ളരെ കുറച്ചുമാത്രം ചിത്രങ്ങള്‍ക്ക് നന്നേ കുറച്ചുമാത്രം പാട്ടുകള്‍ എഴുതിയിട്ടുള്ള എഴുത്തുകാരനാണ് ഞാന്‍. എനിക്കുമുന്‍പ് എഴുതിയിട്ടുള്ളവരെയോ എന്നോടൊപ്പം എഴുതിയിട്ടുള്ളവരെയോ-പേരെടുത്തു പറഞ്ഞാല്‍ ബിച്ചു തിരുമല, പൂവച്ചല്‍ ഖാദര്‍-പോലെ വിപുലമായ ഗാനശേഖരം എനിക്കവകാശപ്പെടാനില്ല. എഴുതിയവയില്‍ പലതും പരാജയപ്പെട്ട ചിത്രങ്ങളുമാണ്. അതുകൊണ്ടുതന്നെ പല പാട്ടുകളും ശ്രദ്ധിക്കപ്പെടാതെ പോയി. ഹിറ്റായ ചിത്രങ്ങളിലെ പാട്ടുകളാണല്ലോ സ്വാഭാവികമായും ജനശ്രദ്ധ പിടിച്ചുപറ്റാറ് (ഇതിന് ചുരുക്കം ചില അപവാദങ്ങള്‍ ഇല്ലെന്നല്ല). ചുരുക്കി പറഞ്ഞാല്‍ ഏതാനും പാട്ടുകള്‍ മാത്രമാണ് എന്റെ മടിശ്ശീലയിലുള്ളത്. ഇവിടെ എനിക്ക് എടുത്തുപറയാനുള്ള ആദ്യ സന്തോഷം അവയില്‍ ഏറെയും പാടിയിട്ടുള്ളത് യേശുദാസ് ആണെന്നുള്ളതാണ്. അവയില്‍ ഒട്ടുമിക്കതും ഹിറ്റുകളായിരുന്നു.

പാട്ടെഴുതുന്ന ആരും ആദ്യമാഗ്രഹിക്കുന്നത് എന്നെങ്കിലും എന്റെ ഒരു ഗാനം ദേവരാജന്‍ മാസ്റ്റര്‍ ട്യൂണ്‍ ചെയ്തിരുന്നെങ്കില്‍ എന്നാണ്. അതേപോലെതന്നെ എന്റെ ഒരു പാട്ട് യേശുദാസ് പാടിയിരുന്നെങ്കില്‍ എന്നാണ്. ഞാനും ആ ആഗ്രഹത്തിലായിരുന്നു. പ്രാര്‍ഥനയിലായിരുന്നു. എന്റെ നാട്ടിലെ സാഹിത്യപോഷിണി വായനശാലയില്‍ കൂട്ടുകാരുമൊത്ത് 'ആകാശവാണി'യിലെ ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ യേശുദാസിന്റെയും എസ്. ജാനകിയുടെയും പി. സുശീലയുടെയും ഗാനങ്ങള്‍ കേട്ട് കോരിത്തരിക്കുമ്പോള്‍ മുതല്‍ മൊട്ടിട്ടതാണ് ആ ആഗ്രഹം. അദ്ദേഹം നാദബ്രഹ്മത്തിന്റെ സാഗരം നീന്തുമ്പോള്‍ തീരത്തിരുന്ന് അതിന്റെ ഭാഗമാകാനുള്ള ആവേശം. എന്റെ ആ മോഹംവൃഥാവിലാവില്ലെന്നും എന്നെങ്കിലും ഒരിക്കല്‍ എനിക്കുവേണ്ടി ഒരു വാതില്‍ തുറക്കപ്പെടുമെന്നും ഉള്ള ഒരു വിശ്വാസം എന്നെ നയിച്ചിരുന്നു.

ഞാന്‍ യേശുദാസിനെ നേരില്‍ കാണുന്നതും പരിചയപ്പെടുന്നതും എന്റെ ഒരു 'മുഴുപ്പട' പാട്ടിന്റെ റെക്കോഡിങ് വേളയിലാണ്. മദിരാശിയിലെ അരുണാചലം സ്റ്റുഡിയോ- എന്നോടൊപ്പം നിര്‍മാതാവ് മാത്യൂസും എന്റെ ആത്മമിത്രമായ ചന്ദ്രമോഹനുമുണ്ട് (ചന്ദ്രമോഹന്‍ പ്രശസ്ത ഗായകന്‍ കെ.പി. ഉദയഭാനുവിന്റെ സഹോദരനാണ്). സംഗീതസംവിധായകനും എനിക്ക് ഗുരുതുല്യനുമായ ദക്ഷിണാമൂര്‍ത്തിസാമിയാണ് അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തിയത്.

