ലോക സംഗീത ദിനത്തിൽ ഈണങ്ങളുടെ ഒരു പഴയ രാജകുമാരനെ കുറിച്ച്. മലയാളികളെ ഹരം കൊള്ളിച്ച, ഒപ്പം ചുവടു വെപ്പിച്ച എത്രയോ പാട്ടുകളുടെ ശില്പി.  ജീവിതം ആഘോഷമാക്കിയ ഈ പ്രതിഭയുടെ ജൈത്രയാത്രക്ക് വിധി കടിഞ്ഞാണിട്ടത് തികച്ചും യാദൃച്ഛികമായാണ്. ഇന്ന് ചെന്നൈയിലെ കൊട്ടാരസദൃശമായ സ്വന്തം വീടിന്റെ ഏകാന്തമൂകതയിൽ പഴയ ഈണങ്ങളിൽ മുഴുകിയും ഓർമ്മകളുമായി സല്ലപിച്ചും  കഴിയുന്നു അദ്ദേഹം. ജോയിയുമായുള്ള എട്ടു  വർഷം മുൻപത്തെ കൂടിക്കാഴ്ച്ചയിൽ നിന്ന് ഒരേട്...


 മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ 

തലയിണയിൽ ചാരിയിരുന്ന്, തളരാത്ത വലംകൈ കൊണ്ട് പതുക്കെ കട്ടിലിൽ താളമിടുന്നു ജോയ് . ചുണ്ടുകൾ പഴയൊരു  പാട്ടിന്റെ പല്ലവി മൂളുന്നു; വിറയാർന്ന ശബ്ദത്തിൽ :   ``മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ മലരായ് വിടരും നീ , ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളിൽ വിളക്കായ് തെളിയും നീ ...''   

ഇടയ്ക്കെപ്പോഴോ  വികാരാധിക്യത്താൽ വാക്കുകൾ തൊണ്ടയിൽ തടഞ്ഞപ്പോൾ , ജോയ് എന്റെ കൈകൾ മുറുക്കെ പിടിച്ചു. ``നിങ്ങൾക്കറിയാമോ ഈ പാട്ടിന്റെ സ്രഷ്ടാവ് ആരെന്ന് ? ഈ ഞാൻ . കെ ജെ ജോയ് ,''-  സ്വന്തം നെഞ്ചിലേക്ക് ചൂണ്ടി അദ്ദേഹം പറഞ്ഞു . ```കുറെ ഏറെ പാട്ടുകൾ ചെയ്തിട്ടുണ്ട് ഞാൻ . പക്ഷെ ഈ ഒരൊറ്റ പാട്ട് മതി എനിക്ക് തലയുയർത്തി ജീവിക്കാൻ.  ഇറ്റ്‌ ഈസ് മൈ മാസ്റ്റർപീസ്‌ . സായൂജ്യം എന്ന സിനിമയിലെ പാട്ടാണ് . മുപ്പതു വർഷം മുൻപ് റെക്കോർഡ്‌ ചെയ്തത് .''  നിമിഷ നേരത്തെ മൌനത്തിനു ശേഷം  സ്വരം താഴ്ത്തി കൊച്ചു കുഞ്ഞിന്റെ  നിഷ്കളങ്കതയോടെ  ജോയ് ചോദിക്കുന്നു : ``എന്നെ ഓർക്കുന്നുണ്ടാവുമോ മലയാളികൾ ? അത്ര വേഗം മറക്കാൻ പറ്റുമോ എന്നെ അവർക്ക്?''  പൊടുന്നനെ എന്റെ കയ്യിലെ പിടി അയച്ച് മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടന്നു അദ്ദേഹം .

