ബോളിവുഡ് നടന്‍ ഋഷി കപൂറിന്റെ മരണവാര്‍ത്തയാണ് ട്വിറ്ററില്‍ ആകെ ഇപ്പോള്‍ ചര്‍ച്ച. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പല സിനിമകളും കഥാപാത്രങ്ങളുമൊക്കെയാണ് ആരാധകര്‍ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

1989-ല്‍ ഇറങ്ങിയ ചാന്ദ്‌നി എന്ന സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഏറ്റവും കൂടുതലായി കാണാന്‍ കഴിയുന്നത്. ഇതിനൊരു കാരണം ഈ സിനിമയിലെ മുഖ്യ കഥാപാത്രങ്ങള്‍ ചെയ്തവരാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എന്നതാണ്. സംവിധായകന്‍ യഷ് ചോപ്ര, നടന്‍ വിനോദ് ഖന്ന, നടി ശ്രീദേവി ഇപ്പോള്‍ ഋഷി കപൂര്‍. 

2012-ലാണ് ഡെങ്കി പനിയെതുടര്‍ന്ന് 80-ാം വയസിലാണ് യഷ് ചോപ്ര മരണമടയുന്നത്. 2017-ല്‍ അര്‍ബുദത്തോട് പൊരുതി വിനോദ് ഖന്നയും മരണത്തിന് കീഴടങ്ങി, അതും ഋഷി കപൂര്‍ ചികിത്സ തേടിയ അതേ ആശുപത്രിയില്‍. അന്ന് അദ്ദേഹത്തിന് 70 വയസായിരുന്നു. അതിന് തൊട്ടടുത്ത വര്‍ഷം ദുബായില്‍ ഒരു കുടുംബ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കവേ ശ്രീദേവിയും അന്തരിച്ചു. അവര്‍ക്ക് അന്ന്  54-ായിരുന്നു പ്രായം. ഹോട്ടല്‍ മുറിയിലെ ബാത്ത്ടബില്‍ മുങ്ങി മരിക്കുകയായിരുന്നു.

സിനിമാ നിരൂപകയും മാധ്യമ പ്രവര്‍ത്തകയുമായ അനുപമ ചോപ്രയാണ് ചാന്ദ്‌നിയെക്കുറിച്ച് ആദ്യം ട്വിറ്ററില്‍ കുറിക്കുന്നത്. നാല് തിരക്കഥാകൃത്തുകളാണ് ചാന്ദ്‌നിക്കുണ്ടായിരുന്നത്. അതില്‍ ഒരാള്‍ അനുപമയുടെ അമ്മ കാമ്‌നാ ചന്ദ്രയാണ്. 

ഓരോ തവണ കാണുമ്പോഴും ഈ സിനിമയെക്കുറിച്ചും കാമ്‌ന തന്നെ എഴുതിയ മറ്റൊരു സിനിമയായ പ്രേമ് രോഗിനെക്കുറിച്ചും ഒത്തിരി സംസാരിക്കുമായിരുന്നു അദ്ദേഹം എന്നാണ് അനുപമ ട്വിറ്ററില്‍ കുറിച്ചത്.

എന്നാല്‍ ആരാധകര്‍ ചാന്ദ്‌നിയെ ഏറ്റെടുക്കുകയായിരുന്നു. സിനിമയുടെ ചിത്രീകരണ സമയത്ത് എടുത്ത ഫോട്ടോകളും സിനിമയിലെ രംഗങ്ങളുമെല്ലാം പലരും പങ്കുവെച്ചു.

ചാന്ദ്‌നി ടീമിന്റെ ഒത്തുകൂടല്‍ സ്വര്‍ഗത്തില്‍ വെച്ച് നടക്കും ഇനി, അവര്‍ ചാന്ദ്‌നി റീമേക്ക് ചെയ്യുമായിരിക്കും തുടങ്ങിയ ചിന്തകളിലാണ് ആരാധകര്‍.

Content Highlights: 80s film chandni actors no more, sridevi rishi kapoor vinod khanna yash chopra