നാദമാധുരികൊണ്ട് ചക്രവാളങ്ങള്‍ കീഴടക്കിക്കഴിഞ്ഞ ഗന്ധര്‍വഗായകന്‍. ആറ്റുനോറ്റിരുന്ന ഒരഭിലാഷത്തിന്റെ സാഫല്യമുഹൂര്‍ത്തം. ആ മഹാഗായകന്‍ എന്റെ ഒരു ഗാനം ആലപിച്ച് റെക്കോഡ് ആക്കാന്‍ പോകുന്നു! ആ സ്വരസായൂജ്യം എന്റെ വരികളെ അഭൗമ മേഖലയിലേക്ക് എടുത്തുയര്‍ത്താന്‍ പോകുന്നു. എന്റെ സന്തോഷത്തിന് ചിറകുമുളച്ചു.

തികച്ചും ഒരു കന്നിക്കാരനെങ്കിലും തികഞ്ഞ ആത്മാര്‍ഥതയോടെയാണ് അദ്ദേഹമെന്നോട് പെരുമാറിയത്. അത് എന്റെ മനസ്സില്‍ മഹത്തായൊരു വര്‍ണചിത്രം വരച്ചു.

മോഹസാഫല്യം

'അലകള്‍' എന്ന പടത്തിനുവേണ്ടി 'അഷ്ടടമിപ്പൂന്തിങ്കളേ' ഒരു സെമിക്ലാസിക്കല്‍ സിനിമാപാട്ടിന്റെ ഉദയം. യേശുദാസ് പാടി റെക്കോഡ് ചെയ്യപ്പെട്ടു. എന്റെ ചലച്ചിത്രഗാന രചനാരംഗത്തേക്കുള്ള അരങ്ങേറ്റം. അധികം വൈകിയില്ല. ബാബുരാജിന്റെ സംഗീതസംവിധാനത്തില്‍ 'സൗന്ദര്യപൂജ' എന്ന ചിത്രത്തിനുവേണ്ടി 'ആപാദചൂഡം പനിനീര്' എന്ന പാട്ടിന്റെ ആലേഖനം. തുടര്‍ന്ന് ഈശ്വരനിശ്ചയം പോലെ അദ്ദേഹത്തിലൂടെ എന്റെ പാട്ടുകള്‍ക്ക് ജനപ്രീതിയാര്‍ജിക്കാനൊരു യോഗം. 'സ്വര്‍ണവിഗ്രഹം' എന്ന ചിത്രത്തില്‍

'സ്വര്‍ണവിഗ്രഹമേ;

ഭഗവതി പട്ടുടുത്ത്

നാണം മറയ്ക്കാന്‍ മറന്നവരേ'

തുടങ്ങി എം.ബി.എസ്സിന്റെ ഈണത്തില്‍ മൂന്ന് ഗാനങ്ങള്‍. തുടര്‍ന്ന് സ്വര്‍ണമത്സ്യത്തില്‍ ബാബുരാജിന്റെ സംഗീതസംവിധാനത്തില്‍

'തുലാപക്ഷമേഘമൊരു പുണ്യതീര്‍ഥം'

'മാണിക്യപൂമുത്ത്' എന്നിവ. എന്നാല്‍ തൊട്ടടുത്ത് നടന്ന ഒരു റെക്കോഡിങ് ആയിരുന്നു എന്റെ ജീവിതത്തെ മാറ്റിമറിച്ചത്. എനിക്ക് ഏറ്റവും വേണ്ടപ്പെട്ടവനും പ്രതിഭാശാലിയുമായ ഹരിഹരന്റെ 'അയലത്തെ സുന്ദരി'യിലെ യേശുദാസിന്റെ മൂന്ന് ഗാനങ്ങള്‍.

ലക്ഷാര്‍ച്ചന കണ്ട് ...

