യേശുദാസിന്റെ ശബ്ദസൗഭഗത്തെ ഏറ്റവുമധികം ഉപയോഗിച്ച സംഗീതസംവിധായകനാണ് രവീന്ദ്ര ജെയ്ന്‍. കാഴ്ചയില്ലാത്ത ജെയ്ന്‍ യേശുദാസിന്റെ ശബ്ദത്തിലെ ദൈവികത തിരിച്ചറിഞ്ഞു. അങ്ങനെ താന്‍സന്‍ എന്ന സിനിമയ്ക്കുവേണ്ടി പത്ത് രാഗങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ഗാനം അദ്ദേഹം ചിട്ടപ്പെടുത്തി. മൂന്നു ദിവസവും 59 ടേക്കുകളും കഴിഞ്ഞപ്പോള്‍ പാട്ട് പൂര്‍ത്തിയായി. പാട്ട് പൂര്‍ത്തിയായെങ്കിലും സിനിമ ഒരിക്കലും യാഥാര്‍ഥ്യമായില്ല

അപൂര്‍വചാരുതയാര്‍ന്ന ഒരു രാഗമാലികയുടെ സഞ്ചാരപഥങ്ങളിലൂടെ സ്വയം മറന്നൊഴുകുന്ന മിയാന്‍ താന്‍സന്റെ ചിത്രം മരണംവരെ ഉള്ളില്‍ കൊണ്ടുനടന്നു രവീന്ദ്ര ജെയ്ന്‍. അഭിഷേക് ബച്ചന്റെ രൂപമായിരുന്നു ജെയ്നിന്റെ മനസ്സിലെ ആ സുന്ദരനായ സംഗീതചക്രവര്‍ത്തിക്ക്; യേശുദാസിന്റെ ശബ്ദവും. കവിയും സംഗീതസംവിധായകനുമായ രവീന്ദ്ര ജെയ്ന്‍ ഇന്നില്ല. പക്ഷേ, ജെയ്നിന്റെ സ്വപ്നത്തിന് സുഗന്ധംപകര്‍ന്ന പാട്ട് ഇന്നുമുണ്ട് കാതുകളില്‍. വെളിച്ചംകാണാതെപോയ 'താന്‍സന്‍' എന്ന ഹിന്ദി ചിത്രത്തില്‍ പ്രിയഗായകന്‍ യേശുദാസിന് പാടാന്‍വേണ്ടി നാലു പതിറ്റാണ്ടുമുമ്പ് ജെയ്ന്‍ എഴുതി ചിട്ടപ്പെടുത്തിയ രാഗമാലിക: ''ഷഡ്ജനെ പായാ യേ വര്‍ദാന്‍ കോയീ ഭീ സ്വര്‍ സാ ഠഹ്രാ കര്‍ ഗാ ലോ ചതുര്‍ സുജാന്‍...'' കാഫിയില്‍ തുടങ്ങി ബിലാവല്‍, ഭൈരവി, യമന്‍ കല്യാണ്‍, ഖമാജ്, അസാവരി, ബഹാര്‍, സോഹിനി, ദര്‍ബാരി, മേഘ് രാഗങ്ങളുടെ ആരോഹണാവരോഹണങ്ങളില്‍ അലിഞ്ഞൊഴുകിയശേഷം തിരികെ കാഫിയില്‍ വന്നുചേരുന്ന 13 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനമാല്യം. കാഴ്ചയുടെ പരിമിതികളെ ഉള്ളിലെ സംഗീതത്തിന്റെ വെളിച്ചംകൊണ്ട് അതിജീവിച്ച മഹാപ്രതിഭയുടെ മാസ്റ്റര്‍പീസ്. യേശുദാസിന്റെ വാക്കുകളില്‍, സംഗീതജീവിതം തനിക്കുവേണ്ടി കരുതിവെച്ച ഏറ്റവും വലിയ സൗഭാഗ്യങ്ങളില്‍ ഒന്ന്.

