തൃശൂർ ചേതന മീഡിയ കോളേജിലെ 'കളിത്തട്ട്' പെർഫോമിംഗ് ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക സംഗീത ദിനമായ ജൂൺ 21 തിങ്കളാഴ്ച 'ഏകം' എന്ന് പേരിട്ടിരിക്കുന്ന വിർച്യുൽ സംഗീത ശിൽപ്പം അവതരിപ്പിക്കുന്നു. ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവ് പിന്നണി ഗായിക രശ്മി സതീഷ്, `അയ്യപ്പനും കോശിയും' സിനിമയിലൂടെ ശ്രദ്ധ നേടിയ നഞ്ചമ്മ (അട്ടപ്പാടി) എന്നിവർ മുഖ്യാതിഥികളാകുന്ന ഈ ഓൺലൈൻ സംഗീത സായാഹ്നത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗായകർ പങ്കെടുക്കും.

നാല്പതോളം വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നു ചിട്ടപ്പെടുത്തി കോളേജിലെ സൗണ്ട് ആൻഡ് മ്യൂസിക് ഫാക്കൽറ്റി കെ.പി. പ്രദീപ്കുമാർ നയിക്കുന്ന `ഏകം- മ്യൂസിക് എൻസെംബിൽ' ആണ് ഈ സംഗീത വിരുന്നിലെ മുഖ്യ ആകർഷണം.

‘ ഏകം’ സംഗീതനിശയുടെ ഭാഗമായി രണ്ടു മണിക്കൂർ നീളുന്ന അവതരണങ്ങളിൽ ചേതനയുടെ വിവിധ വിഭാഗങ്ങളിലെ വിദ്യാർഥികളോടൊപ്പം വ്യത്യസ്ത സംഗീത ശാഖകളെ പ്രതിനിധീകരിച്ചു അതിഥി ഗായകരായി സ്റ്റീഫൻ ദേവസ്സി, ഗ്രാമി അവാർഡ് ജേതാവായ മനോജ് ജോർജ്, ഫാദർ പോൾ പൂവത്തിങ്കൽ, അൻവർ, മാർട്ടീന, നിസ അസിസി, മീര റാം മോഹൻ, ശരത് ചേലൂർ, റിച്ചാർഡ് അന്തിക്കാട് എന്നിവരുടെ സംഗീതാവതരണങ്ങൾ ഉണ്ടാകും. വിദേശ പ്രതിനിധികളായി മെക്സിക്കോയിൽ നിന്ന് ഫെര്ണാണ്ട റോബിൻസൺ (മായൻ ആദിമജനതയുടെ പാട്ടുകൾ), അമേരിക്കയിലെ ഹൂസ്റ്റണിൽ നിന്ന് ഡാനിയേൽ തോംസൺ ((റാപ് സംഗീതം) എന്നിവരും ഗൂഗിൾ മീറ്റിലും, ഫേസ്ബുക്കിലും ലൈവ്സ്ട്രീമിലൂടെ സംഗീതപ്രേമികളിലേക്കു എത്തുന്ന ‘ ഏകം’ വിർച്യുൽ സംഗീതശില്പത്തിന്റെ ഭാഗമാകും.

content highlights : World Music Day Ekam Chetana Theatre Club celebration