'ലക്ഷാര്‍ച്ചന കണ്ട്'

'ത്രൈയംബകം'

'നീലമേഘകുടനിവര്‍ത്തി'

അവ വമ്പിച്ച ജനപ്രീതി നേടിയതോടെ എന്റെ ജാതകം മാറ്റിഎഴുതപ്പെട്ടു. ഒരു ഗാനരചയിതാവ് എന്ന അംഗീകാരം എനിക്ക് ജനങ്ങളും സിനിമാക്കാരും ഒരുമിച്ചുനല്‍കി. തുടര്‍ന്ന് ബാബുമോനില്‍ എം.എസ്. വിശ്വനാഥന്‍ നാടന്‍ പാട്ടിന്റെ മടിശ്ശീല, ഇന്ദ്രനീലം എന്നീ ഗാനങ്ങളിലൂടെയും തെമ്മാടി വേലപ്പനില്‍ എം.എസ്.വി.യുടെ സംഗീതസംവിധാനത്തില്‍ 'ത്രിശങ്കുസ്വര്‍ഗത്തെതമ്പുരാട്ടി', 'ഇന്ദ്രധനുസ്സുകൊണ്ടിലക്കുറിയണിയും' എന്നിങ്ങനെയുള്ള ഗാനങ്ങളും ഒപ്പം ദേവരാജന്‍ മാസ്റ്ററുടെ മ്യൂസിക് ഡയറക്ഷനില്‍ അമ്മിണി അമ്മാവനിലെ 'രാജസൂയം കഴിഞ്ഞു', 'നരനായിങ്ങനെ', 'കണ്ണാംപൊത്തിലേ' തുടങ്ങിയവയും. തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അദ്ദേഹം എന്റെ ഗാനങ്ങള്‍ പാടി. അവയില്‍ രവീന്ദ്രജയിനോടൊപ്പം 'താലിപ്പൂ പീലിപ്പൂ', 'കാളിദാസന്റെ കാവ്യഭാവന' തുടങ്ങിയവ ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങളായി. അങ്ങനെ എത്രയെത്ര ഗാനങ്ങള്‍. 'ഈ ജീവിതമൊരു പാരാവാരം', 'ദേവാമൃതഗംഗ' (ചിത്രം ഇവനെന്റെ പ്രിയപുത്രന്‍), 'ചന്ദ്രമദത്തിന്റെ ഗന്ധമാദനത്തിലെ', 'നാണം കള്ളനാണം' (ഓര്‍മകള്‍ മരിക്കുമോ), 'സ്യമന്തപഞ്ചകതീര്‍ഥം', 'കാര്‍ത്തികപ്പൂക്കൂട' (ചെന്നായ വളര്‍ത്തിയ കുട്ടി - അര്‍ജുനന്‍), 'പാലാഴി മങ്കയെ പരിണയിച്ചു', 'പച്ചക്കരിമ്പിന്റെ നീരിറ്റുവീഴുന്ന' (സഖക്കാളേ മുന്നോട്ട്- ദേവരാജന്‍), 'നവനീതചന്ദ്രികേ തിരിതാഴ്ത്തൂ', '

ആലിലതോണിയില്‍' (അവള്‍ക്ക് മരണമില്ല- ദേവരാജന്‍), 'ഞാന്‍ പെണ്‍കൊടിമാരുടെ പ്രിയമദനന്‍', 'നാരികള്‍ കലിയുഗനാരികള്‍' (പൂച്ചസന്യാസി- സംഗീതം യേശുദാസ്), സംക്രമസ്‌നാനം കഴിഞ്ഞു, 'പാലരുവി നടുവില്‍' (ഇനിയെത്ര സന്ധ്യകള്‍- ദേവരാജന്‍), 'തൊഴുകൈ നീട്ടി ഉണരും', 'ഒരു പുന്നാരം കിന്നാരം' (ബോയിങ് ബോയിങ്- രഘുകുമാര്‍), 'ശ്രീകോവില്‍ച്ചുമരുകളിടിഞ്ഞുവീണു' (കേണലും കളക്ടറും- ദേവരാജന്‍), 'ശരപഞ്ജരത്തിനുള്ളില്‍' (കര്‍ണപര്‍വം- ദേവരാജന്‍), 'ഇളം മഞ്ഞിന്‍ കുളിരുമായ്' (നിന്നിഷ്ടം എന്നിഷ്ടം - കണ്ണൂര്‍ രാജന്‍), ഇങ്ങനെ അദ്ദേഹം പാടിയവയാണ്, ജനപ്രീതിനേടിത്തന്നവയാണ് എന്റെ പാട്ടുകളിലേറെയും. ഒരു ഗാനരചയിതാവെന്ന നിലയില്‍ ആനന്ദലബ്ധിക്ക് ഇനി എന്തുവേണം. ഈ സഹയാത്രയ്ക്കിടക്ക് ഗാനഗന്ധര്‍വന്‍ ഒരിക്കല്‍ എന്നെ വിളിച്ച് ആവശ്യപ്പെട്ട ഒരു കാര്യമാണ്, അദ്ദേഹത്തെക്കുറിച്ചെഴുതുമ്പോള്‍ എനിക്ക് എടുത്തുപറയാനുള്ളത്.

