സിനിമയില്‍ മുഖം കാണിക്കുന്നതിന് മുന്‍പ് തന്നെ ആക്ഷന്‍ ഹീറോയായിരുന്നു അക്ഷയ് കുമാര്‍. വളര്‍ന്നു വലുതായി വലിയ സൂപ്പര്‍നായകനായെങ്കിലും അക്ഷയിന്റെ ഉള്ളിലെ ആ പഴയ ആക്ഷന്‍ താരം തളര്‍ന്നിരുന്നില്ല. മനീഷ് പോളിന്റെ പുതിയ റിയാലിറ്റി ഷോ മൂവി മസ്തിയുടെ സെറ്റില്‍ കഴിഞ്ഞ ദിവസം കണ്ടത് അതാണ്. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വന്‍ വൈറലാണ് സാമൂഹിക മാധ്യമങ്ങളില്‍.

അലി അസ്ഗറും ക്രൂവിലെ ഒരു അംഗവുമായിരുന്നു ഷോയിൽ. ഒരു കയറില്‍ കെട്ടി ഇരുവരും വെള്ളം നിറച്ച ഒരു ഗ്ലാസ് ടാങ്കില്‍ നിന്ന് ഉയര്‍ന്നു വരുന്നതാണ് രംഗം. പെട്ടന്ന് അലിക്കൊപ്പമുണ്ടായിരുന്ന ആള്‍ ബോധരഹിതനായി. ഇത് ശ്രദ്ധയില്‍പ്പെട്ട അലി ഉടനെ കാലുകൊണ്ട് ഒപ്പമുണ്ടായിരുന്ന ആളെ നിലത്തുവീഴാതെ താങ്ങിനിര്‍ത്താന്‍ ശ്രമിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ക്രൂവിലെ മറ്റംഗങ്ങള്‍ ഓടിയെത്തുകയായിരുന്നു. ഇവര്‍ക്കൊപ്പം അക്ഷയ്കുമാറും ഉണ്ടായിരുന്നു. എത്തിയ ഉടനെ വെറുതെ നോക്കിനില്‍ക്കുകയല്ല, ചാടി ടാങ്ക് സ്ഥാപിച്ച ഉയര്‍ന്ന തറയിലേയ്ക്ക് കയറി ബോധരഹിതനായ ആളുടെ തല താങ്ങിപ്പിടിച്ച് അയാളെ മടിയില്‍ കിടത്തുകയും പിന്നീട് താഴെയിറക്കുകയായിരുന്നു. എന്നിട്ട് സിനിമാ സ്‌റ്റൈലില്‍ തന്നെ ചാടിയിറങ്ങി ബോധരഹിതനായ ആൾക്ക് പ്രാഥമിക ചികത്സ നൽകാൻ സഹായിക്കുകയും ഒപ്പമുണ്ടായിരുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങൾ കൊടുക്കുകയും ചെയ്തു.

വലിയ കൈയടിയാണ് അക്ഷയ്ക്ക് സിനിമയ്ക്ക് പുറത്തെ ഈ ഹീറോയിസം നേടിക്കൊടുത്തിരിക്കുന്നത്.

സിനിമയില്‍ സ്വന്തമായി ആക്ഷന്‍ ചെയ്യാറുണ്ടായിരുന്ന അക്ഷയ് 2008ല്‍ ഖത്രോണ്‍ കി കിലാഡി എന്നൊരു റിയാലിറ്റി ഷോയും സംഘടിപ്പിച്ചിരുന്നു.

Content Highlights: Akshay Kumar, Reality Show, Bollywood, Viral Video