ചിറ്റ്‌ചോര്‍ എന്ന ഒറ്റ സിനിമയാണ് യേശുദാസ് എന്ന ഗായകനെ ഹിന്ദി സിനിമയിലെ വേറിട്ട സ്വരമാക്കിയത്. പാടിയ പാട്ടുകളെല്ലാം ഹിറ്റാക്കി യേശുദാസ് ഹിന്ദിയിലെ അതിപ്രശസ്ത ഗായകര്‍ക്കുപോലും അദ്ഭുതമായി. ചിറ്റ്‌ചോറില്‍ യേശുദാസിന്റെ പാട്ടുകള്‍ അഭിനയിച്ചത് അമോല്‍ പലേക്കര്‍ എന്ന അതുല്യനടനാണ്. യേശുദാസുമായുള്ള ആത്മബന്ധത്തെപ്പറ്റി അമോല്‍ പലേക്കര്‍ സംസാരിക്കുന്നു

സലില്‍ദാ വഴി വന്ന യേശുദാസ്

യേശുദാസിനെ ആദ്യമായി ഞാന്‍ അറിയുന്നത് സലില്‍ദാ (സംഗീത സംവിധായകന്‍ സലീല്‍ ചൗധരി) വഴിയാണ്. ഒരിക്കല്‍ സംസാരിക്കുന്ന സമയത്ത് മലയാളത്തില്‍ യേശുദാസ് എന്ന ഗായകനുണ്ടെന്നും അദ്ദേഹത്തെ പരിചയപ്പെടണമെന്നും സലില്‍ദാ പറഞ്ഞു. അതോടെയാണ് യേശുദാസ് എന്ന പേര് എന്റെ മനസ്സിലേക്ക് കയറിവരുന്നത്. സലില്‍ദാ യേശുദാസിനെ വിശേഷിപ്പിച്ചത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് മാര്‍വലസ് സിങ്ങര്‍

എന്റെ ശബ്ദമായി...

'ഛോട്ടി സീ ബാത്ത്' എന്ന ചിത്രത്തില്‍ യേശുദാസ് ആശാഭോസ്ലെയ്‌ക്കൊപ്പം പാടിയ 'ജാനെ മന്‍ ജാനെ മന്‍' എന്ന ഗാനം വലിയ ഹിറ്റായി. സിനിമയില്‍ എന്റെ ശബ്ദമായി യേശുദാസ് മാറി. ആ ചിത്രവും പാട്ടും അഭിനയജീവിതത്തില്‍ എനിക്കും പുതിയ കുതിപ്പിനുള്ള ഊര്‍ജം തന്നു.

പിന്നീട് രവീന്ദ്ര ജെയിനിന്റെ സംഗീതത്തില്‍ 'ചിറ്റ്ചോറി'ല്‍ പിറന്നുവീണ ഓരോ ഗാനവും യേശുദാസിനും എനിക്കും സിനിമാവ്യവസായത്തില്‍ വലിയ പേരുതന്നു. യേശുദാസിനെപ്പോലെ അനുഗൃഹീതനായ ഗായകന്‍ എന്റെ സിനിമായാത്രയ്‌ക്കൊപ്പം ഉണ്ടായി എന്നത് എന്നെസംബന്ധിച്ച് വലിയകാര്യമാണ്.