ദാസേട്ടന്റെ മോഹം

''ഗോപാലകൃഷ്ണാ, എനിക്കൊരു കീര്‍ത്തനം എഴുതിത്തരണം- ഒരു നിരോഷ്ഠകം.''

നിരോഷ്ഠകം എന്നുപറഞ്ഞാല്‍ എനിക്ക് മനസ്സിലാകും. ഓഷ്ഠകമല്ലാത്തത്. വിശദീകരിച്ചാല്‍ ചുണ്ടുകള്‍ (ഓഷ്ഠം) തമ്മില്‍ ചേരാത്തത് എന്നര്‍ഥം. ഡബ്ബിങ് ചിത്രങ്ങള്‍ക്ക് എഴുതുന്ന എനിക്കത് എളുപ്പം മനസ്സിലാകും. ചുണ്ടുകള്‍ തമ്മില്‍ മുട്ടാതെ- അതാണ് നിരോഷ്ഠകം- വ, പ, മ- ഈ അക്ഷരങ്ങള്‍ ഇല്ലാത്ത ഒരു ഗാനം. ലിപികള്‍ തമ്മില്‍ ചേരാത്തത്. ഇങ്ങനെയൊരു ഗാനം കിട്ടിയാല്‍ ആലാപനത്തിന് സൗകര്യമാണ്. വായ് തുറന്ന് ചുണ്ടുകള്‍ ചേര്‍ക്കാതങ്ങനെ പാടിപ്പോകാം. ഞാനത് ഏറ്റു. ഒരു വെല്ലുവിളിയായിരുന്നെങ്കിലും ആവശ്യപ്പെട്ട ആളിനോടുള്ള ആദരവോടെ എഴുതിത്തീര്‍ത്തുകൊടുത്തു.

'സരസീരുഹദളലോചനേ

സര്‍ഗസാഹിത്യ സംഗീതികേ

സങ്കീര്‍ത്തനങ്ങളാല്‍

സാരസ്വതത്തിന്റെ

സൗന്ദര്യാരാധന - എന്റെ സ്വാഗതഗാനാര്‍ച്ചന'

ഇങ്ങനെയായിരുന്നു തുടക്കം.

കീര്‍ത്തനം എഴുതാനുള്ള നിയോഗം യേശുദാസിനെപ്പോലൊരു മഹാഗായകന്‍ എന്നോടാവശ്യപ്പെട്ടു എന്ന സന്തോഷം എല്ലാ രചനയുടെ പിന്നിലുമുണ്ടായിരുന്നു. ഞാന്‍ ഗാനം- കീര്‍ത്തനം- മുഴുവനും അദ്ദേഹത്തെ ഏല്പിച്ചു. അതദ്ദേഹം വാങ്ങി. വായിച്ചു. സംതൃപ്തനായി. എന്നെ അഭിനന്ദിച്ചു. നന്ദി അറിയിച്ചു.

അതെത്ര ഇടങ്ങളില്‍ പാടി എന്ന് എനിക്കറിയില്ല. ഏതായാലും നിരോഷ്ഠകത്തില്‍ ഒരു സരസ്വതീസങ്കീര്‍ത്തനം യേശുദാസിനുവേണ്ടി ഞാന്‍ രചിച്ചു എന്നത് എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരനുഭവമായി മനസ്സില്‍ ശേഷിക്കുന്നു.

