ഷീലയേയും ശാരദയേയും ഗായകരായി സങ്കൽപ്പിക്കുക; പി സുശീലയെയും എസ് ജാനകിയെയും നർത്തകിമാരായും... അസാധ്യം, അസംഭവ്യം എന്നൊക്കെ തോന്നാം. എന്നാൽ അങ്ങനെയും ഉണ്ടായിരുന്നു ഒരു ദിവസം.

ഷീല പങ്കുവെച്ച ആ രസികൻ ഓർമ്മ ഇങ്ങനെ: ``1970 കളുടെ തുടക്കത്തിലോ മറ്റോ ആവണം. ചെന്നൈയിലെ ചലച്ചിത്ര പരിഷത്തിന്റെ ധനശേഖരണാർത്ഥം കുറച്ചു സ്റ്റേജ് പരിപാടികൾ അവതരിപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള തീവണ്ടി യാത്രയിലാണ് ഞങ്ങൾ -- സുശീല, ജാനകി, ശാരദ, പിന്നെ ഞാനും. പല പല വിഷയങ്ങളെ കുറിച്ച് രസിച്ചു സംസാരിച്ചുകൊണ്ടിരിക്കേ സമയം കളയാൻ വേണ്ടി ആരോ ഒരു നിർദേശം മുന്നോട്ടു വെക്കുന്നു:

``സിനിമയിൽ സാധാരണ നടിമാർ അഭിനയിക്കുകയും പാട്ടുകാർ പിന്നണി പാടുകയുമല്ലേ പതിവ്. നമുക്കത് മറിച്ചൊന്ന് പരീക്ഷിച്ചാലോ? ഷീലയും ശാരദയും പാടുന്നു; സുശീലയും ജാനകിയും നൃത്തം ചെയ്യുന്നു. എങ്ങനെയുണ്ട് ഐഡിയ?''
``അയ്യോ അതിന് ഞാൻ നൃത്തം പഠിച്ചിട്ടില്ലല്ലോ ''-- സുശീല.
അതിനെന്താ, ഞാൻ പാട്ടും പഠിച്ചിട്ടല്ലോ എന്ന് ഷീല.

``ഞങ്ങൾ സഞ്ചരിച്ച കൂപ്പെയിൽ പാട്ടിന്റെയും നൃത്തത്തിന്റെയും പൊടിപൂരമായിരുന്നു പിന്നെ. പാടാനറിയാത്ത ഞങ്ങൾ നടിമാർ വായിൽ വന്നതെല്ലാം പാട്ടാക്കി മാറ്റുന്നു; നൃത്തമറിയാത്ത ഗായികമാർ രണ്ടും കൽപ്പിച്ചു ചുവടുവെക്കുന്നു. അടച്ചിട്ടിരുന്ന കൂപ്പെ ആയതുകൊണ്ട് ഞങ്ങളുടെ കോമാളിക്കളി പുറത്താരും കണ്ടില്ല. ഭാഗ്യം..''

ജീവിതത്തിൽ ഒരിക്കലും ആവർത്തിക്കാനിടയില്ലാത്ത അനുഭവങ്ങളാണ് അതൊക്കെ എന്ന് ഷീല.

സിനിമ അന്നൊരു വലിയ കുടുംബം പോലെയായിരുന്നു. ഗായകരും അഭിനേതാക്കളുമൊക്കെ ആ കുടുംബത്തിന്റെ ഭാഗം. എല്ലാ പാട്ടുകാരുമായും അടുത്ത ബന്ധമുണ്ടായിരുന്നു; പ്രത്യേകിച്ച് പി ലീലയുമായി. ``സിനിമയിൽ വരും മുൻപേ ലീലയുടെ ആരാധികയാണ് ഞാൻ. വന്ന ശേഷം ആദ്യ കാലത്ത് എനിക്ക് വേണ്ടി കുറെയേറെ പാട്ടുകൾ പാടിയിട്ടുണ്ട് അവർ. പിന്നീടാണ് സുശീലയും ജാനകിയും വസന്തയും മാധുരിയും വാണി ജയറാമും ഒക്കെ പാടിത്തുടങ്ങിയത്. സുശീലയുടെ ശബ്ദമാണ് എനിക്ക് ഏറ്റവും യോജിക്കുക എന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട്. എല്ലാ പാട്ടുകാരോടും എനിക്ക് ഒരുപോലെ ഇഷ്ടം..''

Content Highlights : World Music day Sheela shares Memories Janaki P Susheela