കെ.ജെ.യേശുദാസ് അന്തിയുറങ്ങിയിരുന്ന പഴയ കാര്‍ ഷെഡ്ഡ് ഇനി പുതുകാലത്തോട് പാട്ടുവഴിയുടെ കഥകള്‍ പറയും. സംഗീത കോേളജ് വിദ്യാര്‍ഥിയായിരിക്കെ യേശുദാസ് താമസിച്ചിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ കാര്‍ ഷെഡ്ഡ് യേശുദാസിനെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഡിജിറ്റല്‍ ലൈബ്രറിയാക്കി മാറ്റുന്നു.

സംഗീത കോളേജ്‌ പ്രിന്‍സിപ്പലായിരിക്കെ ശെമ്മാങ്കുടി താമസിച്ചിരുന്ന തൈക്കാട്ടുള്ള കെട്ടിടത്തില്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയകേന്ദ്രമായ ഭാരത് ഭവനാണ് പ്രവര്‍ത്തിക്കുന്നത്.

അന്‍പതുകളുടെ അവസാനമാണ് യേശുദാസിന്റെ സംഗീത കോളേജ്‌ പഠനകാലം. ഹോസ്റ്റലിലെ താമസത്തിനും ഭക്ഷണത്തിനും ഫീസിനുമൊക്കെ ബുദ്ധിമുട്ടിയിരുന്ന കാലം. കൈയില്‍ സംഗീതമെന്ന ധനം മാത്രം.

Shemmankudi
തൈക്കാട് ഭാരത് ഭവന്‍ വളപ്പിലെ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ പ്രതിമ

കഷ്ടതകളുടെ ആ കാലത്താണ് ഗുരുവിന്റെ മൗനാനുവാദത്തോടെ അദ്ദേഹത്തിന്റെ വസതിയോടു ചേര്‍ന്നുള്ള ഷെഡ്ഡിലേക്ക് യേശുദാസ് താമസം മാറ്റുന്നത്. കിടക്കവിരിക്കാനുള്ള അല്പസ്ഥലത്ത് അങ്ങനെ, പാട്ടിന്റെ ഗന്ധര്‍വലോകം സ്വപ്നംകണ്ട് പ്രിയഗായകന്‍ അന്തിയുറങ്ങി. ഒരു വര്‍ഷത്തോളമാണ് അദ്ദേഹമിവിടെ താമസിച്ചിരുന്നത്. മാനേജേഴ്സ് ക്വാര്‍ട്ടേഴ്സ് എന്നറിയപ്പെട്ടിരുന്ന കെട്ടിടത്തില്‍ പിന്നീട് സംഗീതരംഗത്തെ വിശ്രുതര്‍ പലരും വന്നുപോയെങ്കിലും ആ കാര്‍ ഷെഡ്ഡ് അതേപടി നിലനിര്‍ത്തി.

ഈ കെട്ടിടത്തിന് എതിര്‍വശത്താണ് സംഗീത കോേളജിലെ സഹപാഠികൂടിയായിരുന്ന എം.ജി.രാധാകൃഷ്ണന്റെ വീട്. അക്കാലത്ത് ജ്യേഷ്ഠനെ കാണാന്‍ വൈകുന്നേരങ്ങളില്‍ യേശുദാസ് വീട്ടിലെത്തിയിരുന്നത് സഹോദരി ഓമനക്കുട്ടി ഓര്‍ക്കുന്നു. സംഗീത കോേളജില്‍ പ്രവേശനം നേടിയ ദിവസംതന്നെ തങ്ങളുടെ അച്ഛന്‍ മലബാര്‍ ഗോപാലന്‍നായരെ കാണാന്‍ യേശുദാസും അച്ഛനുമെത്തിയതും അവര്‍ ഓര്‍ക്കുന്നു. അച്ഛന്‍ ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം പാടിയ കീര്‍ത്തനവും 'മധുപന്‍ മേം' എന്നുതുടങ്ങുന്ന ഹിന്ദിഗാനം ഇപ്പോഴും കാതിലുണ്ട്- ഓമനക്കുട്ടി പറഞ്ഞു.

ഈ കെട്ടിടത്തില്‍ യേശുദാസിനെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങളും ഗാനങ്ങളുമടങ്ങിയ ഡിജിറ്റല്‍ ലൈബ്രറിയാണ് ലക്ഷ്യമിടുന്നതെന്ന് ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ പറഞ്ഞു. യേശുദാസിന്റെ ക്ലാസിക്കല്‍, ലളിത, സിനിമാഗാനങ്ങള്‍ തരംതിരിച്ച് ഇവിടെയുണ്ടാകും. ഒപ്പം ഫോട്ടോ ലൈബ്രറിയും ജീവിതരേഖയും സജ്ജമാക്കും. പഴയ കാര്‍ ഷെഡ്ഡ് അതേപടി നിലനിര്‍ത്തിക്കൊണ്ടായിരിക്കും വികസിപ്പിക്കല്‍. ശെമ്മാങ്കുടിയുടെ പേരിലുള്ള സ്മാരകവും ഇതേ വളപ്പിലാണുള്ളത്.

Content Highlights : Yesudas At 80 Yesudas Library In Thiruvananthapuram