ഇതിനിടയ്ക്ക് യേശുദാസിനോടൊത്ത് പാട്ടുകള്‍ ട്യൂണ്‍ ചെയ്യുന്നതിന് ഇരിക്കാനുള്ള അവസരവും എനിക്കുണ്ടായി. ഡയറക്ടര്‍ ഹരിഹരന്റെ സ്വന്തം ചിത്രമായ 'പൂച്ചസന്ന്യാസി' എന്നതായിരുന്നു ആദ്യചിത്രം. അന്ന് അവര്‍ രണ്ടുപേരും നല്ല ബിസി. അവരെ ഒന്നിച്ചിരുത്തി പാട്ട് കമ്പോസുചെയ്യിക്കുക എനിക്ക് വലിയ ഭാരമായിരുന്നു. ഒത്തുകിട്ടുക വലിയ വിഷമം. രാത്രി അഭിരാമപുരത്തെ വീട്ടില്‍നിന്ന് യേശുദാസിനോടൊപ്പമിരുന്ന് ട്യൂണിന് പറ്റിയ വരികളുണ്ടാക്കി ഞാനെന്റെ മുറിയില്‍ വന്ന് (അന്ന് മദിരാശി ആര്‍.കെ. ലോഡ്ജിലെ രണ്ടാം നമ്പര്‍ മുറിയിലാണ് ഞാന്‍ താമസം) ഹരിഹരനുവേണ്ടികാത്തിരിക്കും. ഷൂട്ടിങ്ങും കഴിഞ്ഞ് അദ്ദേഹം വരുമ്പോള്‍ ഞാന്‍ പാട്ടും ലിറിക്കും കേള്‍പ്പിക്കും. ഒരുപാട് മാറ്റങ്ങള്‍ അദ്ദേഹം നിര്‍ദേശിക്കും. അടുത്തദിവസം അതുമായി യേശുദാസിന്റെ വീട്ടില്‍.

അങ്ങനെ പിറന്നവയാണ് 'ഞാന്‍ പെണ്‍കൊടിമാരുടെ പ്രിയമദനന്‍- പ്രിയ കാമുകന്‍- കാതല്‍ മന്നന്‍'

'നാരികള്‍ നാരികള്‍'

'ഇവനൊരു സന്ന്യാസി- പൂച്ചപൂച്ച പൂച്ച പൂച്ചസന്ന്യാസി' തുടങ്ങിയവ. ഞാന്‍ എഴുതി യേശുദാസ് സംഗീതസംവിധാനം നിര്‍വഹിച്ച മറ്റൊരു ചിത്രമുണ്ട് 'കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി.' വളരെ പ്രതീക്ഷയോടെ തുടങ്ങിയെങ്കിലും നിര്‍ഭാഗ്യവശാല്‍ ആ ചിത്രം തുടക്കത്തില്‍തന്നെ നിന്നുപോയി. എങ്കിലും അതില്‍ അദ്ദേഹം മ്യൂസിക്ക് നല്‍കിയ പാട്ടുകള്‍ എല്ലാം ഇമ്പകരങ്ങളായിരുന്നു. കാലം കുറെ കടന്നുപോയില്ലേ? ഓര്‍മയിലേക്ക് ആ വരികള്‍ എളുപ്പത്തില്‍ കടന്നുവരാത്തതിന് ക്ഷമാപണം.

യേശുദാസ് പാടിയ എന്റെ ഇഷ്ടപ്പെട്ട പത്ത് പാട്ടുകള്‍
1. ലക്ഷാര്‍ച്ചന - അയലത്തെ സുന്ദരി

2. ത്രൈയംബകം-അയലത്തെ സുന്ദരി

3. നാടന്‍ പാട്ടിന്റെ- ബാബുമോന്‍

4. രാജസൂയം- അമ്മിണി അമ്മാവന്‍

5. സംക്രമസ്‌നാനം- ഇനിയെത്ര സന്ധ്യകള്‍

6. ഈ ജീവിതമൊരു പാരാവാരം- ഇവനെന്റെ പ്രിയപുത്രന്‍

7. കാളിദാസന്റെ - സുജാത

8. തൊഴുകൈ- ബോയിംഗ് ബോയിംഗ്

9. പച്ചക്കരിമ്പിന്റെ - സഖാക്കളേ മുന്നോട്ട്

10. ഇളം മഞ്ഞിന്‍ കുളിരുമായി- നിന്നിഷ്ടം എന്നിഷ്ടം

Content Highlights : Mankompu Gopalakrishnan Lyricist about Yesudas birthday special yesudas at 80