നൃത്തത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നടിയാണ് ശോഭന. മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്‌കാരമടക്കം കരസ്ഥമാക്കിയിട്ടുള്ള നടി നൃത്തപരിപാടികളുടെ തിരക്കുകള്‍ കാരണം കുറച്ചുകാലമായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. വളരെക്കാലത്തിനു ശേഷം സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം വീണ്ടും അഭിനയരംഗത്തേക്കെത്തുകയാണ് ശോഭന.

വിജയദശമി ദിനത്തിൽ ഇൻസ്റ്റഗ്രാമിൽ നടി പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമ ലോകത്ത് ചർച്ചയായിരിക്കുന്നത്.  നാലു പട്ടിക്കുഞ്ഞുങ്ങളെ കൈയിലെടുത്തുകൊണ്ട് നിൽക്കുന്ന ശോഭനയുടെ ഫോട്ടോയാണ് വൈറലാകുന്നത്. ഏറെ പേരാണ് നടിയെ പ്രശംസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയത്.

മൃഗങ്ങള്‍ മനുഷ്യരെപ്പോലെ ചതിക്കില്ലെന്നും സ്‌നേഹിക്കാന്‍ നല്ലത് മൃഗങ്ങള്‍ തന്നെയാണെന്നും പലരും ചിത്രത്തിനു താഴെ കമന്റ് ചെയ്തപ്പോൾ വിജയദശമി പോലൊരു വിശേഷദിവസത്തില്‍ ഇത്തരമൊരു ഫോട്ടോ ഇട്ടത് ശരിയായില്ല എന്നാണ് ചിലരുടെ വാദം.

'വിവാഹജീവിതത്തേക്കാള്‍ ഭേദം ഇതു തന്നെയാണ്.' 'വളര്‍ത്തിവലുതാക്കിയ മക്കള്‍ തന്നെ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ കൊണ്ടു ചെന്നാക്കുന്ന ഈ കാലത്ത് ആകെ നന്ദികേട് കാണിക്കാത്തത് മൃഗങ്ങളാണ്. അവരെ പരിപാലിക്കുന്നതാണ് നല്ലത്.' തുടങ്ങി  മൃഗങ്ങളെ കുറച്ചു കാണേണ്ടതില്ലെന്നും നല്ലൊരു ദിവസത്തില്‍ അവയെ എടുത്തത് വളരെ നല്ല കാര്യമെന്നും അഭിപ്രായപ്പെടുന്ന പോസിറ്റീവ് കമന്റുകൾ നിരവധിയാണെങ്കിലും ചിലര്‍ രൂക്ഷഭാഷയില്‍ വിമര്‍ശനങ്ങളും തൊടുക്കുന്നുണ്ട്. 'ഇതെല്ലാം ചേച്ചി ഇന്ന് വിജയദശമി ദിനത്തില്‍ എഴുത്തിനിരുത്തിയ കുഞ്ഞുങ്ങളാണോ?' എന്നത് അതിലൊരു ഉദാഹരണം മാത്രമാണ്. 'വിജയദശമിയും നായക്കുട്ടികളും നല്ല ചേര്‍ച്ച..... കലയെ ബഹുമാനിക്കുന്നവര്‍ക്കു വിജയദശമിയുടെ പ്രാധാന്യം അറിയേണ്ടതാണ്, ഉള്ള വില കളയരുതെന്നു അപേക്ഷിക്കുന്നുവെന്നും ചിലര്‍ ശോഭനയോട് അപേക്ഷിക്കുന്നു.

shobhana

Content Highlights : actress shobhana photo with puppies viral fb post