കോവിഡ് കാലത്ത് നടൻ സോനു സൂദ് ജനങ്ങൾക്കായി ചെയ്തു നൽകിയ സഹായങ്ങൾ വിസ്മരിക്കാനാകില്ല. ലോക്ഡൗൺ ആയതിൽ പിന്നെ മാത്രമല്ല, സോഷ്യൽമീഡിയയിൽ വളരെ സജീവമായ താരം ആരാധകർ ആവശ്യപ്പെടുന്ന സാമ്പത്തിക സഹായങ്ങളെത്തിച്ചു നൽകാൻ ശ്രദ്ധിക്കാറുണ്ട്. സെലിബ്രിറ്റി എന്നതിലുപരി തന്നെ ഇഷ്ടപ്പെടുന്നവരോട് വളരെ അടുത്തുനിൽക്കാനാണ് സോനു സൂദ് താത്‌പര്യപ്പെടുന്നത്.

ആരാധകരുടെ ചോദ്യങ്ങൾക്ക് ട്വിറ്ററിലൂടെ ഉരുളയ്ക്കുപ്പേരി പോലെ രസികൻ മറുപടികളും താരം നൽകാറുണ്ട്. കഴിഞ്ഞ രാത്രി ഒരു ആരാധകൻ തന്റെ ഫോണിലെ ഇന്റർനെറ്റ് കണക്ഷന്റെ വേഗത കൂട്ടിത്തരാമോയെന്നു സോനുവിനോട് ചോദിച്ചു. ചോദ്യത്തിന് നടന്റെ മറുപടി ഇതായിരുന്നു:

'നാളെ രാവിലെ വരെ ഒന്ന് ക്ഷമിക്കാമോ? ഇപ്പോൾ ഞാൻ കുറച്ച് തിരക്കിലാണ്. ഒരാളുടെ കമ്പ്യൂട്ടർ ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ ഒരാളുടെ വിവാഹം ഉറപ്പിച്ചു. മറ്റൊരാൾക്ക് വേണ്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു കൊടുത്തു. അതിനിടയിൽ ഒരാളുടെ വീട്ടിലെ വെള്ളപ്രശ്നം പരിഹരിച്ചു. അത്തരം പ്രധാനപ്പെട്ട ജോലികൾ അവരെന്നെ ഏൽപ്പിച്ചിരിക്കുകയാണ്. അതിനാൽ ഒന്ന് ക്ഷമിക്കൂ.' സോനുവിന്റെ മറുപടി ആരാധകരിൽ ചിരി പടർത്തിയിരിക്കുകയാണ്.

Content Highlights :actor sonu sood fittious reply to a fan asking to speed up his mobile internet connection twitter