21-ാം വിവാഹവാര്‍ഷികത്തില്‍ പ്രിയ പത്‌നി സരിതയ്ക്ക് ആശംസകളേകി മാധവന്‍. കവിത പോലെ മനോഹരമായൊരു കുറിപ്പാണ് മാധവന്‍ എഴുതിയിരിക്കുന്നത്. 

'നിന്നെ എനിക്കെന്റെ ആത്മസഖിയായി ലഭിച്ചതില്‍ എത്ര ഭാഗ്യവാനാണ് ഞാന്‍ ? ആ ഭാഗ്യത്തെക്കുറിച്ച് ചിന്തിച്ചാലും പറഞ്ഞാലും മതി വരില്ല.. എന്റെ പ്രിയപ്പെട്ടവള്‍ക്ക് വിവാഹവാര്‍ഷികാശംസകള്‍. ദൈവത്തോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.'മാധവന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

MADHAVAN

മാതൃഭാഷ തമിഴാണെങ്കിലും ജംഷദ്പൂരിലാണ് മാധവന്‍ ജനിച്ചു വളര്‍ന്നത്. എന്‍ സി സി പോലെ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായിരുന്ന മാധവന്‍ മുംബൈയിലെ ബിരുദാനന്തര ബിരുദ പഠനത്തിനിടെ വ്യക്തിത്വ വികസന ക്ലാസുകളും എടുക്കുമായിരുന്നു. (പബ്ലിക് സ്പീക്കിങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്യോയില്‍ വരെയെത്തിയിട്ടുണ്ട് നടന്‍.)

MADHAVAN

ഒരിക്കല്‍ മഹാരാഷ്ട്രയില്‍ വച്ചു നടന്ന പബ്ലിക് സ്പീക്കിങ് വര്‍ക്ക്‌ഷോപ്പിനിടെ 1991ലാണ് മാധവന്‍ സരിതയെ ആദ്യമായി കാണുന്നത്. ബന്ധുക്കളുടെ നിര്‍ദേശപ്രകാരമാണ് സരിത മാധവന്റെ ക്ലാസിലിരുന്നതെങ്കിലും ആ കോഴ്‌സ് പഠിച്ചതോടെ എയര്‍ ഹോസ്റ്റസ് ആകാനുള്ള ഒരു അഭിമുഖത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാനും പാസ് ആകാനും സരിതയ്ക്കായി. അതിനു ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. മാധവന്‍ ക്ലാസുകള്‍ക്കൊപ്പം മോഡലിങ്ങിലും ടിവി സീരിയലുകളിലും ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ 1999ല്‍ ഇരുവരും വിവാഹിതരായി. 

MADHAVAN

വിവാഹശേഷം 2000ത്തിലാണ് മാധവന്‍ ആദ്യമായി നായകനായ മണിരത്‌നം ചിത്രം അലൈപായുതേ റിലീസാകുന്നത്. ആദ്യചിത്രത്തിലൂടെ തന്നെ നടന്‍ തെന്നിന്ത്യ മുഴുവന്‍ ആരാധിക്കുന്ന താരമായി. മാധവന്റെ മിക്ക ചിത്രങ്ങളിലും കോസ്റ്റിയൂം ഡിസൈനറായി സരിത പ്രവര്‍ത്തിച്ചിരുന്നു. 2005ലാണ് ഇരുവര്‍ക്കും മകന്‍ വേദാന്ത് ജനിക്കുന്നത്.

Content Highlights : actor madhavan wedding anniversary wishes to sarita birje instagram post