സംഗീതയാത്രയിൽ അമ്പതാണ്ട് പിന്നിട്ട പി.എസ്. വിദ്യാധരൻ സ്വയം ചിട്ടപ്പെടുത്തിയ ‘ചന്ദനം മണക്കുന്ന പൂന്തോട്ട...’മെന്ന വരികളിൽ തുടങ്ങിയ ഗാനാർച്ചനയുടെ തുടർച്ചയായി എൺപത് ഗായകർ പാടി. എല്ലാംതന്നെ മലയാളത്തിന്റെ സ്വന്തം യേശുദാസിന്റെ ശബ്ദത്തിൽ ഇതൾവിരിഞ്ഞ മനോഹര ഗാനങ്ങൾ. ഗീതം സംഗീതമെന്ന കൂട്ടായ്മ കെ.ജെ. യേശുദാസിന് നൽകിയ പിറന്നാൾ സമ്മാനം തന്നെയായി ഗന്ധർവ ഗീതം സംഗീതം ദാസേട്ടൻ@80 എന്ന സംഗീത പരിപാടി. തൃശ്ശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലും സമീപജില്ലകളിലുമുള്ള സംഗീതപ്രേമികളുടെ കൂട്ടായ്മയായ ഗീതം സംഗീതമാണ് മലയാളത്തിന്റെ പ്രിയ ഗായകന് സംഗീതാർച്ചന നടത്തിയത്.

കെ.ജെ. യേശുദാസ് പാടിയ എൺപത് സോളോ ഗാനങ്ങളാണ് സംഗീതാർച്ചനയ്ക്കായി തിരഞ്ഞെടുത്തത്. സ്ത്രീശബ്ദങ്ങൾ കടന്നുവന്നത് കോറസ് വേണ്ട സമയങ്ങളിൽ മാത്രം. മലയാളത്തിനു പുറമെ ഇതരഭാഷകളിൽ യേശുദാസ് പാടിയ ഗാനങ്ങളും സംഗീതാർച്ചനയിൽ ഒഴുകിയെത്തി.

യേശുദാസിന്റെ സംഗീതം മാത്രം മുഴങ്ങിയ വേദിയിൽ ഗാനങ്ങളുടെ പിന്നണി വിശേഷവുമായി കാരിക്കേച്ചറിസ്റ്റ്‌ ജയരാജ് വാര്യരുമുണ്ടായിരുന്നു. സംഗീതാവതരണത്തിന് എത്തിയ ആലങ്കോട് ലീലാകൃഷ്ണന്റെ ആശംസ, യേശുദാസിന്റെ ‘തങ്കത്തളികയിൽ പൊങ്കലുമായി വന്ന...’ എന്ന ഗാനത്തിലൂടെയായിരുന്നു.

ഗീതം സംഗീതം ഗ്രൂപ്പിലെ അംഗങ്ങൾക്കു പുറമെ ഫാ. പോൾ പൂവത്തിങ്കൽ, യദു എസ്. മാരാർ, മനോജ് കമ്മത്ത്, പ്രദീപ് സോമസുന്ദരം, എടപ്പാൾ വിശ്വം തുടങ്ങിയവർ ഗാനാലാപനത്തിൽ പങ്കാളികളായി. സംഗീത സംവിധായകൻ ഔസേപ്പച്ചൻ യേശുദാസുമൊത്തുള്ള തന്റെ ഓർമകൾ പങ്കുവെച്ചു.

സംഗീത സംവിധായകൻ ജി. ദേവരാജൻ യേശുദാസിന് പാട്ടുകൾ പാടി നൽകുകയായിരുന്നില്ല എന്നും എന്നിട്ടും യേശുദാസ് പാടിയ ഗാനങ്ങൾ അതുല്യമാണെന്നും സംഗീത സംവിധായകൻ ഔസേപ്പച്ചൻ പറഞ്ഞു. ജനുവരി ഒരു ഓർമ സിനിമയിലെ ഒരു ഗാനത്തിൽ ഓം എന്നഭാഗം യേശുദാസ് പാടിയത് ഒരിക്കലും മറക്കാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യേശുദാസിന്റെ മുഖചിത്രവുമായി പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിന് അംഗീകാരമായി സ്നേഹോപഹാരം ചടങ്ങിൽ സമ്മാനിച്ചു. മാതൃഭൂമിക്ക് വേണ്ടി യൂണിറ്റ് മാനേജർ വിനോദ് പി. നാരായൺ സംഗീത സംവിധായകൻ ഔസേപ്പച്ചനിൽനിന്ന്‌ ഉപഹാരം ഏറ്റുവാങ്ങി.