ആഗ്രയിലെ ഫത്തേപ്പുര്‍ സിക്രിയില്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ രാജധാനിക്ക് സമീപമുള്ള ജലാശയത്തിന് നടുവില്‍ 'അനൂപ് താലാവ്' എന്ന മനോഹരമായ ഒരു ചെങ്കല്‍ മണ്ഡപമുണ്ട്. അഞ്ഞൂറുവര്‍ഷംമുമ്പ് മിയാന്‍ താന്‍സന്‍ ഇരുന്ന് പാടിയെന്നു വിശ്വസിക്കപ്പെടുന്ന ആ മണ്ഡപത്തിനുമുന്നില്‍ അടുത്തിടെ ചെന്നുനിന്നപ്പോള്‍ ആദ്യം ഓര്‍മവന്നത് രവീന്ദ്ര ജെയ്നിന്റെ വാക്കുകള്‍തന്നെ: ''ഹൃദയരക്തം നല്‍കി ഞാന്‍ സൃഷ്ടിച്ച ഗാനമാണ് ഷഡ്ജനെ പായാ. എന്റെ സ്വപ്നഗാനം. മരിക്കുംമുമ്പ് അത് സിനിമയില്‍ ചിത്രീകരിച്ചുകാണണം എന്നുണ്ട്. എല്ലാം ഒത്തുവന്നാല്‍ താമസിയാതെ ആ മോഹം സഫലമാകും... അഭിഷേക് ബച്ചന്‍ യേശുവിന്റെ സ്വരത്തില്‍ പാടും; ഫത്തേപ്പുര്‍ സിക്രിയില്‍ താന്‍സന്‍ പാടി മഴപെയ്യിച്ച അതേ സംഗീതസോപാനത്തില്‍ ഇരുന്നുകൊണ്ട്. അവിടെവെച്ചുതന്നെ ആ ഗാനം ചിത്രീകരിക്കണമെന്നത് എന്റെ വാശിയാണെന്ന് കൂട്ടിക്കോളൂ...'' അവസാനത്തെ ഫോണ്‍ സംഭാഷണത്തിനിടെ അദ്ദേഹം പങ്കുവെച്ച സ്വപ്നം. പക്ഷേ, അത് സഫലമാക്കാന്‍ വിധി ജെയ്നിനെ അനുവദിച്ചില്ല. സംഗീതപ്രേമികളുടെ ഭാഗ്യദോഷം.

മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ നവരത്‌നസദസ്സിലെ അംഗമായ താന്‍സനെ കേന്ദ്രകഥാപാത്രമാക്കി 1970-കളുടെ അവസാനം കനക് മിശ്ര സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിനുവേണ്ടിയാണ് 'ഷഡ്ജനെ പായാ' രവീന്ദ്ര ജെയ്ന്‍ സൃഷ്ടിച്ചത്. സഞ്ജീവ് കുമാര്‍ താന്‍സനായി അഭിനയിക്കേണ്ടിയിരുന്ന ചിത്രം. മുഹമ്മദ് റഫിക്ക് മാത്രമേ ആ ഗാനത്തോട് പരിപൂര്‍ണ നീതിപുലര്‍ത്താന്‍ കഴിയൂ എന്ന് വിശ്വസിച്ചു കനക് മിശ്ര. ജെയ്നിനും ഉണ്ടായിരുന്നില്ല മറിച്ചൊരു അഭിപ്രായം. ആരാധനാപുരുഷനായ റഫി സാഹിബിനെ ഒന്നു 'കണ്ടു' നിര്‍വൃതിയടയാന്‍വേണ്ടി മാത്രം അലിഗഢില്‍നിന്ന് സിനിമയുടെ സ്വപ്നനഗരിയില്‍ വന്നിറങ്ങിയ ആളാണല്ലോ അദ്ദേഹം. എന്നാല്‍, പാട്ട് പാടി കേള്‍പ്പിച്ചുകൊടുത്തപ്പോള്‍ വിനയപൂര്‍വം ഒഴിഞ്ഞുമാറുകയാണ് റഫി സാഹിബ് ചെയ്തതെന്ന് പറയുന്നുജെയ്ന്‍. എങ്കില്‍പ്പിന്നെ ശാസ്ത്രീയസംഗീതവിശാരദനായ മന്നാഡേ പാടട്ടെ എന്നായി മിശ്ര. പക്ഷേ, രാഗവൈവിധ്യവും സ്ഥായീഭേദങ്ങളും ശ്രുതിഭേദങ്ങളും മുഖമുദ്രയായ ആ ഗാനത്തോട് നീതിപുലര്‍ത്താന്‍ തനിക്ക് കഴിയുമോ എന്ന് മന്നാഡേയ്ക്ക് സംശയം. ഒടുവില്‍, വിധിനിയോഗമെന്നോണം 'ഷഡ്ജനെ പായാ' യേശുദാസിനെ തേടിയെത്തുന്നു. ''ഇന്ന് ആ പാട്ടിന്റെ റെക്കോഡ് കേള്‍ക്കുമ്പോള്‍ തോന്നും, യേശുദാസിനുവേണ്ടിയല്ലേ ആ പാട്ട് ജനിച്ചതെന്ന്.''-ജെയ്ന്‍.

