ല്‍ഫോണ്‍സ് പുത്രന്‍ ആദ്യമായി നിര്‍മിക്കുന്ന തൊബാമ തിയേറ്ററിലെത്തുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി അല്‍ഫോണ്‍സ് പുത്രന്‍ ഫെയ്‌സ്ബുക്കില്‍ രസകരമായ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഒരു നിര്‍മാതാവിന്റെ ആശങ്കകളൊന്നുമില്ലാതെ വലിയ ആഡംബരങ്ങളൊന്നുമില്ലാതെയാണ് അല്‍ഫോണ്‍സ് തൊബാമയെക്കുറിച്ച് പറയുന്നത്. ഏപ്രില്‍ 27 നാണ് ചിത്രം പുറത്തിറങ്ങുന്നത്. ഹോളിവുഡ് സിനിമയായ അവഞ്ചേഴ്‌സ് ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ വളരെ രസകരമായാണ് അല്‍ഫോണ്‍സ് തൊബാമയെക്കുറിച്ച് എഴുതിയിരിക്കുന്നത്. 

'നാളെ അവഞ്ചേഴ്‌സ് എന്ന സിനിമയും ഇറങ്ങുന്നുണ്ട്. അതില്‍ അഭിനയിക്കുന്ന റോബര്‍ട്ട് റോവ്‌നി ജൂനിയര്‍ വാങ്ങുന്ന പ്രതിഫലത്തിന്റെ എന്‍പതില്‍ ഒന്ന് മാത്രമാണ് ഞങ്ങളുടെ സിനിമയുടെ ടോട്ടല്‍ ബഡ്ജറ്റ്. തൊബാമയില്‍ സൂപ്പര്‍ ഹീറോസ്  ഇല്ല... പക്ഷെ സാധാരണ ഹീറോസ് ഉണ്ട്... നല്ല ചങ്കോറപ്പൊള്ള നടന്മാരുണ്ട്.  കഥാപാത്രങ്ങള്‍ക്കു വേണ്ടി നല്ലോണം പണിയെടുത്ത ഒരുപാട് ആള്‍ക്കാര് ഈ സിനിമയില്‍ ഉണ്ട്. പിന്നെ പുതുമ... അത് പ്രതീക്ഷിക്കരുത്- അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന അരവിന്ദന്റെ അതിഥികളും നാളെ റിലീസ് ചെയ്യുകയാണ്. അല്‍ഫോണ്‍സിന്റെ കുറിപ്പ് കണ്ട വിനീത് ഇങ്ങനെക്കുറിച്ചു. നിന്റെ പടം ഞാന്‍ കാണാം, എന്റെ പടം നീയും കാണണേ. ഇതിനു താഴെ ഇരുവരുടെയും ആരാധകര്‍ രണ്ട് ചിത്രങ്ങളും കാണുമെന്ന് ഉറപ്പും നല്‍കിയിട്ടുണ്ട്. 

നവാഗതനായ മോഹ്‌സിന്‍ കാസിം ആണ് തൊബാമ ഒരുക്കുന്നത്. ഷിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. രാജേഷ് മുരുഗേശനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നു.