എല്ലാവര്‍ഷവും സൂര്യാ സംഗീതമേള ആരംഭിക്കുന്നത് യേശുദാസിന്റെ കച്ചേരിയോടു കൂടിയാണ്. അണമുറിയാത്ത ആ ബന്ധത്തെക്കുറിച്ച് സൂര്യാ കൃഷ്ണമൂര്‍ത്തി ഓര്‍ക്കുന്നു

തിരുവനന്തപുരത്തെ പദ്മനാഭ സിനിമാ തിയേറ്റര്‍. ലാല്‍ ജോസിന്റെ 'ക്‌ളാസ്മേറ്റ്സ്' ആണു ചിത്രം. ഞാന്‍ സിനിമ കാണാന്‍ കയറി. സിനിമ തുടങ്ങിയപ്പോള്‍, എല്ലായ്പ്പോഴും ചെയ്യുന്നതുപോലെ, ഞാന്‍ ഫോണ്‍ ഓഫ് ചെയ്തു.

സിനിമ കഴിഞ്ഞ് ഞാന്‍ ഫോണ്‍ ഓണ്‍ ചെയ്തപ്പോളുടന്‍ ഒരു കോള്‍. ദാസേട്ടനാണ്. കുറെ ശകാരിച്ചു. കഴിഞ്ഞ രണ്ടു മണിക്കൂറായി വിളിച്ചുകൊണ്ടിരിക്കയാണെന്നും അത്യാവശ്യത്തിനു ബന്ധപ്പെടാനുള്ളതാണ് ഫോണ്‍ എന്നും പറഞ്ഞ് അദ്ദേഹം അരിശംകൊണ്ടു. ഞാന്‍ സിനിമ കാണുകയായിരുന്നുവെന്നു പറഞ്ഞിട്ടൊന്നും കോപം അടങ്ങിയില്ല -ശകാരിച്ചുകൊണ്ടേയിരുന്നു.

കുറെക്കഴിഞ്ഞ് ശബ്ദത്തിന്റെ ഘനം ഒന്നുകുറഞ്ഞപ്പോള്‍, ദേഷ്യം തണുത്തുകാണുമെന്നു കരുതി ഞാന്‍ ചോദിച്ചു എന്തേ ഇത്ര ദേഷ്യം? അപ്പോഴാണ് കാര്യം പറഞ്ഞത്. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്നാണ് വിളിക്കുന്നത്. കാര്യമിതാണ്; അവിടുത്തെ സര്‍ക്കാര്‍ ദാസേട്ടന് ഒരു വിശിഷ്ടപുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നു.

അവാര്‍ഡുദാനച്ചടങ്ങിനുശേഷം ഓപ്പറ ഹൗസില്‍ കച്ചേരി. ഏതൊരു കലാകാരന്റെയും സ്വപ്നമാണ് ഓപ്പറഹൗസില്‍ പാടുക എന്നത്. കോപമൊക്കെ തണുത്തിരിക്കുന്നു. പറയുന്നതില്‍ കുറച്ച് ആവേശമൊക്കെയുണ്ട്. നല്ല വാര്‍ത്തയല്ലേ, പിന്നെ, എന്തിനായിരുന്നു ശകാരം-ഞാന്‍ തിരക്കി. അവര്‍ അവാര്‍ഡുദാനച്ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത് ഒക്ടോബര്‍ ഒന്നിനാണ്. ആ ദിവസം സൂര്യയില്‍ കച്ചേരി പാടേണ്ട ദിവസമാണ്.

