തൃശ്ശൂര്‍: രണ്ടുകൊല്ലം മുമ്പ് തൃശ്ശൂരില്‍ നടന്ന ഒരു കല്യാണം. സുഹൃത്തിന്റെ മകളുടെ കല്യാണമായതിനാല്‍ യേശുദാസും ഭാര്യ പ്രഭയും ചടങ്ങിനെത്തി. രണ്ടു പേരുടെയും അടുത്തേക്ക് തൊഴുകൈയോടെ തൃശ്ശൂര്‍ പി. ഗോവിന്ദന്‍കുട്ടി എന്ന നാദസ്വര വിദ്വാനെത്തി. കണ്ടമാത്രയില്‍ യേശുദാസ് ഇരിപ്പിടത്തില്‍നിന്ന് കൂപ്പുകൈയുമായി എഴുന്നേറ്റ് ആലിംഗനം ചെയ്തു.

എന്നിട്ട് പ്രഭയെ നോക്കി ഇങ്ങനെ പറഞ്ഞു, 'പ്രഭേ, ദേ ഇതാണ് ഒറിജിനല്‍'

മൂന്നുപേരുടെയും മനസ്സില്‍ 1958-ലെ ഒരു കലോത്സവ ചിത്രമായിരുന്നു അപ്പോള്‍.

തിരുവനന്തപുരത്തു നടന്ന രണ്ടാം സംസ്ഥാന കലോത്സവത്തിന്റെ സമാപന ദിവസം നടന്ന ഒരു 'കുട്ടിക്കച്ചേരി'യുടെ ചിത്രം. വായ്പാട്ടില്‍ ഒന്നാമനായ യേശുദാസന്‍ പാടുന്നു. അദ്ദേഹത്തിന്റെ വലത്ത് മൃദംഗത്തിലെ ഒന്നാമന്‍ പി.ജയചന്ദ്രന്‍ മൃദംഗ അകമ്പടി. വലത്ത് ഒരല്പം ചരിഞ്ഞ് മുഖം മുഴുവനായി കാണാതെ ഹാര്‍മോണിയത്തിലെ ശ്രുതിയുമായി ഒരു കുട്ടിയും.

2018 -ല്‍ സംസ്ഥാന കലോത്സവത്തിനു മുമ്പാണ് അജ്ഞാതനായ ഈ കുട്ടിയെ കുറിച്ചുള്ള പത്രവാര്‍ത്തകള്‍ വന്നത്. അന്വേഷണം ചെന്നെത്തിയത് തൃശ്ശൂരിലെ പൂത്തോളില്‍ പുത്തൂര്‍ വീട്ടിലായിരുന്നു. ആ കുട്ടി ഗോവിന്ദന്‍കുട്ടിയായിരുന്നെന്ന് 'മാതൃഭൂമി'യിലൂടെ ലോകമറിഞ്ഞു.

yesudas
 2018 -ല്‍ തൃശ്ശൂരില്‍ നടന്ന കല്യാണച്ചടങ്ങില്‍ തൃശ്ശൂര്‍ പി. ഗോവിന്ദന്‍കുട്ടിയെ യേശുദാസ് മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തിയപ്പോള്‍ (ഫയല്‍ചിത്രം)

ഗോവിന്ദന്‍കുട്ടി ആണെന്ന് തിരിച്ചറിയും മുമ്പ് ആ കുട്ടി താനായിരുന്നെന്ന് പറഞ്ഞ് ഒരാള്‍ ബെംഗളൂരുവില്‍ വെച്ച് യേശുദാസിനെ ചെന്നുകണ്ടിരുന്നു. എന്നാല്‍, അദ്ദേഹത്തിന് അതിലത്ര ബോധ്യം വന്നില്ല. തൃശ്ശൂരില്‍വെച്ച് ഗോവിന്ദന്‍ കുട്ടിയെ കണ്ടപ്പോള്‍ ഇതാണ് ഒറിജിനല്‍ എന്നു പറയാനുണ്ടായ സാഹചര്യം ഇതായിരുന്നു.

തൃശ്ശൂര്‍ വിവേകോദയം സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായാണ് ഗോവിന്ദന്‍കുട്ടി വായ്പാട്ടില്‍ മത്സരിച്ചത്. പത്താം ക്ലാസുകാരനായ യേശുദാസ് ഒന്നാമതും ഗോവിന്ദന്‍ കുട്ടി രണ്ടാമതും ആയിരുന്നു. അങ്ങനെയാണ് രണ്ടാമനായ ഇദ്ദേഹത്തിന് ശ്രുതിയിടാന്‍ സംഘാടകര്‍ അവസരം കൊടുത്തത്. 1997 -ല്‍ തൃശ്ശൂര്‍ എസ്.ആര്‍.വി. മ്യൂസിക് സ്‌കൂളില്‍നിന്ന് വിരമിച്ചു. സര്‍ക്കാര്‍ ജീവനക്കാരനായിരുന്നപ്പോള്‍ ജി.കെ. പൂത്തോള്‍ എന്ന പേരില്‍ ഒട്ടേറെ നാടക ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. 2005 -ല്‍ കേരള സംഗീതനാടക അക്കാദമി നാഗസ്വരത്തിനു നല്‍കിയ അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു. 2012-ല്‍ തൃശ്ശൂരില്‍ നടന്ന സംസ്ഥാന കലോത്സവത്തിന്റെ സ്വാഗതഗാനം ചിട്ടപ്പെടുത്തിയതും ഗോവിന്ദന്‍കുട്ടിയായിരുന്നു. യേശുദാസിന്റെ പ്രശസ്തമായ രണ്ടു അയ്യപ്പഭക്തിഗാനങ്ങള്‍ക്ക് ഇദ്ദേഹമാണ് നാഗസ്വരം വായിച്ചത്. 'കാട്ടില്‍ വന്നു ഞാന്‍ കൂട്ടു വിട്ടു...', 'വിഷ്ണുമായയില്‍ പിറന്നവനേ എന്നേ വിശ്വമായയില്‍ നിന്നുമുണര്‍ത്തൂ...' എന്നിവയാണവ.

വിദ്യാധരനായിരുന്നു ചിട്ടപ്പെടുത്തിയത്.

35 താളങ്ങളിലുള്ള 35 കീര്‍ത്തനങ്ങളുടെ രചനയിലാണ് അദ്ദേഹമിപ്പോള്‍. ഇത് പൂര്‍ത്തിയായിക്കഴിയുമ്പോള്‍ അറിയിക്കണമെന്ന് യേശുദാസ് പറഞ്ഞിട്ടുണ്ട്.

Content Highlights: Yesudas@80 Yesudas Birthday memory of school festival, Jayachandran, P Govindan Kutty