രഹം പൂർത്തീകരിച്ചിരിക്കുകയാണ് ബച്ചൻ കുടുംബം.  “എന്റെ കൊച്ചുമകൾ നവ്യ. ബിരുദദാന ​ദിനം, ന്യൂയോർക്കിലെ കോളേജിൽ നിന്നും ബിരുദം നേടിയിരിക്കുന്നു. ബിരുദദാന ചടങ്ങും യാത്രയും കൊറോണ കാരണം നഷ്ടപ്പെട്ടു. പക്ഷേ അവൾ ഗൗണും തൊപ്പിയും അണിയാൻ ആഗ്രഹിച്ചു, സ്റ്റാഫ് അവൾക്കായി ഗൗണും തൊപ്പിയും തുന്നി, ഗ്രാജുവേഷൻ ദിനം വീട്ടിൽ ആഘോഷിച്ചു. എത്ര പോസിറ്റീവ് ആയ മനോഭാവം,” നവ്യയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ബച്ചൻ കുറിച്ചു.

ശ്വേത ബച്ചനും മകളുടെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

“നവ്യ ഇന്ന് കോളേജ് പഠനം പൂർത്തിയാക്കി. നവ്യയ്ക്കും ഈ വർഷം ബിരുദം നേടിയ ഏതൊരാൾക്കും ഈ ചടങ്ങ് ഒരു നഷ്ടമാകും. അതിനാൽ ആ ചടങ്ങ് വീട്ടിൽ പുനരാവിഷ്കരിക്കാം എന്നു ഞങ്ങൾ തീരുമാനിച്ചു. ഒരു ചാർട്ട് പേപ്പർ തൊപ്പിയും കറുത്ത ഗൗണും ഞങ്ങൾ തുന്നിപ്പിച്ചെടുത്തു. അഭിനന്ദനങ്ങൾ കുഞ്ഞേ, നിന്നെ കുറിച്ച് ഞാനഭിമാനിക്കുന്നു. സധൈര്യം മുന്നോട്ട് യാത്ര തുടരുക, ലോകം കീഴടക്കുക.”ഞാനല്ല നീയാണ് കരയുന്നത്... ശ്വേത കുറിച്ചു.

Content Highlights : Amitabh Bachchan And Family celebrates granddaughter Navya's Graduation Day at home