കൊച്ചി: 'നമസ്‌തേ ദേവകി, നമുക്കു തുടങ്ങാം'. അമേരിക്കയിലെ ഹവായില്‍നിന്ന് യോഗ അധ്യാപികയായ സെനിയുടെ മുഖം സ്‌ക്രീനില്‍ തെളിഞ്ഞു. തൃപ്പൂണിത്തുറയിലിരുന്നു ദേവകി നന്ദകുമാര്‍ പറഞ്ഞു: 'നമസ്‌തേ, കഴിഞ്ഞയാഴ്ചത്തെ ക്ലാസിന്റെ തുടര്‍ച്ചയാണ്, നമുക്ക് തുടങ്ങാം...' ഹവായില്‍ അപ്പോള്‍ സമയം ഉച്ചയ്ക്ക് ഒന്നര, തൃപ്പൂണിത്തുറയില്‍ വെളുപ്പിന് അഞ്ചേകാലും. ദേവകി പാടിത്തുടങ്ങി: 'സസ..രിരി..ഗഗ..മമ..പപ..ധധ..നിനി..സസ...'

തൊട്ടപ്പുറത്തെ മുറിയിലെ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ ജോര്‍ദാനിലെ മുതാസിന്റെയും ബസ്മയുടെയും മുഖം തെളിഞ്ഞു. അവിടെ സമയം രാവിലെ ഏഴേമുക്കാല്‍. ഐ.ടി. പ്രൊഫഷണലുകളായ രണ്ടുപേരും ജോലിക്കിറങ്ങും മുമ്പേ കര്‍ണാടക സംഗീത ക്ലാസിന് കയറിയതാണ്. സുധീഷ് കുമാര്‍ അവരെ പഠിപ്പിച്ചു തുടങ്ങി: 'ഗഗ മമ പപ...'

ഓണ്‍ലൈന്‍ ക്ലാസ് എന്ന് കേട്ടു തുടങ്ങും മുമ്പേ അതില്‍ ലയിച്ചുചേര്‍ന്ന ഭാര്യാ ഭര്‍ത്താക്കന്‍മാരാണ് ദേവകിയും സുധീഷ് കുമാറും. ഒമ്പതുവര്‍ഷം മുമ്പു തുടങ്ങിയ കര്‍ണാടക സംഗീതപാഠം ഇന്നും തുടരുന്നു, ഇരുപതോളം രാജ്യങ്ങളിലെ ശിഷ്യരിലൂടെ. അവരില്‍ ഇന്ത്യക്കാരും വിദേശികളുമുണ്ട്.

പാലക്കാട്ടുകാരിയായ ദേവകിയും കോഴിക്കോട്ടുകാരനായ സുധീഷും സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടിയവരാണ്. സിനിമകളില്‍ സൗണ്ട് എന്‍ജിനീയറായിട്ടുണ്ട് സുധീഷ്. സുധീഷിന്റെ കോഴിക്കോട് പുതിയറയിലെ വീട്ടില്‍ സംഗീത ക്ലാസ് നടത്തുകയായിരുന്നു ഇരുവരും. എല്ലാം ഓണ്‍ലൈന്‍ ആയി മാറിയത് നിനച്ചിരിക്കാതെയാണ്.

ആ കഥ ദേവകി പറയും: ''ഒമ്പതു വര്‍ഷം മുമ്പ് ആറുവയസ്സുള്ള ആദി സംഗീതം പഠിക്കാനെത്തി. അമേരിക്കയില്‍നിന്ന് നാട്ടിലെത്തിയതാണ്. തിരിച്ചു പോകാറായപ്പോള്‍ ആദിയുടെ അച്ഛനും അമ്മയും ചോദിച്ചു, 'ഓണ്‍ലൈന്‍ ആയി ക്ലാസ് എടുക്കാമോ...?' 2012-ല്‍ ഓണ്‍ലൈന്‍ ക്ലാസ് എന്നൊക്കെ കേട്ടിട്ടേയുള്ളു. ഇന്റര്‍നെറ്റിനായി ഡോങ്കിള്‍ വാങ്ങി. സ്‌കൈപ്പ് സോഫ്റ്റ്വേറിലൂടെ ക്ലാസ് തുടങ്ങി.

കാലിഫോര്‍ണിയയിലെ മലയാളി അസോസിയേഷന്‍ എന്റെ മെയില്‍ ഐ.ഡി. ഷെയര്‍ ചെയ്തു, 'ഓണ്‍ലൈന്‍ സംഗീതക്ലാസ്' എന്നുപറഞ്ഞ്. താത്പര്യമുണ്ടെന്നറിയിച്ച് ഒരുപാടു പേരുടെ സന്ദേശങ്ങളെത്തി. അങ്ങനെ ഓണ്‍ലൈന്‍ ക്ലാസിലെ ശിഷ്യരുടെ എണ്ണം കൂടി''.

അതിനിടയില്‍ ദേവകിയും സുധീഷും തൃപ്പൂണിത്തുറ വടക്കേക്കോട്ടയിലേക്ക് സ്ഥിരതാമസത്തിനെത്തി. കര്‍ണാടക സംഗീതം ജര്‍മനിയിലേക്കും കാനഡയിലേക്കും ഇംഗ്ലണ്ടിലേക്കും ഓസ്ട്രേലിയയിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുമെല്ലാം ഒഴുകി. ഇപ്പോള്‍ ഇരുന്നൂറോളം ഓണ്‍ലൈന്‍ ശിഷ്യരുണ്ട്. 'മ്യൂസിക് ശിക്ഷണ്‍' എന്ന് ക്ലാസിന് പേരിട്ടു. വെബ്സൈറ്റും യു ട്യൂബ് ചാനലും തുടങ്ങി.

സംഗീതദിനത്തില്‍ ഗ്ലോബല്‍ ദക്ഷിണ

ലോക സംഗീതദിനത്തില്‍ വിവിധ രാജ്യങ്ങളിലെ 155 ശിഷ്യരെ കോര്‍ത്തിണക്കി ഓണ്‍ലൈന്‍ സംഗീതവിരുന്നുണ്ടാകും. സംഗീതത്തിന്റെ ഉദ്ഭവം, വളര്‍ച്ച, വര്‍ണന, പൂര്‍ണത എന്നിവയെക്കുറിച്ച് മാധവന്‍ കിഴക്കൂട്ട് സംസ്‌കൃതത്തില്‍ രചിച്ച വരികളാണ് പാടുക. ജെയ്സണ്‍ ജെ. നായര്‍ ഈണം പകര്‍ന്ന വരികള്‍ ദേവകിയും സുധീഷും ശിഷ്യന്‍മാരും ചേര്‍ന്ന് ആലപിക്കും.

Content Highlights: Sudheesh Kumar Devaki Nandakumar music couple who conducts online classes for nine years, world music day