മകൾ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ച സന്തോഷം പങ്കുവച്ച് നടൻ ദിലീപ്. മഹാലക്ഷ്മിയെ എഴുത്തിനിരുത്തിയതിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ആവണംകോട് സരസ്വതി ക്ഷേത്രനടയിലാണ് അച്ഛന്റെ മടിയിലിരുന്ന് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. അമ്മ കാവ്യയും ചേച്ചി മീനാക്ഷിയും മഹാലക്ഷ്മിക്കൊപ്പമുണ്ടായിരുന്നു. മകൾക്ക് എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണമെന്നും ദിലീപ് കുറിക്കുന്നു.

"ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം..."

2016 നവംബർ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

2018  ഒക്ടോബർ 19-നാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്..2018 നവംബർ 17 നാണ് മകളുടെ പേരിടൽ ചടങ്ങ് നടന്നത്. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേര് നൽകിയതെന്ന് ദിലീപ് സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു.

വളരെ അപൂർ‌വമായി മാത്രമേ മകളുടെ ചിത്രങ്ങൾ‌ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളൂ. രണ്ട് മാസങ്ങൾക്ക് മുമ്പ് ഓണനാളിൽ ദിലീപ് പങ്കുവച്ച കുടുംബചിത്രം ആരാധകർ ഏറ്റെടുത്തിരുന്നു. 

content highlights : Actor Dileep shares picture with Family Meenakshi Kavya Madhavan And Mahalakshmi