തെലുങ്കിലെ സൂപ്പർ താരം അല്ലു അർജുന്റെ മകൾ അർഹയുടെ നാലാം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലാവുന്നു. സ്റ്റൈലിഷ് സ്റ്റാറായ അച്ഛനെ കടത്തി വെട്ടുന്ന സ്റ്റൈലിഷ് ചിത്രങ്ങളാണ് അർഹയുടേത്.
ഇതുകൂടാതെ മറ്റൊരു സർപ്രൈസ് കൂടി താരം മകൾക്കും ആരാധകർക്കുമായി ഒരുക്കിയിരുന്നു.
മണിരത്നം സംവിധാനം ചെയ്ത എവർഗ്രീൻ ചിത്രമായ അഞ്ജലി എന്ന ചിത്രത്തിലെ 'അഞ്ജലി അഞ്ജലി..' എന്ന ഗാനം മകളെ വച്ച് പുനരാവിഷ്കരിച്ചിരിക്കുകയാണ് താരം. ബേബി ശ്യാമിലി തകർത്തഭിനയിച്ച ഗാനത്തിന്റെ റീമേയ്ക്കിലെ പ്രകടനത്തിന് കയ്യടി നേടുകയാണ് കുഞ്ഞ് അർഹയും.
അച്ഛന്റെ പാത പിന്തുടർന്ന് സിനിമയുടെ വഴിയേ ആവും അർഹയുടേയും യാത്രയെന്ന് ആരാധകർ പറയുന്നു. ഗാനരംഗത്തിൽ അർഹയ്ക്കൊപ്പം അല്ലു അർജുനും മകൻ അയാനും വേഷമിടുന്നുണ്ട്,
യൂണികോൺ- തീമിലായിരുന്നു അർഹയുടെ ജന്മദിനാഘോഷങ്ങൾ. കുതിര സവാരി എന്ന മകളുടെ സ്വപ്നവും ഈ ജന്മദിനത്തിൽ താരം സാധിപ്പിച്ച് കൊടുത്തിരുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ആഘോഷങ്ങളുടെ ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്.
Content Highlights : Allu Arjun Shares pictures and videos from daughters birthday party Allu Arha's Anjali Anjali Video Song