ബോളിവുഡിന് ഏറെ പ്രിയപ്പെട്ട താരജോ‍ഡികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഇപ്പോൾ‌ രൺ‌ബീറിന്റെ ജന്മദിനത്തിൽ ആലിയ പങ്കുവച്ച ഒരു കുറിപ്പാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. എന്റെ ജീവിതത്തിന് ജന്മദിനാശംസകൾ എന്നാണ് രൺബീറിനൊപ്പം ചേർന്നിരിക്കുന്ന ചിത്രം പങ്കുവച്ച് ആലിയ കുറിച്ചത്. 

39ാം ജന്മദിനം ആലിയയ്ക്കൊപ്പം രാജസ്ഥാനിൽ ആഘോഷിക്കുകയാണ് രൺബീർ. ഇക്കഴിഞ്ഞ ദിവസമാണ് അവധിയാഘോഷിക്കാൻ താരജോഡികൾ ജോധ്പൂരിൽ എത്തിയത്. 

ഇരുവരും ജോധ്പൂർ വിമാനത്താവളത്തിൽ നിന്നും പുറത്ത് വരുന്ന ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായി മാറിയിരുന്നു. 

2019ലാണ് ആലിയയും രൺബീറും തങ്ങളുടെ പ്രണയം ആരാധകരോട് തുറന്ന് പറയുന്നത്. 2018 മുതൽ ഇരുവരും പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹം സംബന്ധിച്ചും പല അഭ്യൂഹങ്ങളും നിരവധി തവണ പ്രചരിച്ചിരുന്നു. ആലിയയും രൺബീറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ റിലീസിന് ശേഷമായിരിക്കും വിവാഹമെന്ന് വാർത്തകളും പ്രചരിച്ചിരുന്നു.

പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും രൺബീർ പ്രതികരിച്ച് ഇതായിരുന്നു. 'ഇത് തീർത്തും പുതിയ അനുഭവമാണ്. എനിക്കിതിനെക്കുറിച്ച് അമിതമായി സംസാരിക്കാൻ താൽപര്യമില്ല, അതിന് അതിന്റേതായ സമയവും ഇടവും ആവശ്യമാണ്. ഒരു അഭിനേത്രി എന്ന നിലയിലും വ്യക്തി എന്ന നിലയിലും ആലിയ ഇപ്പോൾ ഒഴുകി നടക്കുകയാണ്. അവളുടെ പരിശ്രമം കാണുമ്പോൾ, അഭിനയം കാണുമ്പോൾ ജീവിതത്തിൽ പോലും ഞാൻ എന്താണോ സ്വപ്നം കാണുന്നത് അതാണ് അവൾ എനിക്ക് നൽകുന്നത്. പ്രണയത്തിലാവുക എന്നത് വളരെ ആകാംക്ഷയുണർത്തുന്ന കാര്യമാണ്. പുതിയ കൗതുകങ്ങൾ, പുതിയ വ്യക്തി, പുതിയ താളം...പഴയതെല്ലാം പുതിയതായി മാറുന്നു, അതായത് എല്ലാം മനോഹരവും പ്രണയാതുരവും ആകുന്നു. ഇപ്പോഴെനിക്ക് കൂടുതൽ സമചിത്തത കൈവന്നതായി തോന്നുന്നു. ബന്ധങ്ങൾക്ക് കൂടുതൽ മൂല്യം കൽപ്പിക്കുന്നു.  മറ്റൊരാളുടെ വേദനയെ മുമ്പത്തേക്കാൾ കൂടുതൽ മനസിലാക്കാൻ എനിക്കിപ്പോൾ കഴിയുന്നുണ്ട്.' രൺബീർ വ്യക്തമാക്കി.


content highlights :  Alia Bhatt's Post For Ranbir Kapoor on his birthday went viral