``കുറച്ചു കാലമായി ഡാഡി ഇങ്ങനെയാണ് ,'' -- തൊട്ടടുത്തു ഞങ്ങളുടെ സംസാരം കൌതുകത്തോടെ കേട്ടുനിന്ന ജോയിയുടെ മകൾ ആലീസ് പറഞ്ഞു . ``പെട്ടെന്ന് ഇമോഷണൽ ആകും ; ചിലപ്പോൾ വിതുമ്പും -- പഴയ കഥകൾ പറയുമ്പോൾ , പഴയ സുഹൃത്തുക്കളെ കാണുമ്പോൾ ...  ഒരിക്കലും അദ്ദേഹത്തെ വേദനിപ്പിക്കരുത് എന്നാണു ഡോക്ടർ പറഞ്ഞിരിക്കുന്നത് .''

ചെന്നൈ സാന്തോം ഹൈറോഡിലെ പഴമയും പുതുമയും കൈ കോർത്തു നിൽക്കുന്ന കൊട്ടാരസദൃശമായ കല്പന ഹൗസ്  എന്ന കെട്ടിടത്തിന്റെ അകത്തളത്തിൽ , രാവും പകലും കിടക്കയിൽ ഒതുങ്ങിക്കൂടുന്ന ക്ഷീണിത രൂപത്തിൽ നിന്ന് പഴയൊരു ഗ്ലാമർ താരത്തെ വേർതിരിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. ചുളി വീഴാത്ത സഫാരി സൂട്ടും വിദേശ നിർമിത കൂളിംഗ് ഗ്ലാസും അണിഞ്ഞ് ഏറ്റവും പുതിയ ബ്രാൻഡ്‌ ബെൻസ് കാറിൽ സ്റ്റുഡിയോക്ക് മുന്നിൽ വന്നിറങ്ങുന്ന ആജാനബാഹുവായ ആ പഴയ കെ ജെ ജോയ് എവിടെ ,  നിസ്സഹായതയുടെ ആൾരൂപമായ ഈ അറുപത്തഞ്ചുകാരനെവിടെ ? നാലു വർഷമായി ഇടതു വശം പൂർണ്ണമായി തളർന്നു കിടക്കുകയാണ് മലയാള സിനിമയുടെ പഴയ ഹിറ്റ്‌ കമ്പോസർ . മാസങ്ങൾ  മാത്രം മുൻപ് ഇടതുകാൽ മുറിച്ചു മാറ്റുക കൂടി ചെയ്തതോടെ എല്ലാ അർത്ഥത്തിലും ശയ്യാവലംബിയായി  മാറിയിരിക്കുന്നു   ജോയ് .
ശ്രുതിഭംഗങ്ങൾ ജോയിയുടെ ജീവിതത്തെ വേട്ടയാടിത്തുടങ്ങുന്നത്   മലേഷ്യയിൽ വച്ചാണ് . അവിടെ  ഒരു  സുഹൃത്തിന്റെ വീട്ടിൽ പാർട്ടിയിൽ പങ്കെടുക്കാൻ ചെന്നതായിരുന്നു ജോയ് . വിരുന്നിന്റെ ഏതോ ഘട്ടത്തിൽ ശബ്ദഘോഷങ്ങൾ പെട്ടെന്ന് നിലച്ച പോലെ ഒരു തോന്നൽ; കണ്ണിൽ ഇരുട്ട് കയറിയ  പോലെയും .   പക്ഷാഘാതമായിരുന്നു അതെന്നറിഞ്ഞത്  ആശുപത്രിക്കിടക്കയിൽ വച്ച് ഓർമ വീണ്ടെടുത്തപ്പോഴാണ് . 