ഗാനമെഴുതുമ്പോള്‍ രാഗലക്ഷണങ്ങള്‍ ലളിതമായി അതില്‍ കൊണ്ടുവരണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു രവീന്ദ്ര ജെയ്നിന്. സാധാരണക്കാര്‍ക്കുകൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാട്ടാവണം. പഞ്ചിങ് പോലുള്ള സാങ്കേതികമായ കുറുക്കുവഴികള്‍ നിലവില്‍വന്നിട്ടില്ലാത്ത കാലമായിരുന്നതിനാല്‍ അത്തരമൊരു പാട്ട് ഒറ്റയടിക്ക് പാടിഫലിപ്പിക്കുക അത്ര എളുപ്പമല്ല. അഗാധമായ ശാസ്ത്രീയസംഗീതജ്ഞാനമുള്ളവര്‍ക്കേ അതിന് ധൈര്യംവരൂ. അപാരമായ ശബ്ദനിയന്ത്രണവും അനിവാര്യം. യേശുദാസിന്റെ ശബ്ദത്തിന്റെ വലിയൊരു ആരാധകനായ സൗണ്ട് എന്‍ജിനിയര്‍ റോബിന്‍ ചാറ്റര്‍ജിയാണ് മെഹബൂബ് സ്റ്റുഡിയോയിലെ സംഭവബഹുലമായ റെക്കോഡിങ്ങിന് ചുക്കാന്‍പിടിച്ചത്. ഇന്ത്യന്‍ സംഗീതപ്രതിഭകളുടെ ഒരു ക്രോസ് സെക്ഷന്‍തന്നെ അണിനിരന്നു പാട്ടിന്റെ പിന്നണിയില്‍ -പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, ശിവകുമാര്‍ ശര്‍മ, ജനാര്‍ദന്‍ അഭയങ്കര്‍, വീണാ പാര്‍ഥസാരഥി തുടങ്ങി മഹാപ്രതിഭകളുടെ ഒരു നിര. രണ്ടുദിവസത്തിലേറെ വേണ്ടിവന്നു പാട്ട് റെക്കോഡ് ചെയ്യാന്‍. ഒരു നിമിഷംപോലും പാഴാക്കാതെ, ജലപാനംപോലും ഉപേക്ഷിച്ചുകൊണ്ടുള്ള യജ്ഞം. ''59 ടേക്കുകള്‍ക്കുശേഷം മൂന്നാം ദിവസം പുലര്‍ച്ചയോടെ ഗാനം ഓക്കേ ആകുമ്പോഴേക്കും ഞാനും യേശുവും ആകെ തളര്‍ന്നിരുന്നു. കുറെ ദിവസത്തേക്ക് പിന്നീട് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍പോലുമായില്ല. എങ്കിലും ആ ക്ഷീണത്തിനുപോലുമുണ്ടായിരുന്നു ഒരു പ്രത്യേക സുഖം.'' -ജെയ്ന്‍ പറഞ്ഞു. ''ആ ഗാനം റെക്കോഡ് ചെയ്തശേഷമാണ് ഞാന്‍ യേശുവിനെ പണ്ഡിറ്റ് യേശുദാസ് എന്ന് വിളിച്ചുതുടങ്ങിയത്. വെറുമൊരു പിന്നണി ഗായകന്‍ മാത്രമല്ലല്ലോ അദ്ദേഹം.''

