ഭാവി വധുവിനെ കണ്ടെത്താന്‍ നടന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോ കൊളുത്തി വച്ച വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടേയുള്ളൂ. 16 മത്സരാര്‍ഥികളുമായി തുടങ്ങിയ 'എങ്ക വീട്ട് മാപ്പിളൈ' എന്ന ഷോയുടെ ഫൈനലിലെത്തിയത് മൂന്ന് പേരായിരുന്നു. എന്നാല്‍ ആരെയും തിരഞ്ഞെടുക്കാതെ ആര്യ പിന്മാറിയത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വച്ചത്. ഷോയിലെ ഏറ്റവുമധികം പിന്തുണ ലഭിച്ച മത്സരാർത്ഥിയായ അബര്‍നദി താൻ എന്ത് വന്നാലും ആര്യയെ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടിൽ ഉറച്ചു നിന്നതും വാർത്തയായി. 

ഷോ അവസാനിച്ച അന്ന് മുതല്‍ ആര്യയുടെ വിവാഹ വാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ ആര്യയുടെ വിവാഹ വാര്‍ത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത് .

എന്നാല്‍, റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികള്‍ ആരെയും തന്നെ അല്ല ആര്യ വിവാഹം കഴിക്കാന്‍ പോകുന്നത്. നടി സയ്യേഷയാണ് ആര്യയുടെ വധുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സയ്യേഷയുമായി ആര്യയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗജിനികാന്ത് എന്ന ചിത്രത്തില്‍ ആര്യയുടെ നായികയായിരുന്നു സയ്യേഷ. തുടര്‍ന്ന് സൗഹൃദത്തിലായ താരങ്ങള്‍ വൈകാതെ പ്രണത്തില്‍ ആവുകയായിരുന്നുവെന്നും ഉടനെ തന്നെ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മോഹന്‍ലാല്‍-സൂര്യ എന്നിവര്‍ ഒന്നിക്കുന്ന കാപ്പന്‍ എന്ന ചിത്രത്തിലാണ് ആര്യയും സയ്യേഷയും ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സയ്യേഷയുടെ അമ്മയെ ആര്യ കണ്ടിരുന്നുവെന്നും ഇരുകൂട്ടര്‍ക്കും ബോധ്യമായതോടെ വിവാഹ കാര്യങ്ങള്‍ എളുപ്പത്തിലാക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു 

Content Highlights : Actor Arya Wedding Rumours With Actress Sayyesha Arya Enga Veetu Mappilai