വിവരമറിഞ്ഞ്‌ പിറ്റേന്ന് തന്നെ മൂത്ത മകൻ അശോക്‌ ചെന്നൈയിൽ നിന്ന് പറന്നെത്തി - അച്ഛനെ നാട്ടിലേക്ക് കൊണ്ടുപോകാൻ . ജീവിതത്തിലെ ഏറ്റവും കടുത്ത പരീക്ഷണ ഘട്ടമായിരുന്നു പിന്നെ . ശരീരത്തിന്റെ വിവശത ഒരു വശത്ത്‌ ;  മനസ്സിന്റെ തളർച്ച   മറുവശത്ത്; ഓർമ്മ നഷ്ടപ്പെട്ടില്ല എന്നതായിരുന്നു ഏറ്റവും വലിയ ആശ്വാസം . നാലു വർഷത്തെ വിദഗ്ദ ചികിത്സക്കും ഫിസിയോതെറപ്പിക്കും ഒടുവിൽ ആത്മവിശ്വാസം വീണ്ടെടുത്ത് സാഹചര്യങ്ങളോട് മെല്ലെ പൊരുത്തപ്പെട്ടു വരുമ്പോൾ , അതാ വരുന്നു തെല്ലും നിനച്ചിരിക്കാതെ മറ്റൊരു ആഘാതം --  ഇത്തവണ രക്തധമനികളെ ബാധിക്കുന്ന ഒരു അപൂർവ രോഗത്തിന്റെ രൂപത്തിൽ .  ഇടതുകാലിലേക്കുള്ള രക്തപ്രവാഹം പൂർണമായി നിലച്ചതോടെ ആ കാൽ പകുതിക്കു വെച്ച് മുറിച്ചു മാറ്റുകയല്ലാതെ വേറെ വഴിയില്ലായിരുന്നു ഡോക്ടർമാർക്ക് . ``ഇത്രയും വേദനകൾ അനുഭവിച്ചിട്ടും ഡാഡി മാനസികമായി തകർന്നില്ല എന്നതാണ് ഏറ്റവും വലിയ ആശ്വാസം . സംഗീതമാണ് അദ്ദേഹത്തിന് ശക്തി പകരുന്നതെന്ന് തോന്നിയിട്ടുണ്ട് ,'' ആലീസ് പറഞ്ഞു.

എല്ലാ വേദനയും മറയ്ക്കാൻ പോന്ന ഒരു ചിരിയിലൂടെ മകളുടെ വാക്കുകൾ ശരിയെന്ന് സാക്ഷ്യപ്പെടുത്തുന്നു ജോയ് . ``എന്റെ ഈ കിടപ്പ് കാണുമ്പോൾ നിങ്ങൾക്ക് സങ്കടം തോന്നുന്നുണ്ടാകും അല്ലേ?  പക്ഷെ എനിക്ക് ദുഖമൊന്നും ഇല്ല . ഒരു ആയുഷ്കാലം കൊണ്ട് ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ട് ഞാൻ . എത്രയോ സിനിമകൾക്ക്‌ എക്കോഡിയൻ  വായിച്ചു ; എത്രയോ ഹിറ്റ്‌ ഗാനങ്ങൾ ചിട്ടപ്പെടുത്തി . ജീവിതം പരമാവധി ആസ്വദിച്ചു . മക്കളെല്ലാം നല്ല നിലയിൽ ജീവിക്കുന്നു . ആരുടേയും മുന്നിൽ തല കുനിക്കാതെ നേടിയ സമ്പാദ്യങ്ങളാണ് ഇതെല്ലാം.. പോരേ ഒരു പുരുഷായുസ്സ് അർത്ഥപൂർണ്ണമാകാൻ ?'' ഉറച്ച ശബ്ദത്തിൽ ജോയിയുടെ ചോദ്യം . ``കുറച്ച ആഗ്രഹങ്ങളേ ഇനി ബാക്കിയുള്ളൂ . മനസ്സ് നിറയെ ട്യൂണുകൾ ഉണ്ട് ഇപ്പോഴും . ഇവിടെ കിടക്കുമ്പോഴും എന്റെ മനസ്സ് അവ മൂളിക്കൊണ്ടേയിരിക്കുന്നു . ഇനി അവയ്ക്ക് പറ്റിയ വരികൾ കിട്ടണം . ആരുടേയും സഹായമില്ലാതെ ഞാൻ അവ റെക്കോർഡ്‌ ചെയ്യും . പണ്ടും എനിക്ക് സഹായികൾ ഉണ്ടായിരുന്നില്ല . എല്ലാം സ്വന്തമായി ചെയ്തതാണ് . കമ്പോസിംഗും ഓർക്കസ്ട്രേഷനും റെക്കോർഡിംഗും എല്ലാം ...''

