ബോളിവുഡ് സ്റ്റാർ കിഡ്സിൽ ആരാധകരേറെയുള്ളയാളാണ് അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകൾ ആരാധ്യ ബച്ചൻ. എങ്കിലും സൈബർ ഇടത്തിൽ ഏറ്റവുമധികം ട്രോളുകൾ നേരിട്ട സെലിബ്രിറ്റി അമ്മയും മകളും കൂടിയാണ് ഐശ്വര്യയും ആരാധ്യയും. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോഴോ പൊതുവിടങ്ങളിൽ ചെല്ലുമ്പോഴോ മകളുടെ കൈകളിൽ മുറുകെപ്പിടിക്കാറുണ്ട് ഐശ്വര്യ. ഇത് തന്നെയാണ് പലപ്പോഴും വിമർശനത്തിനിടയാക്കുന്നതും. അത്തരത്തിലൊരു സംഭവമാണ് അടുത്തിടെ നടന്നത്. 

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവന്റെ ചിത്രീകരണത്തിനായി ചെന്നൈയിലായിരുന്ന ഐശ്വര്യയും കുടുംബവും കഴിഞ്ഞ ദിവസമാണ് മുംബൈയിൽ തിരിച്ചെത്തിയത്. വിമാനത്താവളത്തിൽ നിന്നും പകർത്തിയ ഐശ്വര്യയുടെയും മകളുടെയും അഭിഷേകിന്റെയും ചിത്രങ്ങളും വീഡിയോകളും വൈറലായതോടെയാണ് വീണ്ടും താരത്തിന് നേരെ  വിമർശനമുയർന്നത്.

ആരാധ്യയുടെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ടാണ് ഐശ്വര്യ വിമാനത്താവളത്തിൽ നിന്നും പുറത്തേക്കിറങ്ങിയത്. ഏത് പ്രായത്തിലാണ് മകളുടെ കൈവിടാൻ ഐശ്വര്യ തയ്യാറാവുക എന്നതാണ് തങ്ങളെ അത്ഭുതപ്പെടുത്തുന്നത് എന്നാണ് ആരാധകർ ചോ​ദിക്കുന്നത്. ഇതിലും നല്ലത് മകളെ ഒക്കത്തിരുത്തുന്നതാണെന്നും പലരും കമന്റ് ചെയ്യുന്നു. പത്ത് വയസായ കുഞ്ഞിന് ഇനിയെങ്കിലും അൽപം സ്വാതന്തൃം അനുവ​ദിക്കൂ എന്നും ഇവർ കമന്റ് ചെയ്യുന്നു.

Pinkvilla

2011 ലാണ് ആരാധ്യ ജനിക്കുന്നത്. തന്നെക്കുറിച്ച് പ്രചരിക്കുന്ന ട്രോളുകൾക്കൊന്നും ചെവി കൊടുക്കാത്ത ഐശ്വര്യ പക്ഷെ ഒരിക്കൽ ഇത്തരം ട്രോളുകളിൽ തനിക്കുള്ള അമർഷം രേഖപ്പെടുത്തുകയുണ്ടായി. നെഗറ്റീവ് ട്രോളുകളെ എപ്പോഴും അവഗണിക്കുന്ന ഐശ്വര്യ ഒരിക്കൽ ക്ഷമനശിച്ച് പറഞ്ഞതിങ്ങനെയായിരുന്നു :- '' നിങ്ങൾ എന്തും പറയൂ, അവൾ എന്റെ മകളാണ്. ഞാൻ അവളെ സ്‌നേഹിക്കും, ഞാൻ അവളെ സംരക്ഷിക്കും, ഞാൻ അവളെ കെട്ടിപ്പിടിക്കും, അവൾ എന്റെ മകളാണ്, എന്റെ ജീവിതവും''.

Content Highlights : Aishwarya Rai Bachchan trolled again for holding Aaradhya's hand at airport