കഴിഞ്ഞ എത്രവര്‍ഷങ്ങളായി അങ്ങിനെയാണ്. ഞാന്‍ സമ്മതിച്ചാല്‍ മാത്രമേ അദ്ദേഹം അവാര്‍ഡു സ്വീകരിക്കാനുള്ള സമ്മതം നല്‍കൂ. അവരുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ രണ്ടുമണിക്കൂറായി എന്നെ വിളിച്ചുകൊണ്ടിരുന്നത്. മറ്റൊരു ദിവസം പാടിയാല്‍ മതിയോ എന്നു ഞാന്‍ പറയണം- എന്റെ സമ്മതം വേണം. ഒന്നും പറയാനാവാത്ത ഒരവസ്ഥയിലായിപ്പോയി ഞാന്‍. നിസ്സാരനായ ഞാന്‍ പറഞ്ഞിട്ടുവേണോ അദ്ദേഹത്തിനു സമ്മതം മൂളാന്‍. എന്റെ കണ്ണുകള്‍ നിറഞ്ഞു. അദ്ദേഹം സൂര്യയിലെ കച്ചേരിക്കും പറഞ്ഞ വാക്കിനും നല്‍കുന്ന പ്രാധാന്യമാണ് ഞാനവിടെക്കണ്ടത്.

കഴിഞ്ഞ നാല്പത്തിരണ്ടു വര്‍ഷമായി അദ്ദേഹം സൂര്യയില്‍ കച്ചേരി പാടുന്നു. ഒരേ ദിവസം; ഒക്ടോബര്‍ ഒന്ന്. ഇതൊരു ലോക റെക്കോഡാകാം. സൂര്യയുടെ ഏറ്റവും വലിയ അനുഗ്രഹമാണ് ദാസേട്ടന്‍. അതിരുവിട്ട പ്രശംസകള്‍ ചൊരിയാനൊന്നും അദ്ദേഹത്തിനറിയില്ല. ഓരോവര്‍ഷം സൂര്യ പിന്നിടുമ്പോളും ആശംസകള്‍ ചൊരിയുന്ന ഒരു നോട്ടം എന്റെമേല്‍ വീഴും. വല്ലപ്പോഴും ചിലപ്പോള്‍ തോളില്‍ ഒന്നുതട്ടിയെന്നുവരും. അത്രമാത്രം. പക്ഷേ, അതുമതി, മുന്നോട്ടുപോകാനുള്ള ഊര്‍ജം.

ഒക്ടോബര്‍ രണ്ടാം തീയതി എന്നോടൊപ്പം എന്റെ വീട്ടില്‍ ചെലവഴിക്കും. വര്‍ഷങ്ങളായുള്ള പതിവാണത്. പൂജാമുറിയില്‍ ഇരുന്നു പ്രാര്‍ഥിക്കും. ചിലപ്പോള്‍ പാടും. ഭക്ഷണത്തിനു ശര്‍ക്കരപാവിലിട്ട തേങ്ങയും അവിലും കണിശമായും വേണം. ഞാന്‍ മറക്കാതിരിക്കാന്‍ ഓര്‍മിപ്പിക്കുകയും ചെയ്യും.

ഒക്ടോബര്‍ ഒന്നിന് അദ്ദേഹം രാവിലെ മുതല്‍ ആരെയും കാണുകയില്ല. കച്ചേരിയുടെ റിഹേഴ്സലാണ്. വിശ്വിക്കാനാവില്ല. ഇത്രയും മുതിര്‍ന്ന കലാകാരനാണോ റിഹേഴ്സല്‍. ഒരിക്കല്‍ മാത്രമാണ് റിഹേഴ്സല്‍ ഇല്ലാതെ പാടിക്കണ്ടത്. അന്ന് അദ്ദേഹം അമേരിക്കയില്‍നിന്നു വിമാനമിറങ്ങി, നേരെ ഓഡിറ്റോറിയത്തിലേക്കു വന്നു മൂന്നു മണിക്കൂറോളം പാടിയിട്ട് രാത്രി വൈകി വിമാനത്തില്‍ അമേരിക്കയ്ക്കു പറന്നു. കൈവീശി യാത്ര പറഞ്ഞപ്പോള്‍ അന്നും എന്റെ കണ്ണുകള്‍ നിറഞ്ഞു.

ഒരുപൈസപോലും പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം സൂര്യയില്‍ കച്ചേരിപാടുന്നത്. ഒരു മുന്‍ജന്മബന്ധംപോലെ-ഒരു സുകൃതംപോലെ.