പെട്ടെന്ന് ബിച്ചു തിരുമലയെ ഓർമ്മവരുന്നു ജോയിക്ക് ; തനിക്കൊപ്പം ഏറ്റവും കൂടുതൽ ഹിറ്റുകൾ മിനഞ്ഞെടുത്ത ഗാനരചയിതാവിനെ . പഴയ കൂട്ടുകാരനെ ഒന്ന് ഫോണിൽ വിളിച്ചു തരാമോ എന്ന് ജോയിയുടെ  ചോദ്യം .  ബിച്ചുവിന്റെ നമ്പർ ഡയൽ ചെയ്ത്   മൊബൈൽ ഫോൺ കാതിൽ വെച്ചുകൊടുത്തപ്പോൾ  ഹലോ പോലും പറയാതെ ജോയ് പാടി : ``എൻ സ്വരം പൂവിടും ഗാനമേ , ഈ വീണയിൽ നീ അനുപല്ലവി  ...ഓർമ്മയുണ്ടോ ബിച്ചൂ ഈ പാട്ട് . വർഷങ്ങൾക്കു മുൻപ്‌ നമ്മൾ ചെയ്തതാണ് . ഇനിയും ഇങ്ങനത്തെ പാട്ടുകൾ ചെയ്യണം . ഒരു പ്രണയഗാനത്തിന്റെ ആശയവും ട്യൂണും ഇപ്പോൾ എന്റെ ഉള്ളിലുണ്ട് . വരികൾ മാത്രമേ വേണ്ടൂ ഇനി . ബിച്ചു വിചാരിച്ചാൽ നടക്കും  . ഫോണിലൂടെ എത്രയോ  പാട്ടിന്റെ വരികൾ ബിച്ചു എനിക്ക് മൂളിത്തന്നിട്ടില്ലേ? ഇതും അങ്ങനെ മതി  ....''ഫോണിന്റെ അങ്ങേത്തലയ്ക്കൽ നിമിഷ നേരത്തെ മൗനം . പിന്നെ ,  അത്ഭുതവും ആഹ്ലാദവും കലർന്ന ബിച്ചുവിന്റെ ശബ്ദം  : ``ജോയ് വളരെ വളരെ നോർമൽ ആണെന്ന് ഇപ്പൊ എനിക്ക് ബോധ്യമായി . ഈശ്വരന് നന്ദി ..പഴയ ജോയിയെ തിരിച്ചു കിട്ടിയ പോലെ ..''  

