ചേര്‍ത്തല : ജയനും സീമയും അഭിനയിച്ച 'ചാകര'യ്ക്കു മുന്‍പേ യേശുദാസ് നിര്‍മിക്കനൊരുങ്ങിയിരുന്നു ഒരു 'ചാകര'. അമ്മ എലിസബത്ത് ജോസഫിന്റെ പേരില്‍ സുഹൃത്തുക്കളുമായി ചേര്‍ന്നായിരുന്നു അത്. നിര്‍മാതാക്കളിലൊരാളായിരുന്ന ഗാനഗന്ധര്‍വന് അന്ന് വയസ്സ് 26. ചേര്‍ത്തലക്കാരുമായി ചേര്‍ന്ന് ചേര്‍ത്തലയിലായിരുന്നു 'ചാകര'യുടെ ഒരുക്കവും ചിത്രീകരണവും.

പാട്ടില്‍ തിളങ്ങിത്തുടങ്ങിയ ഘട്ടത്തിലായിരുന്നു നിര്‍മാണസംരംഭം. സിനിമയോടുള്ള സ്‌നേഹമായിരുന്നു അതിനു പിന്നിലെങ്കിലും നിര്‍മാതാവിന്റെ വേഷത്തില്‍ തിളങ്ങാന്‍ ഗന്ധര്‍വഗായകനായില്ല. 1966ല്‍ ശ്രീവാണി പ്രൊഡക്ഷന്‍ എന്ന പേരിലാണ് നാലുപേര്‍ ചേര്‍ന്ന് നിര്‍മാണക്കമ്പനിയുണ്ടാക്കിയത്. ആ കരാറിലെ നാലാം കക്ഷിയായിരുന്നു യേശുദാസിന്റെ അമ്മ എലിസബത്ത് ജോസഫ്.

Yesudas
ചേലങ്ങാട്ഗോപാലകൃഷ്ണൻ

yesudas

ഉദയായിലെ ക്യാമറാമാനായിരുന്ന അര്‍ത്തുങ്കല്‍ സ്വദേശി റെയ്‌നോള്‍ഡായിരുന്നു സംവിധായകന്‍. മലേഷ്യയില്‍ നിന്നെത്തിയ പി.എസ്.വാല്യത്തായിരുന്നു മറ്റൊരു നിര്‍മാതാവ്. അര്‍ത്തുങ്കല്‍ സ്വദേശി തന്നെയായിരുന്നു വാല്യത്തും.

ചിത്രത്തിനു കഥയും തിരക്കഥയുമൊരുക്കി സംരംഭത്തില്‍ ഒരുവിഹിതവുമായി സിനിമാ ചരിത്രകാരന്‍ ചേലങ്ങാട് ഗോപാലകൃഷ്ണനും പങ്കാളിയായി. നാലാമതായിരുന്നു എലിസബത്ത് ജോസഫിന്റെ കരാര്‍. ചിത്രത്തിന്റെ മൂന്നില്‍രണ്ടു ചെലവിനൊപ്പം സംഗീതമേഖലയുടെ നിര്‍വഹണം നാലാം കക്ഷിക്കായിരുന്നു. ഫോര്‍ട്ടുകൊച്ചിയിലെ വിലാസത്തിലായിരുന്നു നടപടികള്‍. കടലിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും സ്റ്റുഡിയോയ്ക്കുപുറത്ത് അര്‍ത്തുങ്കല്‍ തൈക്കല്‍ കടപ്പുറത്തും ചേര്‍ത്തലയുടെ വിവിധ ഭാഗങ്ങളിലുമായിരുന്നു ചിത്രീകരണം. റാണിചന്ദ്രയായിരുന്നു നായിക. നായകനടക്കം പുതുമുഖങ്ങളായിരുന്നു. നാലഞ്ചുമാസം ചിത്രീകരണം നടന്നെങ്കിലും തുടര്‍ന്ന് മുടങ്ങി. റെക്കോഡിങ്ങടക്കം പൂര്‍ത്തിയായെങ്കിലും ചിത്രീകരണം പുനരാരംഭിക്കാനായില്ല.

സിനിമ വെളിച്ചം കണ്ടില്ലെങ്കിലും യേശുദാസ് 'നിര്‍മാണ' വേഷത്തിലെത്തിയ സിനിമയുടെ രേഖകള്‍ ഇന്നുമുണ്ട്. 1966 ഒക്ടോബറില്‍ ഉണ്ടാക്കിയ കരാറിലെ നാലുപേരും മണ്‍മറഞ്ഞു. എന്നാല്‍, ചേലങ്ങാട് ഗോപാലകൃഷ്ണന്റെ ശേഖരത്തിലിന്നും ശ്രീവാണി പ്രോഡക്ഷന്റെ കരാര്‍രേഖകള്‍ ഒളിമങ്ങാതെ നില്‍ക്കുന്നുണ്ട്.

Content Highlights : Yesudas Chakara Movie Sreevani Productions Elizabeth Joseph, Yesudas Birthday Special, Yesudas At 80