ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ എൺപതാം പിറന്നാൾ ദിനമാണിന്ന്. കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ കുടുംബാംഗങ്ങൾക്കൊപ്പമാണ് പിറന്നാൾ ആഘോഷം. മകൻ വിജയ് യേശുദാസ്, പിറന്നാൾ ഒരുക്കങ്ങൾ മാതൃഭൂമി വായനക്കാർക്കായി എഴുതുന്നു...ഒരുമാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ...

അപ്പായുടെ എൺപതാം പിറന്നാൾ ദിവസം അപ്പയോടും അമ്മയോടും എന്റെ സഹോദരങ്ങളോടുമൊപ്പം ഒത്തുചേരാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. ജനുവരി 10 എന്നൊരു ദിനമുണ്ടെങ്കിൽ ലോകത്തെവിടെയായാലും എന്തൊക്കെ റെക്കോഡിങ് തിരക്കായാലും അപ്പ കൊല്ലൂർ സന്നിധിയിലെത്തും, അമ്മയ്ക്കായി നാലുവരി കീർത്തനം അർപ്പിക്കും. അരനൂറ്റാണ്ടിലേറെയായി അപ്പയുടെ ചര്യയാണിത്. ഇത്തവണ എൺപതാം പിറന്നാളിനാണ് എത്തുന്നതെന്നത് ഞങ്ങളെ കൂടുതൽ സന്തോഷിപ്പിക്കുന്നു.

നനാത്വത്തിൽ ഏകത്വം എന്ന മൂകാംബിക ക്ഷേത്രത്തിലെ ചിന്തയാണ് അപ്പായെ കൊല്ലൂരമ്മയുടെ ഭക്തനാക്കിയത്. വിദ്യാദേവതയായ സരസ്വതിയായും ലക്ഷ്മിയായുമൊക്കെ അമ്മ ഭാവംമാറുമ്പോൾ അപ്പ ആ സങ്കല്പത്തിനുമുന്നിൽ എല്ലാ ജന്മദിനത്തിലും മനസ്സർപ്പിക്കാനെത്തുന്നു. പുലർച്ചെ ചണ്ഡികാ ഹോമം, അതുകഴിഞ്ഞ് ദേവീ സന്നിധിയിലോ സരസ്വതീമണ്ഡപത്തിലോ കീർത്തനാലാപനം. പിന്നീട്, കാഞ്ഞങ്ങാട് രാമചന്ദ്രന്‍റെ സംഗീതസദസ്സിലും അപ്പ സംബന്ധിക്കും.

സ്വർണമുഖിയിൽ പലനാടുകളിൽനിന്നെത്തുന്ന ഗായകർ അപ്പായുടെ സാമീപ്യത്തിൽ ഗാനമാലപിച്ച് അരങ്ങേറ്റം കുറിക്കുന്നതും സന്തോഷംപകരുന്ന കാഴ്ചയാണ്. മൂകാംബിക സംഗീതാരാധനാ സമിതി സംഘടിപ്പിക്കുന്ന സൗപർണികാമൃതപുരസ്‌കാരം സമ്മാനത്തിനും ഇത്തവണ ആഹ്ലാദമേറെയാണ്. ‘ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ...’ പോലുള്ള അപ്പായുടെ പ്രിയപ്പെട്ട ഒട്ടേറെ ഭക്തിഗാനങ്ങൾക്ക് സംഗീതം പകർന്ന ടി.എസ്. രാധാകൃഷ്ണനാണ് പുരസ്കാര ജേതാവെന്നത് സന്തോഷംകൂട്ടുന്നു.

അപ്പ, ഗുരു, വഴികാട്ടി...

ജീവിതം എന്തെന്നും തെറ്റും ശരിയും എങ്ങനെ തിരിച്ചറിയാമെന്നുമുള്ള പാഠങ്ങൾ അപ്പയിൽനിന്നാണ് ഞാൻ പഠിച്ചത്. എന്റെ കുട്ടിക്കാലത്തുതന്നെ ഏറെ തിരക്കുള്ള കലാകാരനായിരുന്നു അദ്ദേഹം. ഈ എൺപതാം വയസ്സിലും അത് മാറ്റമില്ലാതെ തുടരുന്നു.