43 വര്‍ഷങ്ങള്‍ക്കുമുന്‍പ് മദിരാശിയിലെ വള്ളുവര്‍കോട്ടത്തിനു സമീപമുള്ള എം.എസ്.സുബ്ബലക്ഷ്മിയുടെ വീട്ടില്‍െവച്ചാണ് സൂര്യാഫെസ്റ്റിവലിന്റെ ജനനം. എന്നോടൊപ്പം ഉണ്ടായിരുന്നത് പദ്മാസുബ്രഹ്മണ്യം, മാവേലിക്കര കൃഷ്ണന്‍കുട്ടിനായര്‍, ദസേട്ടന്‍ പിന്നെ, സാക്ഷാല്‍ എം.എസ്.സുബ്ബലക്ഷ്മിയും. ആ പിറവിദിവസത്തില്‍, കുറെ പ്രഖ്യാപനങ്ങളുണ്ടായി. പദ്മാസുബ്രഹ്മണ്യം പറഞ്ഞു -എല്ലാ ഒക്‌ടോബര്‍ 10-നും ഞാന്‍ സൂര്യയില്‍ നൃത്തം ചെയ്യും. 38 വര്‍ഷം തുടര്‍ച്ചയായി അവര്‍ നൃത്തമാടി.

ദാസേട്ടന്‍ പറഞ്ഞു എല്ലാ ഒക്ടോബര്‍ ഒന്നിനും ഞാന്‍ പാടും. ഇന്നും പാടിക്കൊണ്ടിരിക്കുന്നു. മാവേലിക്കര കൃഷ്ണന്‍കുട്ടി നായര്‍ പറഞ്ഞു ദാസ് പാടുമ്പോള്‍ ഞാന്‍ മൃദംഗം വായിക്കും. മരണംവരെ അദ്ദേഹമാണ് ദാസേട്ടന് മൃദംഗം വായിച്ചത്. യാത്രചെയ്യാന്‍ വിഷമമുണ്ടായിരുന്ന എം.എസ്.സുബ്ബലക്ഷ്മി മാത്രം പറഞ്ഞു. ഞാന്‍ ഇടയ്ക്കിടെ വന്നു പാടും. എല്ലാവര്‍ഷവും വയ്യ- അനാരോഗ്യംതന്നെ കാരണം. ഒരു ഒക്ടോബര്‍ 28-നാണ് സൂര്യയില്‍ അവസാനമായി പാടിയത്. ഒരുപാട് വേദികള്‍ ബാക്കിവെച്ചിട്ട് അവര്‍ യാത്രപറഞ്ഞു.

ഞാന്‍ ഏറെ പ്രയാസപ്പെടുന്നത് എന്നെ പഠിപ്പിച്ച, പ്രത്യേകിച്ച് സ്‌കൂളില്‍ എന്നെ പഠിപ്പിച്ച അധ്യാപകരോടൊപ്പം ഇരിക്കേണ്ടിവരുമ്പോളാണ്. മുള്ളിന്മേല്‍ ഇരിക്കുന്നതുപോലെയാണത്. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍, എന്റെ ഗുരുനാഥന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, എന്നെ വളര്‍ത്തിയ സുഗതകുമാരി ഇവരോടൊക്കെ ഒപ്പം ഇരിക്കാന്‍ പ്രയാസം. ദാസേട്ടനോടൊപ്പവും അങ്ങനെ തന്നെ.

എങ്കിലും ചിലപ്പോളൊക്കെ അദ്ദേഹത്തോടൊപ്പമിരുന്നു കാറില്‍ യാത്ര ചെയ്യേണ്ടിവന്നിട്ടുണ്ട്. എപ്പോളും, വേഗം 'സ്ഥലമെത്തണേ' എന്ന പ്രാര്‍ഥന മാത്രം. ആരാധനാപാത്രങ്ങളെ ദൂരെനിന്നുകാണാനാണ് എനിക്കിഷ്ടം-എന്നും. ദൂരെ തിളങ്ങുന്ന നക്ഷത്രങ്ങളെപ്പോലെ.

Content Highlights :  Soorya Krishnamurthy about KJ Yesudas Surya Festival Yesudas at 80