രാധകരുടെ ആവേശമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ അഭിനയമികവ് മാത്രമല്ല അതിന് കാരണം അത്രമേല്‍ ആരാധകരെ ചേര്‍ത്തുനിര്‍ത്തുന്ന താരം കൂടിയാണ് മോഹന്‍ലാല്‍. എത്ര തിരക്കാണെങ്കിലും തന്നെ കാണാന്‍ കാത്തുനില്‍ക്കുന്ന ആരാധകരെ ഒരിക്കലും നിരാശരാക്കാറില്ല അദ്ദേഹം. ഇപ്പോഴിതാ ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ തന്നെ കാണാന്‍ കാത്തുനിന്ന എല്ലാ  ആരാധകര്‍ക്കുമൊപ്പവും ഒരു മടിയും കൂടാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരത്തിന്റെ വീഡിയോ ആണ് വൈറല്‍ ആകുന്നത്. അജു വര്‍ഗീസാണ് പുതിയ ചിത്രമായ ഇട്ടിമാണിയുടെ ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഏകദേശം 350ലധികം ആരാധകര്‍ ലൊക്കേഷനില്‍ വന്നിട്ടും, അവരെയാരേയും നിരാശരാക്കാതെ മോഹന്‍ലാല്‍ അവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇത്രയും തിരക്കുകള്‍ക്കിടയിലും ഒട്ടും മുഷിപ്പ് കാണിക്കാതെ ആരാധകരെ സന്തോഷിപ്പിക്കാന്‍ സമയം കണ്ടെത്തുന്ന മോഹന്‍ലാല്‍ ഒരു അദ്ഭുതമാണെന്ന അടിക്കുറിപ്പോടെയാണ് അജു വര്‍ഗീസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

"കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അദ്ദേഹം ഉണരുന്നത് എണ്ണമറ്റ ഫോണ്‍ കോളുകളിലേയ്ക്കും മീറ്റിങ്ങുകളിലേയ്ക്കും ഷൂട്ടിങ് തിരക്കുകളിലേയ്ക്കുമാണ്. ഇതിനിടയിലും ആരാധകരെ കാണാന്‍ അദ്ദേഹം സമയം കണ്ടെത്തുന്നു, വളരെ ശാന്തതയോടെ, ചുണ്ടിലെ പുഞ്ചിരി മായാതെ തന്നെ കാത്തുനില്‍ക്കുന്ന ഓരോ ആരാധകര്‍ക്കുമൊപ്പം ഫോട്ടോ എടുക്കാന്‍ നിന്നു കൊടുത്ത് അവരെ സൂപ്പര്‍ ഹാപ്പി ആക്കുന്നു...ഇത് ശരിക്കും ഇന്ദ്രജാലമാണ്?!  ഞാന്‍ അദ്ദേഹത്തെ മാന്ത്രികന്‍ എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നു.  ഇത് ഞാനെടുത്ത ടൈംലാപ്‌സ് വിഡിയോ ആണ്. 35 പേര്‍ ഫോട്ടോ എടുക്കുന്നത് വരെയെ ഞാന്‍ ഷൂട്ട് ചെയ്തുള്ളൂ. ഏകദേശം 350ലധികം പേര്‍ ഉണ്ടായിരുന്നു ആകെ". അജു കുറിക്കുന്നു

അജുവിന്റെ വിഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ജീവിക്കുന്ന ഇതിസാഹം എന്നായിരുന്നു ഈ വിഡിയോയ്ക്ക് താഴെ നടി ലെന കുറിച്ചത്. ഹൈദരാബാദിലും മോഹന്‍ലാലിനെ കാണാന്‍ ഇതുപോലെ ആരാധകരുടെ നീണ്ട നിരയുണ്ടായിരുന്നുവെന്നും ലാലേട്ടന്‍ സ്‌നേഹം എന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ കുറിച്ചു. ഇത് കൊണ്ടാണ് മോഹന്‍ലാല്‍ എന്ന നടന്‍ എല്ലാവര്‍ക്കും ലാലേട്ടന്‍ ആയതെന്നാണ് ആരാധകര്‍ ചൂണ്ടികാണിക്കുന്നത്.

Content Highlights : Aju Vargheese Shares Video Of Mohanlal taking selfies with fans