എഴുപതുകളിലെ സ്കൂൾ - കോളേജ് കാലത്തോടൊപ്പം ഓർമയിലേക്ക് ഇരമ്പിക്കയറി വരുന്നവയാണ് ജോയിയുടെ ഈണങ്ങൾ . അന്നത്തെ ക്യാമ്പസ്സുകളുടെ ഹരമായിരുന്നു ആ  പാട്ടുകൾ എല്ലാം. കസ്തൂരിമാൻ മിഴി , അക്കരെയിക്കരെ നിന്നാൽ എങ്ങനെ , എൻ സ്വരം പൂവിടും , രാജമല്ലിപ്പൂ വിരിഞ്ഞൂ , കാമുകിമാരെ കന്യകമാരെ ..എത്രയെത്ര ഹിറ്റുകൾ .ഏതു ജനുസ്സിൽ പെട്ട പാട്ടുകളും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട് ജോയ് . ഖവാലി (സ്വർണമീനിന്റെ ചേലൊത്ത), വാത്സല്യം (ആരാരോ ആരിരാരോ അച്ഛന്റെ മോൾ ആരാരോ ), ഹാസ്യം (മണിയാൻ ചെട്ടിക്കു, പരിപ്പുവട പക്കവട ), പ്രണയം (ഹൃദയം പാടുന്നു, നീൾമിഴി തുമ്പിൽ, മഴമുകിൽ മയങ്ങീ), വിരഹം (മറഞ്ഞിരുന്നാലും ), തത്വചിന്ത (ഈ ജീവിതമൊരു പാരാവാരം ), ഭക്തി (കാലിത്തൊഴുത്തിൽ പിറന്നവനെ ), നൃത്തം (രാധാ ഗീതാ ഗോവിന്ദ രാധാ ), ശാസ്ത്രീയം (ലളിതാ സഹസ്ര നാമജപങ്ങൾ, മധുമലർതാലമേന്തും ഹേമന്തം  ) , ഗസൽ (എവിടെയോ കളഞ്ഞു പോയ കൗമാരം ) എന്നിങ്ങനെ .  ദേവരാജനും ബാബുരാജും ദക്ഷിണാമൂർത്തിയും കെ രാഘവനും ചേർന്ന് സമ്പന്നമാക്കിയ   അറുപതുകളിലെ മെലഡി യുഗത്തിൽ നിന്ന് ,   റിഥം കാലഘട്ടത്തിലേക്കുള്ള മലയാള സിനിമാ സംഗീതത്തിന്റെ പ്രയാണം പൂർത്തിയാക്കിയത് എഴുപതുകളുടെ മധ്യത്തിൽ ശ്യാമും  ജോയിയും ചേർന്നാണ് . സലിൽ ചൗധരി ആയിരുന്നു ഇരുവരുടെയും മാതൃകാ പുരുഷൻ . സിനിമാ ഗാനങ്ങളിൽ നിന്ന് കാവ്യാംശം അപ്രത്യക്ഷമായി തുടങ്ങിയതും അതോടെ തന്നെ .  ഗാനങ്ങൾക്ക് അർത്ഥഭംഗിയേക്കാൾ,  ചുണ്ടിൽ എളുപ്പം ഇടം നേടുന്ന ഇമ്പമാർന്ന ഈണമാണ് വേണ്ടതെന്ന പുത്തൻതലമുറ സംഗീത ശിൽപ്പികളുടെ കാഴ്ചപ്പാട്  പതിറ്റാണ്ടുകൾക്ക് മുൻപേ സ്വന്തം ഗാനങ്ങളിൽ വിജയകരമായി നടപ്പാക്കിയ വ്യക്തിയായിരുന്നു കെ ജെ ജോയ് . പാരമ്പര്യവാദികൾ വിമർശനങ്ങളുമായി രംഗത്തെത്തിയെങ്കിലും പാട്ടുകൾ ഒട്ടുമുക്കാലും ഹിറ്റായി എന്നത് സത്യം .