ആദ്യം കണ്ടപ്പോള്‍

ചിറ്റ്‌ചോറിന്റെ സമയത്താണ് യേശുദാസിനെ മുംബൈയിലെ റെക്കോഡിങ് സ്റ്റുഡിയോവില്‍വെച്ച് ആദ്യമായി കാണുന്നത്. രവീന്ദ്ര ജെയിനുണ്ടായിരുന്നു. ഏതാണ് സ്റ്റുഡിയോ എന്ന കാര്യം ഓര്‍ക്കുന്നില്ല. സംഗീതത്തില്‍ എനിക്കും വലിയ താത്പര്യമാണ്. അന്ന് യേശുദാസ് ആരോടും സംസാരിക്കാതെ ഇരിക്കുകയാണ്. ചെറിയ ലജ്ജയുണ്ട്. റെക്കോഡിങ് സമയത്ത് ആരോ ഒരാള്‍ യേശുദാസിന്റെ ഹിന്ദി ഉച്ഛാരണം ശരിയല്ലെന്നു പറഞ്ഞു. ഞാനാണ് അന്ന് യേശുദാസിന് ധൈര്യവും എല്ലാ പിന്തുണയും നല്‍കിയത്. പിന്നീട് ആ സിനിമാഗാനങ്ങള്‍ ഹിന്ദി ഗാനചരിത്രത്തിലെ നീക്കിയിരിപ്പുകളായി.

ഓരോ ഗാനവും ചരിത്രമായിമാറി. ഒന്നിനൊന്ന് മെച്ചം. എല്ലാ വാക്കുകളെയും നിശ്ചേതനമാക്കി യേശുദാസ് എന്ന ഗായകന്‍ അനശ്വരനായി. എത്ര സുന്ദരമായ ശബ്ദം എന്ന് ഞാന്‍ എന്നോടുതന്നെ പറഞ്ഞു. അന്നു തുടങ്ങിയ സൗഹൃദം ഇന്നും യേശുദാസുമായി തുടരുന്നു. സിനിമയില്‍ ഞാന്‍ അഭിനയിക്കുമ്പോള്‍ യേശുദാസിന്റെ ശബ്ദം കൂടി ഉള്‍ച്ചേര്‍ന്നപ്പോള്‍ അത് വലിയ മായികാനുഭവമാണ് പ്രേക്ഷകരില്‍ തീര്‍ത്തത്. എല്ലാകാലത്തെയും നല്ല കൂടിച്ചേരലായിരുന്നു ഞാനും യേശുദാസും.

പുണെയിലെ വീട്ടില്‍

എനിക്ക് എഴുപതു തികഞ്ഞപ്പോള്‍ എന്നോടൊപ്പം അഭിനയിച്ച നടിമാര്‍, സംവിധായകര്‍, നാടകവേദിയിലെ അഭിനേതാക്കള്‍ അങ്ങനെ ഞാനുമായി അടുപ്പമുള്ളവരെ ഭാര്യ വീട്ടിലേക്ക് വിളിച്ചിരുന്നു. തീര്‍ത്തും സ്വകാര്യമായ ചടങ്ങ്. അന്ന് അമേരിക്കയിലായിരുന്ന യേശുദാസ് ആ ചടങ്ങില്‍ പങ്കെടുക്കാനായിമാത്രം പുണെയിലെ എന്റെ വസതിയിലെത്തി. എനിക്കുവേണ്ടി പാട്ടുകള്‍ പാടുകയും ചെയ്തു. വലിയ ഭാഗ്യമായാണിത് ഞാന്‍ കാണുന്നത്. അത്തരത്തില്‍ വലിയ മനുഷ്യസ്‌നേഹിയും സൗഹൃദത്തെ എല്ലാ അര്‍ഥത്തിലും വിലമതിക്കുന്ന വലിയ മനുഷ്യനുമാണ് യേശുദാസ്.

അമോൽ പലേക്കറിന്‌ പ്രിയപ്പെട്ട യേശുദാസ് ഗാനങ്ങൾ

•തുജെ മേരെ സുറുമെ

•ജബ് ദീപ് ജലെ ആനാ

• ജാനെ മൻ ജാനെ മൻ

•ആജ് സെ പഹ്‌ലെ

•കിസെ കബർ കഹാ

യേശുദാസിനെപ്പറ്റി അമോല്‍ പലേക്കറും ഉഷാ ഖന്നയും എന്‍. ശ്രീജിത്തുമായി സംസാരിച്ചപ്പോള്‍

Content Highlights : Amol Palekar About friendship with Yesudas, hindi songs, yesudas at 80