കോഴിക്കോട്: ലോക സംഗീതദിനമായ ജൂൺ 21 -ന് മാതൃഭൂമി ഡോട്ട് കോമിൽ പ്രമുഖ ഗായകൻ സൂരജ് സന്തോഷ് ലൈവ് മ്യൂസിക് കോൺസേർട്ട് അവതരിപ്പിക്കുന്നു. വൈകീട്ട് 7 മണി മുതൽ 8 മണി വരെയാണ് ഗാനസന്ധ്യ.

ഗപ്പി എന്ന ചിത്രത്തിലെ 'തനിയെ മിഴികൾ'  എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നേടിയ സൂരജ് സന്തോഷ് നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളത്തിന്റെ ഹൃദയം കവർന്ന ഗായകനാണ്.

അമ്പിളിയിലെ 'ആരാധികേ', കുമ്പളങ്ങി നൈറ്റ്‌സിലെ 'ഉയിരിൽ തൊടും തളിർ' ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ 'പുലരാൻ നേരം' തുടങ്ങി ഒട്ടനവധി ജനപ്രിയ ഗാനങ്ങൾ സൂരജിന്റെ പേരിലുണ്ട്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും ഗാനങ്ങൾ ആലിപ്പിച്ചിട്ടുള്ള സൂരജിന്റെ ആൽബം ഗാനങ്ങളും ആലാപനമികവു കൊണ്ടും ആവിഷ്‌കാരത്തിലെ തനിമ കൊണ്ടും ശ്രദ്ധേയമാണ്.

കപ്പ ടിവിയിലെ മ്യൂസിക് മോജോയിലൂടെ ശ്രദ്ധിക്കപ്പെട്ട സംഗീത ബാൻഡായ മസാല കോഫിയുടെ സ്ഥാപകനും പ്രധാന ഗായകനുമായിരുന്നു സൂരജ്. ഈ ഗായകന്റെ ജനപ്രിയ ഗാനങ്ങൾ ലൈവായി ആസ്വദിക്കാനുള്ള അവസരമാണ് ലൈവ് കോൺസേർട്ടിലൂടെ മാതൃഭൂമി ഡോട്ട് കോം ഒരുക്കുന്നത്.

യൂ ടെക് അക്കാദമിയാണ് 'സൂരജ് സന്തോഷ് ലൈവ് കോൺസേർട്ടി' ന്റെ ബ്രോട്ട് ടു യു ബൈ സ്‌പോൺസർ. നിർമൽ റൈസ് ആണ് പവേർഡ് ബൈ സ്‌പോൺസർ.

Content Highlights: World music day, singer sooraj santhosh masala coffee to perform