ഈ തിരക്കുകൾക്കിടയിലും ഞങ്ങൾക്കൊപ്പം പങ്കിടാൻ അപ്പ സമയം കണ്ടെത്തിയിരുന്നു. ഒരിക്കലെങ്കിലും എന്നെ ശിക്ഷിച്ചതായി ഞാൻ ഓർക്കുന്നില്ല. ഉപദേശിച്ചു തിരുത്തുകയാണ് അപ്പയുടെ ശൈലി. ഗാനാവതരണത്തിലുള്ള ഉച്ചാരണശുദ്ധി അപ്പയിൽനിന്നാണ് ഞാൻ സ്വായത്തമാക്കിയത്. അപ്പയാകട്ടെ മുത്തച്ഛനിൽനിന്നും.

കുട്ടിക്കാലത്തുതന്നെ ഇന്ത്യയിലും വിദേശത്തുമായി അപ്പയോടൊപ്പം ഒട്ടേറെ സ്റ്റേജ് പരിപാടികളിൽ ഞാൻ പങ്കെടുത്തിരുന്നു. ഇപ്പോഴും അപ്പയുമൊത്തുള്ള സ്റ്റേജ് പരിപാടികൾ എനിക്ക് വേറിട്ടൊരു അനുഭവമാണ്.

ആദ്യമായി സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ (കോലക്കുഴൽവിളി...-നിവേദ്യം) എന്നെ അഭിനന്ദിച്ച അപ്പ, പുരസ്കാരങ്ങൾ തേടിവരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയും പറഞ്ഞുതന്നിരുന്നു. ജീവിതത്തിൽ നമ്മൾ പ്രായോഗികമായി ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങൾ എനിക്ക് അദ്ദേഹം പറഞ്ഞുതരാറുണ്ട്.

ഇന്ന് ഞങ്ങൾ എല്ലാവരും അപ്പയുടെ ജന്മദിനത്തിൽ, മൂകാംബികാ ദേവി സന്നിധിയിൽ ഒത്തുചേരുകയാണ്. ഇതുവരെയും എന്നും അപ്പയ്ക്കും ഞങ്ങൾക്കും തന്ന മാതൃഭൂമിയുടെ സ്നേഹവാത്സല്യങ്ങൾ ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു. അപ്പയ്ക് മധുരമൂറുന്ന പിറന്നാൾ ആശംസകൾ.

അപ്പായുടെ എനിക്ക് പ്രിയപ്പെട്ട പാട്ടുകൾ

‘കരളേ നിൻ കൈപിടിച്ചാൽ...’ (ദേവദൂതൻ-2000, രചന: കൈതപ്രം, സംഗീതം: വിദ്യാസാഗർ)

‘മനോഹരി നിൻ മനോരഥത്തിൽ...’ (ലോട്ടറി ടിക്കറ്റ്-1970, രചന: ശ്രീകുമാരൻ തമ്പി, സംഗീതം: വി. ദക്ഷിണാമൂർത്തി)

‘ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം...’ (ഞാൻ ഗന്ധർവൻ-1991, രചന; കൈതപ്രം, സംഗീതം: ജോൺസൺ)

‘ഒരു രാത്രികൂടി വിടവാങ്ങവേ...’ (സമ്മർ ഇൻ ബത്ത്‌ലഹേം-1998, രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: വിദ്യാസാഗർ)

‘ശ്രീരാഗമോ തേടുന്നു നീ...’ (പവിത്രം-1994, രചന: ഒ.എൻ.വി. കുറുപ്പ്, സംഗീതം: ശരത്)

‘സാഗരങ്ങളേ പാടിയുണർത്തിയ...’ (പഞ്ചാഗ്നി-1986, രചന: ഒ.എൻ.വി. കുറുപ്പ്, സംഗീതം: ബോംബെ രവി)

Content Highlights: Singer KJ yesudas at 80th birthday, son vijay yesudas talks about father