കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങള്‍ നടത്തിയാല്‍ കടുത്ത നടപടികളിലേക്ക് പോകുമെന്ന് സര്‍ക്കാര്‍ നേരത്തെതന്നെ മുന്നറിയിപ്പ് തന്നിട്ടുണ്ട്. അതുകൊണ്ട് ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ അധികം 'ഫൂള്‍' വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചു.

കേരളാ പോലീസിന്റെ ട്രോളുകള്‍ നമ്മള്‍ എന്നും കാണുന്നതാണ്. ഇത്തവണ ഏപ്രില്‍ ഫൂള്‍ ട്രോളുമായി എത്തിയിരിക്കുകയാണ് മുബൈ പോലീസ്.

'അടുത്ത് വന്ന് നോക്കൂ, നിങ്ങള്‍ക്കായി ഒരു രഹസ്യ സന്ദേശം കാത്തിരിക്കുന്നു' എന്നാണ് മുബൈ പോലീസിന്റെ ട്വീറ്റ്. അതിനൊപ്പം ഒരു ചിത്രവുമുണ്ട്. അത് അടുത്ത് എടുത്ത് നോക്കുമ്പോള്‍ അതില്‍ എഴുതിയിരിക്കുന്നത് വളരെ രസകരമായ കാര്യമാണ്. 'അത് ഒത്തിരി അടുത്തായി പോയി. നിങ്ങള്‍ വിഡ്ഢികളാവരുത്. സമൂഹ അകലം പാലിക്കുക' എന്നാണ് ആ സന്ദേശം.

മുബൈ പോലീസിന്റെ രസകരമായ ബോധവത്കരണ സന്ദേശത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍.

'വളരെ ക്രിയാത്മകമായ ഒന്ന്. വളരെ ഗൗരവകരമായ കാര്യങ്ങളും രസകരമായി അവതരിപ്പിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് മുബൈ പോലീസ്.' എന്നാണ് മുബൈ പോലീസിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ഹൃത്വിക് ട്വീറ്റ് ചെയ്തിരിക്കുന്നത്.

Content Highlights: Actor Hrithik Roshan cheers Mumbai Police on thoughtful april fools message