സിനിമയിലും ജീവിതത്തിലും തികഞ്ഞ ലാളിത്യം പുലര്‍ത്തുന്ന അപൂര്‍വം നടന്മാരില്‍ ഒരാളാണ് തമിഴകത്തിന്റെ സ്വന്തം തല അജിത്ത്. സൂപ്പര്‍സ്റ്റാര്‍ ആയിട്ടും താര ജാഡകള്‍ ഒട്ടുമില്ലാത്ത ആരാധകരെ എന്നും ചേര്‍ത്തു നിര്‍ത്താറുള്ള അജിത്ത് നല്ലൊരു കുടുംബനാഥന്‍ കൂടിയാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്.

മക്കളുടെ സ്‌കൂള്‍ പരിപാടികള്‍ക്കും മറ്റും ആകാംക്ഷയോടെയും ആഹ്ലാദത്തോടെയും ഓടിയെത്താറുള്ള താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. അത്തരത്തില്‍ കുടുംബത്തോടൊപ്പമുള്ള അജിത്തിന്റെ മറ്റൊരു ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. 

ചെന്നൈയിലെ ബീച്ചില്‍ ശാലിനിക്കും മകന്‍ ആദ്വിക്കിനുമൊപ്പമുള്ള അജിത്തിന്റെ ചിത്രങ്ങളാണത്‌. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ വളരെ അപൂര്‍വ്വമായി മാത്രമാണ് അജിത്ത് പൊതു സ്ഥലങ്ങളില്‍ വരാറുള്ളത്.

താരത്തിന്റെ പുതിയ ഗെറ്റപ്പും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. നരച്ച മുടി കറുപ്പിച്ച്, കണ്ണട വച്ച്, താടി ഷേവ് ചെയ്ത്, കറുപ്പ് ഷര്‍ട്ടുമിട്ട് സ്റ്റൈലന്‍ ലുക്കിലാണ് അജിത്ത് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 

ബോളിവുഡ് ചിത്രമായ പിങ്കിന്റെ റീമേക്ക് നോര്‍കൊണ്ട പാര്‍വൈ ആണ് താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അജിത്തിന്റെ കരിയറിലെ അറുപതാമത്തെ ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. തല 60 എന്ന് താത്കാലിക പേര് നല്‍കിയിരിക്കുന്ന ചിത്രം എച്ച്.വിനോദ് ആണ് സംവിധാനം ചെയ്യുന്നത്. 

Content Highlights : Ajith With Wife Shalini And Son Aadhvik On vacation