സംഗിത ദിനമാണിന്ന്. അച്ഛനെ ഓര്‍ക്കാനുള്ള ദിനവും ഇന്നു തന്നെ. മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ കെ.പി. ബ്രഹ്മാനന്ദന്റെ ഓര്‍മകളുമായി മകനും ഗായകനുമായ രാകേഷ് ബ്രഹ്മാനന്ദന്‍.

അച്ഛനെപ്പറ്റിയുള്ള എന്റെ ഓര്‍മകള്‍ തുടങ്ങുന്നത് ചെന്നൈയില്‍ നിന്നാണ്. അവിടെവെച്ചാണ് അദ്ദേഹത്തെ ഞാന്‍ കണ്ടുതുടങ്ങുന്നത്.  അച്ഛനെ വളരെ അപൂര്‍വമായേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. വരുന്ന ദിവസങ്ങളിലെല്ലാം വീട്ടില്‍ വലിയ ആഘോഷമായിരിക്കും.

അച്ഛനെപ്പറ്റിയുള്ള രസകരമായ ഓര്‍മകളിലൊന്ന് എനിക്ക് നാല് വയസുള്ളപ്പോഴാണ്. ഒരു സംഗീതപരിപാടിയില്‍ പാടാനായി അച്ഛന്‍ നാട്ടിലേക്ക് പോയി. ആ സമയത്ത് ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. എഴുന്നേറ്റപ്പോള്‍ അച്ഛനെ കാണാനില്ല. ഉടനെ ഞാന്‍ കരയാന്‍ തുടങ്ങി. ' അച്ഛന്‍ നാട്ടില്‍ പോയിരിക്കുകയാണ്, ഉടനെ വരും' എന്നൊക്കെ പറഞ്ഞ് അമ്മയും വീട്ടിലെ മറ്റുള്ളവരും എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. നാട്ടില്‍ പോയി എന്നറിഞ്ഞതും ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി. ഒരു കിലോമീറ്ററോളം നടന്ന് ഞാന്‍ ഓട്ടോസ്റ്റാന്റിലെത്തി. സെന്‍ട്രല്‍ സ്റ്റേഷനില്‍ പോകണമെന്ന് ഓട്ടോക്കാരനോട് പറഞ്ഞു. ഓട്ടോക്കാരന്‍ സംശയത്തോടെ കുട്ടിയെ നോക്കി. തുടര്‍ന്ന് അവിടെ ആളുകൂടി. ഞാന്‍ തിരിച്ച് വീട്ടിലേക്കും. അച്ഛന്‍ ഒരു പാട്ടുകാരനാണ് എന്ന് തിരിച്ചറിയുന്നത് വളരെ വൈകിയാണ്. വീട്ടില്‍ പല സിനിമാനടന്മാരും ഗായകരുമൊക്കെ വരുമായിരുന്നതുകൊണ്ട് അച്ഛന്‍ പാടുമെന്ന് അറിയാമായിരുന്നു. അക്കാലത്ത് ദൂരദര്‍ശനില്‍ അച്ഛന്‍ പാടിയ ഒരു ലളിതഗാനം ആവര്‍ത്തിച്ച് സംപ്രേഷണം ചെയ്യാറുണ്ടായിരുന്നു. അത് കണ്ടപ്പോഴാണ് അച്ഛന്‍ വലിയ പാട്ടുകാരനാണെന്ന് മനസിലാകുന്നത്.

Rakesh Brahmanandan remembers father KP brahmanandan World Music day
കെ.പി. ബ്രഹ്മാനന്ദന്‍

വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ഒരു പ്രകൃതക്കാരനായിരുന്നു അച്ഛന്‍. അനാവശ്യമായി ഒന്നും സംസാരിക്കാറില്ല. ഗുണമുണ്ടാകുന്ന കാര്യങ്ങള്‍ മാത്രമേ പറയാറുണ്ടായിരുന്നുള്ളൂ.  സംഗീതത്തെപ്പറ്റി മാത്രമായിരുന്നില്ല, പൊതുവായ എല്ലാ കാര്യങ്ങളെപ്പറ്റിയും അച്ഛന് നല്ല ധാരണയുണ്ടായിരുന്നു. ധാരാളം വായിക്കുമായിരുന്നു. മറ്റൊരു പ്രത്യേകത, ആരെപ്പറ്റിയുംമോശമായിട്ട് ഒരു കാര്യവും പറയാറില്ല.  ഇത്തരം ഘടകങ്ങള്‍ എന്നെ വല്ലാതെ സ്വാധീനിക്കുകയും പിന്തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അച്ഛന് ഒരു കാലത്ത് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞുവന്നതിന് കാരണം ചിലപ്പോള്‍ ചില വ്യക്തികളായിരിക്കാം, അന്നത്തെ സാഹചര്യങ്ങളായിരിക്കാം. പക്ഷേ അത്തരം കാര്യങ്ങളൊന്നും അച്ഛനെ ബാധിച്ചിരുന്നില്ല. ദക്ഷിണാമൂര്‍ത്തി, രാഘവന്‍ മാസ്റ്റര്‍, അര്‍ജുനന്‍ മാഷ് എന്നിവര്‍ സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയും പുതിയ സംവിധായകര്‍ രംഗത്ത് വന്നതും അച്ഛനെ ബാധിച്ചു, സ്വാഭാവികമായി അവസരങ്ങള്‍ കുറഞ്ഞു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അച്ഛന് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയിരുന്നവരില്‍ ഒരാളായിരുന്നു ശ്രീകുമാരന്‍ തമ്പി. സ്വന്തം അനുജനെപ്പോലെ കണ്ട് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുത്തത് അദ്ദേഹമായിരുന്നു. 'നീലനിശീഥിനി' പോലുള്ള മികച്ച ഗാനങ്ങള്‍ അച്ഛന് ലഭിച്ചു.

സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞെങ്കിലും അച്ഛന്‍ കച്ചേരികളിലും സംഗീതപരിപാടികളിലുമെല്ലാം സജീവമായി തുടര്‍ന്നു. ഒരിക്കല്‍ വലിയൊരു സംഗീതപരിപാടിക്ക് അച്ഛനെ ക്ഷണിക്കുകയും അവസാനം ചില കാരണങ്ങളാല്‍ പാടാന്‍ അവസരം നല്‍കാതിരുന്നതും മറക്കാന്‍ കഴിയാത്ത ഓര്‍മകളിലൊന്നാണ്. ക്ഷണിച്ച ശേഷം അവസാനം പാടാന്‍ അവസരം കൊടുക്കാതിരിക്കുക ഒരു ഗായകനെ സംബന്ധിച്ച് അപമാനകരമായ അവസ്ഥയാണ്. അന്ന് വീട്ടിലെത്തുന്നത് വരെയും അച്ഛന്‍ മിണ്ടിയില്ല. ആ മുഖം എന്നെ വല്ലാതെ അസ്വസ്ഥമാക്കി. മുമ്പൊരിക്കലും അദ്ദേഹത്തെ അങ്ങനെ കണ്ടിരുന്നില്ല. അവസാനകാലത്ത് ഇത്തരത്തില്‍ ഒരുപാട് അവഗണനകള്‍ അച്ഛന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും അച്ഛന്‍ ആരെയും വേദനിപ്പിക്കാനോ വിമര്‍ശിക്കാനോ തുനിഞ്ഞില്ല. അക്കാലത്തൊക്കെ അച്ഛന് ഒരു പരിപാടി കിട്ടുന്നത് വീട്ടില്‍ വലിയ സന്തോഷമായിരുന്നു. കാരണം പണം കിട്ടുമെന്നത് തന്നെ. അന്നത്തെ സാഹചര്യങ്ങള്‍ അങ്ങനെയായിരുന്നു. മനസില്‍ കടല്‍പോലെ വിഷമം അലയടിക്കുമ്പോഴും തളരാതെ ആ സഹചര്യത്തോട് പൊരുതാന്‍ അച്ഛന് കഴിഞ്ഞിരുന്നു. അത്തരം ഗുണങ്ങള്‍ എന്നിലും വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. ആരോടും പരിഭവമില്ലാതെ, ആരെയും വേദനിപ്പിക്കാതെ ജീവിക്കാനായിരുന്നു അച്ഛന്‍ എപ്പോഴും ശ്രമിച്ചിരുന്നത്.

താരകരൂപിണി, നീലനിശീഥിനി, മാരിവില്‍ഗോപുര വാതില്‍ തുറന്നു, മട്ടിച്ചാറ് മണക്കണ്, താമരപ്പൂ നാണിച്ചു തുടങ്ങിയവയെല്ലാം അച്ഛന്‍ പാടിയ പാട്ടുകളില്‍ എനിക്ക് പ്രിയപ്പെട്ടവയാണ്.  

Content Highlights: Rakesh Brahmanandan remembers father KP brahmanandan, World Music day