ബോളിവുഡ് നടി ആലിയ ഭട്ടിന് നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ ഗുരുതുല്യനാണ്. തന്നെ സിനിമയിലേക്ക് കൈ പിടിച്ച് കൊണ്ടുവന്ന കരണിനെ പിതൃസ്ഥാനത്താണ് താന്‍ കാണുന്നതെന്ന് ആലിയ പലവട്ടം അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
ഇന്നിപ്പോള്‍ ഫിലിംഫെയര്‍ പുരസ്‌കാര വേദിയില്‍ ആലിയ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും കരണിനും കൂടി അവകാശപ്പെടാവുന്നതാണ്. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം തനിക്ക് ഇന്നുള്ള ഈ ജീവിതം തന്നതിന് ആലിയ നന്ദി പറഞ്ഞതും കരണ്‍ ജോഹറിനോടാണ്.
ഈയിടെ കരണ്‍ ജോഹര്‍ പങ്കെടുത്ത ഒരു അഭിമുഖത്തില്‍ വീഡിയോ കോളിലൂടെ ആലിയ നല്‍കിയ ഒരു സന്ദേശമാണ് ഇപ്പോള്‍ വൈറലാകുന്നത്. അഭിമുഖത്തിനിടയ്ക്ക് കരണിന് വന്ന ആലിയയുടെ വീഡിയോ സന്ദേശത്തില്‍ കരണിന്റെ കളങ്കമില്ലാത്ത സ്വഭാവത്തെക്കുറിച്ചും സ്‌നേഹത്തെകുറിച്ചുമെല്ലാം വാചാലയായി. തുടര്‍ന്ന് ആലിയ കരണിനോട് ഒരു ചോദ്യവും ചോദിച്ചു.
'ജോഹര്‍ കുടുംബത്തില്‍ കറരണിന് ഇപ്പോള്‍ യാഷും റൂഹിയും ഉള്ളത് കൊണ്ട് എനിക്കൊരു കാര്യമേ ചോദിക്കാനുള്ളൂ..കരണ്‍ ഞാന്‍ നിങ്ങളുടെ മകളാണെന്നുള്ള കാര്യം നിങ്ങള്‍ മറന്നോ?' ഇതിന് കരണ്‍ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു 'തീര്‍ച്ചയായും അവള്‍ എന്റെ മകളാണ് എനിക്കെങ്ങനെ എന്റെ ആദ്യ കുഞ്ഞിനെ മറക്കാനാകും'.
2012-ല്‍ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന കരണ്‍ ജോഹര്‍ ചിത്രത്തിലൂടെയാണ് ആലിയ സിനിമാലോകത്തെത്തുന്നത്.
Content Highlights : Alia Bhatt Film fare Best Actress Alia And Karan Johar