 ``സിനിമാക്കാരുമായി ഒരു ബന്ധവുമില്ല എനിക്കിപ്പോൾ . ആരും എന്നെ കാണാൻ വരാറുമില്ല. സുശീലയും വാണിയും ഇടയ്ക്ക് വിളിക്കും . അത്ര മാത്രം . ആരെയും ഞാൻ പ്രതീക്ഷിക്കുന്നില്ല എന്നതാണ് സത്യം . മുന്നിൽ നിന്ന് ചിരിക്കുന്നവരുടെയും പിന്നിൽ നിന്ന് കുത്തുന്നവരുടെയും ലോകമാണ് സിനിമ . സലിൽ ചൗധരി , എം എസ് വി എന്നിവരെ പോലുള്ള നല്ല മനുഷ്യർ വളരെ അപൂർവം..'' തുറന്നിട്ട ജനാലയിലൂടെ,  കൽപനാ ഹൗസിന്റെ വിശാലമായ മുറ്റത്ത് തലയുയർത്തി നിൽക്കുന്ന മരങ്ങളെ നിർവികാരനായി നോക്കിയിരിക്കുന്നു   ജോയ് . ``ഒരിക്കൽ ഈ കോമ്പൗണ്ടിനുള്ളിൽ ആളൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല . തെന്നിന്ത്യൻ സിനിമയിലെ പ്രധാനപ്പെട്ട ലൊക്കേഷനുകളിൽ ഒന്നായിരുന്നു ഇത്  . എത്രയോ ചിത്രങ്ങളിലെ ഗാന രംഗങ്ങളിൽ ഈ വീടും മുറ്റത്തെ പൂന്തോപ്പും കാണാം . ഇപ്പോൾ ഷൂട്ടിംഗിനു വിട്ടു കൊടുക്കാറില്ല ...''
കല്പനാ ഹൗസിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ജോയിയുടെ പുത്തൻ ബെൻസ്കാർ ജനം സാകൂതം നോക്കിനിന്നിരുന്ന കാലമുണ്ടായിരുന്നു.  ``ഒരു കാലത്ത് കാറുകളോടായിരുന്നു എനിക്ക് കമ്പം,'' -- ജോയ് പറഞ്ഞു. `` ഭംഗിയും വേഗതയും ഉള്ള കാറുകൾ . ആദ്യം സ്വന്തമാക്കിയത് ഫിയറ്റ് ആണ് . പിന്നെ അത് കൊടുത്ത് പ്ലിമത്ത് വാങ്ങി . അത് കഴിഞ്ഞു ബെൻസ് . ഏറ്റവും പുതിയ ബ്രാണ്ടേ വാങ്ങൂ . ഡ്രൈവിംഗ് ഒരു ഹരമായിരുന്നു അന്ന് . ഗോവയിലേക്ക് സ്വയം കാർ ഓടിച്ചു പോയിട്ടുണ്ട് . അതൊരു കാലം .''

യാത്ര പറഞ്ഞു പിരിയുമ്പോഴും എന്തോ മന്ത്രിച്ചുകൊണ്ടിരുന്നു ജോയിയുടെ ചുണ്ടുകൾ. കണ്ണുകളിൽ  ഉറക്കച്ചടവിന്റെ  ആലസ്യം.  പഴമയുടെ നിറവും മണവും ഉള്ള മുറി വിട്ടിറങ്ങുമ്പോൾ , പിന്നിൽ നിന്ന് ജോയ് വിളിച്ചു ചോദിക്കുന്നു: എന്നെ കുറിച്ചെഴുതുന്ന ലേഖനത്തിന് എന്ത് തലക്കെട്ട്‌ കൊടുക്കും നിങ്ങൾ  ? ''  ഒന്നും പറയാതെ വെറുതെ ചിരിക്കുക മാത്രം ചെയ്തു ഞാൻ . ``മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ എന്ന് മതി . മറഞ്ഞു നിൽക്കുകയല്ലേ ഞാൻ എല്ലാവരുടെയും കണ്ണിൽ നിന്ന് ..''

ഒരിക്കൽ കൂടി എന്നെ കിടക്കയ്ക്കരികിലേക്ക്  വിളിച്ചു വരുത്തി പതിഞ്ഞ സ്വരത്തിൽ  കൂട്ടിച്ചേർക്കുന്നു  അദ്ദേഹം : ``എങ്കിലും എന്റെ പാട്ടുകൾ എപ്പോഴും മലയാളികളുടെ മനസ്സിൽ ഉണ്ടാകുമല്ലോ അല്ലേ? മറക്കാൻ പറ്റുമോ നിങ്ങൾക്ക് അവ?'' -- വിശ്വാസം വരാത്ത പോലെ ജോയ് ചോദിച്ചു കൊണ്ടേയിരുന്നു ...

content highlights : world music day kj joy Ravi Menon paattuvazhiyorathu