സിനിമയില്‍ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ് നടി നിത്യ ദാസും മകളും. ഇരുവരുടെയും ടിക് ടോക് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആകാറുണ്ട്. 

പുതിയൊരു നൃത്ത വീഡിയോയുമായാണ് ഇപ്പോള്‍ നിത്യ ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. 'ഉടി ഉടി ജായേ' എന്ന ഹിന്ദി ഗാനത്തിനാണ് നിത്യയും മകളും ചുവടുവയ്ക്കുന്നത്. കോഴിക്കോട് ഫ്‌ലാറ്റിലെ ടെറസ്സില്‍ വച്ചാണ് നൃത്തം ചെയ്യുന്നത്. ആകാശം മഴക്കാറു കൊണ്ടു മൂടിയതായി വീഡിയോയില്‍ കാണാം. മഴ വരുന്നതിനുമുമ്പെ ഡാന്‍സ് തീര്‍ക്കട്ടെ എന്ന അടിക്കുറിപ്പോടെയാണ് നിത്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

2001ല്‍ താഹ സംവിധാനം ചെയ്ത ഈ പറക്കും തളികയിലൂടെയാണ് നിത്യയുടെ മുഖം മലയാളികള്‍ക്ക് സുപരിചിതമാകുന്നത്. ചിത്രത്തിലെ ദിലീപ്-ഹരിശ്രീ അശോകന്‍ കോമ്പോ കോമഡി രംഗങ്ങള്‍ക്കൊപ്പം 'ബസന്തി'യായി ചിരിപ്പിച്ച് നിത്യയുമുണ്ടായിരുന്നു. 2007ല്‍ അഭിനയിച്ച സൂര്യ കിരീടമാണ് അവസാനം അഭിനയിച്ച ചിത്രം. 2018ല്‍ മകന്‍ നമന്‍ സിംഗ് ജംവാള്‍ ജനിക്കുന്നതു വരെ നിത്യ സീരിയലുകളിലും സജീവമായിരുന്നു.

കശ്മീര്‍ സ്വദേശിയായ അരവിന്ദ് സിംഗ് ജംവാള്‍ ആണ് നിത്യയുടെ ഭര്‍ത്താവ്. ഫ്‌ളൈറ്റ് സ്റ്റുവര്‍ട്ടായ അരവിന്ദിനെ വിമാനയാത്രക്കിടയിലാണ് നിത്യ കണ്ടുമുട്ടുന്നതും ഇരുവരും പ്രണയത്തിലാകുന്നതും. അരവിന്ദിനും മക്കള്‍ക്കുമെപ്പം കോഴിക്കോട് ബീച്ച് റോഡിലുള്ള ഫ്‌ളാറ്റിലാണ് നിത്യ താമസിക്കുന്നത്. മകള്‍ നൈനഏഴാം ക്ലാസുകാരിയാണ്.

Content Highlights : actress nithya das and daughter viral dance instagram video udi udi jaye