പതിനാലാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതിമാരായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും.

ഇക്കുറി അകലെയിരുന്ന് വീഡിയോ കോളിലൂടെയായിരുന്നു താരദമ്പതിമാരുടെ ആഘോഷം. പുതിയ പ്രൊജക്ടിന്റെ ഭാ​ഗമായി ലഖ്നൗലിലാണ് അഭിഷേക് ഇപ്പോൾ. വീഡിയോ കോളിന്റെ സ്ക്രീൻ ഷോട്ട് ഐശ്വര്യ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഐശ്വര്യയുടെ മടിയിലിരിക്കുന്ന മകൾ ആരാധ്യയെയും ചിത്രത്തിൽ കാണാം. 

ഐശ്വര്യയുമായുള്ള ആ​​ദ്യ കൂടിക്കാഴ്ച്ചയെക്കുറിച്ച് അഭിഷേക് ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. താൻ പ്രൊഡക്ഷൻ ബോയ് ആയി ജോലി നോക്കിയിരുന്ന സമയത്ത് പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ കണ്ടെത്താൻ സ്വിറ്റ്സർലന്റിൽ പോയ സമയത്തായിരുന്നു ആ കൂടിക്കാഴ്ച്ചയെന്ന് അഭിഷേക് ഓർക്കുന്നു. അഭിഷേകിന്റെ ബാല്യകാല സുഹൃത്തും നടനുമായ ബോബി ഡിയോൾ തന്റെ ആദ്യ ചിത്രമായ ഓർ പ്യാർ ഹോ ​ഗയയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ആ സമയത്ത് അവിടെയുണ്ടായിരുന്നു​. ഐശ്വര്യയായിരുന്നു ചിത്രത്തിലെ നായിക. അന്ന് ബോബിയുടെ ക്ഷണപ്രകാരം ഷൂട്ടിങ്ങ് സെറ്റിൽ‌ ചെന്നപ്പോഴാണ് ഐശ്വര്യയെ ആദ്യമായി കണ്ടുമുട്ടിയതെന്ന് അഭിഷേക് പറയുന്നു. തനിക്ക് ആ സമയം മുതലേ ഐശ്വര്യയോട് ഒരു ആകർഷണം തോന്നിയിരുന്നുവെന്നും അഭിഷേക് വ്യക്തമാക്കുന്നു.

2007 ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരാകുന്നത്. മുംബൈ ജുഹുവിലുള്ള ബച്ചൻ കുടുംബത്തിന്റെ ബം​ഗ്ലാവായ പ്രതീക്ഷയിലായിരുന്നു വിവാഹ ചടങ്ങുകൾ. അത്യാഢംബരത്തിൽ നടന്ന ചടങ്ങുകൾ പത്ത് ദിവസത്തോളം നീണ്ടു നിന്നിരുന്നുവെന്ന് മുൻപ് അഭിഷേക് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒമ്പത് വയസുകാരി ആരാധ്യയാണ് ഇരുവരുടെയും ഒരേ ഒരു മകൾ.

content highlights : abhishek bachchan and aishwarya rai celebrated 14th wedding anniversary through video call