ഇളയദളപതി വിജയ്ക്ക് ഇനി സിനിമകള്‍ ലഭിക്കുമോ എന്ന കാര്യം സംശയമാണെന്ന് എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ അബര്‍ണദി. വിജയുടെ അച്ഛനും തമിഴിലെ സൂപ്പര്‍ ഹിറ്റ് നിര്‍മാതാവുമായ എസ്.എ.ചന്ദ്രശേഖര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന 'ട്രാഫിക് രാമസ്വാമി' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍  സംസാരിക്കുകയായിരുന്നു അബര്‍ണദി. വളരെ മികച്ച പ്രകടനമാണ് ചിത്രത്തില്‍ എസ്.എ ചന്ദ്രശേഖര്‍ കാഴ്ച വച്ചതെന്നും അതിനാല്‍ തന്നെ വിജയ്ക്ക് ഇനി ഭാവിയില്‍ ചിത്രങ്ങള്‍ വരാന്‍ സാധ്യത ഉണ്ടോ എന്ന് സംശയമാണ് എന്നുമാണ് അബര്‍ണദി പറഞ്ഞത് 

അബര്‍ണദിയുടെ വാക്കുകള്‍ 

എനിക്കറിയില്ല വിജയ് സാറിന് ഭാവിയില്‍ ചിത്രങ്ങള്‍ ലഭിക്കുമോ എന്ന്. കാരണം ചന്ദ്രശേഖര്‍ സാര്‍ അത്രയ്ക്കും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. അത് വേറെ ലെവല്‍ പ്രകടനമാണ്.  ഈ സിനിമ അതിന്റെ ഉള്ളടക്കം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകും. ഞാന്‍ ഈ ടീമിന് വലിയ വിജയം ആശംസിക്കുന്നു.  സംവിധായകന്‍ വിക്കിക്ക് എല്ലാ വിധ ആശംസകളും.' അബര്‍ണദി പറഞ്ഞു 

സാമൂഹ്യ പ്രവര്‍ത്തകനും ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളുമായിരുന്ന ട്രാഫിക് രാമസ്വാമിയുടെ ജീവിതം ആസ്പദമാക്കി വിക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാഫിക് രാമസ്വാമി. സംഭവബഹുലമായ ജീവിതം നയിക്കുന്ന രാമസ്വാമിയെയാണ് ചിത്രത്തില്‍ ചന്ദ്രശേഖര്‍ അവതരിപ്പിക്കുന്നത്. ധനുഷ് നായകനായ കൊടിയാണ് ചന്ദ്രശേഖര്‍ അവസാനമായി അഭിനയിച്ച ചിത്രം. കൊടി നിര്‍മിച്ചതും ചന്ദ്രശേഖര്‍ തന്നെയാണ്. നിര്‍മാതാവും നടനുമായ ആര്‍.കെ സുരേഷാണ് ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകനായി എത്തുന്നത്. 

Content Highlights : abarnathi arya enga veetu mappilai abarnathi vijay father s a chandrasekhar traffic ramaswamy film