ആയുസ്സിലൊരിക്കല്‍മാത്രം സംഭവിക്കുന്ന അത്തരമൊരു ക്‌ളാസിക് ഗാനം 'പാഴായിപ്പോയ'തില്‍ മരണംവരെ ദുഃഖിച്ചിരുന്നു രവീന്ദ്ര ജെയ്ന്‍. ഗാനങ്ങളുടെ റെക്കോഡ് വിപണിയിലെത്തിയെങ്കിലും പടം പുറത്തുവന്നില്ല. ''സിനിമ വരാത്തതില്‍ യേശുവിനും ഉണ്ടായിരുന്നു ദുഃഖം. എന്തുചെയ്യാം? ക്ലാസിക്കല്‍ സ്പര്‍ശമുള്ള ഇത്തരം ഗാനങ്ങള്‍ പുതിയ തലമുറ സ്വീകരിക്കുമോ എന്നായിരുന്നു അധികം പേര്‍ക്കും ആശങ്ക.'' എല്ലാ പ്രതീക്ഷയും അസ്തമിച്ചുതുടങ്ങിയ ഘട്ടത്തില്‍ ദൈവദൂതനെപ്പോലെ സൂരജ് ബര്‍ജാത്യ അവതരിക്കുന്നു; പഴയ അതേ താന്‍സന്റെ കഥ അഭിഷേക് ബച്ചനെയും ഐശ്വര്യ റായിയെയുംവെച്ച് പുനര്‍നിര്‍മിക്കാം എന്ന വാഗ്ദാനവുമായി. 'ഷഡ്ജനെ പായാ' ഉള്‍പ്പെടെ പഴയ സിനിമയ്ക്കുവേണ്ടി റെക്കോഡ് ചെയ്ത ആറു പാട്ടുകള്‍ പുതിയ സിനിമയില്‍ ഉപയോഗിക്കാനും അദ്ദേഹം തയ്യാറായി എന്നതാണ് അദ്ഭുതം. പക്ഷേ, ഒരു പ്രശ്‌നം. താന്‍സന്റെ കഥ സിനിമയാക്കാന്‍ ധൈര്യമുള്ള സംവിധായകരെ കിട്ടാനില്ല. ആരുമില്ലെങ്കില്‍ താന്‍തന്നെ സംവിധായകന്റെ റോള്‍ ഏറ്റെടുക്കാം എന്നായിരുന്നു രവീന്ദ്ര ജെയ്നിന്റെ വാഗ്ദാനം. നായകനാകാന്‍ അഭിഷേക് ഉള്ളപ്പോള്‍ മറ്റ് ആശങ്കകള്‍ എന്തിന്? ''നിങ്ങള്‍ വിശ്വസിക്കുമോ, ഈ രാഗമാലിക ചിട്ടപ്പെടുത്തുന്ന സമയത്ത് യേശുദാസ് തന്നെയായിരുന്നു എന്റെ മനസ്സിലെ താന്‍സന്‍.'' -ജെയ്ന്‍ പറഞ്ഞു. ''വെള്ളിത്തിരയില്‍ ആ പാട്ടുപാടി അഭിനയിക്കാന്‍ ഏറ്റവും യോഗ്യത യേശുവിനുതന്നെ. പക്ഷേ, ഇനി അത് നടക്കില്ല. ഈ പ്രായത്തില്‍ യേശുവിനോട് അഭിനയിക്കാന്‍ പറയുന്നത് അധികപ്രസംഗമല്ലേ?''

കൗതുകം തോന്നാം. മുമ്പൊരു മലയാള സിനിമയില്‍ താന്‍സനായി മുഖംകാണിച്ചിട്ടുണ്ട് യേശുദാസ്. ഉദയായുടെ ബാനറില്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത 'അനാര്‍ക്കലി'(1966)യില്‍. പക്ഷേ, ആ ചിത്രത്തില്‍ താന്‍സനുവേണ്ടി പിന്നണിപാടിയത് യേശുദാസല്ല; ഡോ. ബാലമുരളീകൃഷ്ണയാണ്. 'സപ്തസ്വരസുധാ സാഗരമേ' എന്ന് തുടങ്ങുന്ന ആ ഗാനരംഗത്ത് യേശുദാസിന്റെ സഹഗായകനായി അഭിനയിച്ച എല്‍.പി.ആര്‍. വര്‍മയ്ക്കുവേണ്ടി പാടിയതാകട്ടെ പി.ബി. ശ്രീനിവാസും. 'അനാര്‍ക്കലി'യില്‍ പ്രത്യക്ഷപ്പെട്ട് ഇരുപതു വര്‍ഷം കഴിഞ്ഞ് ചിന്താമണി സൂര്‍ദാസ് (1988) എന്ന ഹിന്ദി ചിത്രത്തില്‍ താന്‍സന്‍ കഥാപാത്രത്തിനുവേണ്ടി പിന്നണി പാടാനും ഭാഗ്യമുണ്ടായി യേശുദാസിന്. രവീന്ദ്ര ജെയ്ന്‍ സ്വരപ്പെടുത്തിയ 'മേരാ മന്‍ അനത് കഹാ' എന്ന ശാസ്ത്രീയഗാനം. പടത്തില്‍ താന്‍സനായി അഭിനയിച്ചത് ചില്ലറക്കാരനല്ല എന്നുകൂടി അറിയുക -ഗസല്‍ പ്രതിഭയായ അനൂപ് ജലോട്ട.

യേശുദാസിനുമുമ്പ് വെള്ളിത്തിരയില്‍ താന്‍സനാകാനും താന്‍സന്റെ ശബ്ദമാകാനും ഭാഗ്യം സിദ്ധിച്ച ഒരേയൊരാളേയുള്ളൂ -സാക്ഷാല്‍ കുന്ദന്‍ ലാല്‍ സൈഗള്‍. ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ താന്‍സനായിരുന്നു സൈഗള്‍. ജയന്ത് ദേശായിയുടെ സംവിധാനത്തില്‍ 1943-ല്‍ പുറത്തുവന്ന 'താന്‍സന്‍' എന്ന ചിത്രത്തില്‍ നായകനായും ഗായകനായും സൈഗള്‍ തിളങ്ങി. 'ദിയാ ജലാവോ ജഗ് മഗ് ജഗ് മഗ്' എന്ന ഗാനം പാടി വിളക്കുതെളിയിക്കുന്ന സംഗീതചക്രവര്‍ത്തിയെ എങ്ങനെ മറക്കാന്‍? രണ്ടു പതിറ്റാണ്ടിനുശേഷം ഭരത് ഭൂഷണ്‍ നായകനായിവന്ന 'സംഗീത് സമ്രാട്ട് താന്‍സനി'ല്‍ എസ്.എന്‍. ത്രിപാഠി ഈണമിട്ട സുന്ദരഗാനങ്ങള്‍ നാം കേട്ടു. മുകേഷ് പാടിയ, സോഹിനി രാഗത്തിന്റെ തീവ്രവിഷാദഭാവം മുഴുവന്‍ ഉള്‍ക്കൊണ്ട 'ജൂംതീ ചലീ ഹവാ' ഓര്‍ക്കുക. അതിന് രണ്ടുവര്‍ഷംമുമ്പ് മുഗള്‍ എ അസമില്‍ താന്‍സന് ശബ്ദംനല്‍കാന്‍ നൗഷാദ് കണ്ടെത്തിയത് ഉസ്താദ് ബഡെ ഗുലാം അലിഖാനെ ആയിരുന്നു; ബൈജു ബാവരയില്‍ അമീര്‍ ഖാന്‍ സാഹിബിനെയും. ആ നിരയിലേക്കാണ് രവീന്ദ്ര ജെയ്ന്‍-യേശുദാസ് ടീം കടന്നുചെന്നത്.

സംഗീതസംവിധായകനും ഗായകനും തമ്മിലുള്ള പ്രൊഫഷണല്‍ ബന്ധത്തിനപ്പുറത്ത് ഗാഢമായ ആത്മബന്ധം കാത്തുസൂക്ഷിച്ചവരാണ് രവീന്ദ്ര ജെയ്നും യേശുദാസും. 'ചിത്ചോര്‍' എന്ന ചിത്രത്തില്‍ തുടങ്ങുന്നു ആ സൗഹൃദം. നേരത്തേ 'ആനന്ദമഹല്‍' എന്ന സിനിമയ്ക്കുവേണ്ടി സലില്‍ ചൗധരിയുടെ ഈണത്തില്‍ യേശുദാസ് പാടിയ ചില ശ്ലോകങ്ങള്‍ കേട്ടാണ് ജെയ്ന്‍ അദ്ദേഹത്തെ ചിത്ചോറില്‍ പാടാന്‍ ക്ഷണിക്കുന്നത്. ''കാഴ്ചശക്തി ഇല്ലാത്തവര്‍ക്ക് ദൈവം ഒരു കഴിവ് തന്നിട്ടുണ്ട്. ഏതു ശബ്ദത്തിലെയും ന്യൂനതകള്‍ ഞങ്ങളുടെ കാതുകള്‍ എളുപ്പം പിടിച്ചെടുക്കും. യേശുവിന്റെ ശബ്ദം ആദ്യം കേട്ടപ്പോള്‍ പോരായ്മകള്‍ ഒന്നുമില്ലാത്ത ശബ്ദം എന്നാണ് മനസ്സ് മന്ത്രിച്ചത്. എന്തോ ഒരു ദൈവികത്വം ഉണ്ടായിരുന്നു ആ ശബ്ദത്തില്‍.'' അതേ ദൈവികത്വത്തില്‍നിന്നാണ് രവീന്ദ്ര ജെയ്ന്‍ യേശുദാസിനുവേണ്ടി എണ്ണമറ്റ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ സൃഷ്ടിച്ചത് എന്നുകൂടി ഓര്‍ക്കുക: ഗോരി തേരാ ഗാവ് ബഡാ പ്യാരാ, ജബ് ദീപ് ജലേ ആനാ, തുജോ മേരെ സുര്‍ മേ, ആജ് സെ പെഹ്ലെ (ചിത്ചോര്‍), സുനയനാ, ആംസൂ ഭി ഹേ (സുനയനാ), ഖുഷിയാം ഹി ഖുഷിയാം (ദുല്‍ഹന്‍ വഹി ജോ പിയാ മന്‍ ഭായെ)... 'സുജാത' എന്ന ചിത്രത്തിലെ താലിപ്പൂ പീലിപ്പൂ, കാളിദാസന്റെ കാവ്യഭാവനയെ തുടങ്ങിയ മലയാളം പാട്ടുകള്‍ വേറെ. എന്നെങ്കിലും ഈശ്വരന്‍ കാഴ്ച കനിഞ്ഞുനല്‍കിയാല്‍ ആദ്യം കാണാന്‍ ആഗ്രഹിക്കുന്ന മുഖം യേശുദാസിന്റേതാണെന്ന് പറഞ്ഞിട്ടുണ്ട് രവീന്ദ്ര ജെയ്ന്‍. ആ ഭാഗ്യമുണ്ടായില്ല ജെയ്നിന്. 2015 ഒക്ടോബര്‍ ഒന്‍പതിന് അദ്ദേഹം യാത്രയായി; പ്രകാശമാനമായ മറ്റൊരു ലോകത്തേക്ക്.

Content Highlights : ravindra jain wishes to see k j yesudas first when regains eyesight