ഇന്ന് ലോകസംഗീത ദിനം

വീട്ടിലെ പഴയ ഫ്രിഡ്ജ് പുറപ്പെടുവിക്കുന്ന കടകകട ശബ്ദത്തിനൊത്ത് ചുവടുവയ്ക്കുന്ന കുരുന്നു പയ്യൻ. അന്നേ അവന്റെ താളബോധം അമ്മ ശ്രദ്ധിച്ചിരുന്നു. അന്നത്തെ പയ്യൻ ആദ്യം സഹോദരങ്ങൾക്കൊപ്പം സംഗീതത്തിൽ തരംഗം തീർത്തു. അവിടെ നിന്നും മൈക്കിൾ ജാക്സണെന്ന ഇതിഹാസ പോപ്പ് താരമായി മാറി. പാശ്ചാത്യ ജനപ്രിയ സംഗീതത്തിലെ അവസാന വാക്കായി. വർണ, വർഗ, ജാതി വ്യത്യാസമില്ലാതെ ജനങ്ങൾ അവന്റെ ആരാധകരായി മാറി. മൈക്കിൾ ജാക്സൺ ജീവിക്കുന്ന ഇതിഹാസം തന്നെയായി.

പ്രശസ്തിക്കൊപ്പം വിവാദങ്ങളും ജാക്സണെ വിടാതെ പിന്തുടർന്നു. ബാലപീഡകൻ, സ്വവർഗാനുരാഗി, മയക്കുമരുന്ന് ഉപയോഗിക്കുന്നവൻ... ആരെയും തകർക്കുന്ന ആരോപണങ്ങൾ. ഇതിനിടെ സൗന്ദര്യ വർദ്ധനയ്ക്കായി ചെയ്ത ശസ്ത്രക്രിയകളും ത്വക്രോഗത്തിന്റെ പ്രശ്നങ്ങളും. ദുരന്തമായി കലാശിച്ച രണ്ടു വിവാഹങ്ങൾ. ഒടുവിൽ അമ്പതാം വയസ്സിൽ പ്രശസ്തിയുടെയും പ്രതിസന്ധികളുടെയും നടുവിൽ തനിക്ക് മാത്രം സ്വന്തമായ ഒരു ഇടം അവശേഷിപ്പിച്ച് ജാക്സൺ കടന്നു പോയി. ജൂൺ 25 ഞായറാഴ്ച.

യഥാർത്ഥത്തിൽ ആരായിരുന്നു മൈക്കിൾ ജാക്സൺ. ജാക്സന്റെ സന്തത സഹചാരിയായിരുന്ന ഡേവിഡ് ഗെസ്റ്റ് നിർമ്മിച്ച് ആൻഡ്രൂ ഈസ്റ്റൽ സംവിധാനം ചെയ്ത 'മൈക്കിൾ ജാക്സൺ: ദ ലൈഫ് ഓഫ് ആൻ ഐക്കൺ' എന്ന ഡോക്യുമെന്ററി ഇതിന് ഉത്തരം നൽകും. ജാക്സന്റെ അമ്മ കാതറീൻ, സഹോദരൻ ടിറ്റോ, സഹോദരി റെബ്ബി, ജാക്സണെ അടുത്തറിയുകയും കരിയറിലെ ബ്രേക്ക് നൽകുകയും ചെയ്ത ബോബി ടെയ്ലർ, ജാക്സണ് പ്രോത്സാഹനം നൽകുകയും അക്കാലത്ത് പ്രശസ്തരായിരുന്നവരുമായ ഗായകർ തുടങ്ങിയവരുമായുള്ള അഭിമുഖങ്ങളും അവരുടെ അഭിപ്രായങ്ങളും വഴി അദ്ദേഹത്തിന്റെ ജീവിതത്തിലെയും കരിയറിലെയും ഉയർച്ച താഴ്ചകൾ രണ്ടര മണിക്കൂറുള്ള ഈ ഡോക്യുമെന്ററിയിൽ ചിത്രീകരിച്ചിരിക്കുന്നു. 2011 നവംബറിലാണ് പുറത്തിറങ്ങിയത്.

കർക്കശക്കാരനായ അച്ഛൻ ജോസഫിന്റെ ശിക്ഷണത്തിൽ ജാക്സൺ സഹോദരൻമാർ (ജാക്കി, ടിറ്റോ, ജെർമെയിൻ, മാർലോൺ, മൈക്കിൾ) ചേർന്ന്' ജാക്സൺസ് ഫൈവ്' എന്ന മ്യൂസിക് ട്രൂപ്പ് രൂപീകരിക്കുന്നു. ട്രൂപ്പിലെ ഏറ്റവും ഇളയവനായിട്ടും പാട്ടുകൊണ്ടും ദ്രുത ചലനങ്ങൾ കൊണ്ടും ആളുകളുടെ കയ്യടി നേടിയത് കൊച്ചു മൈക്കളാണ്. മൈക്കിളിന്റെ പ്രകനം കണ്ടവർ അന്നേ ഭാവി താരത്തെ തിരിച്ചറിഞ്ഞു.

ജാക്സൺ ഫൈവ് പ്രശസ്തിയിൽ നിന്നും പ്രശസ്തിയിലേക്കു കുതിക്കുമ്പോൾ താരമായി മൈക്കൾ മുന്നിൽ നിന്നു. ചെറിയ ഒരു പയ്യന്റെ ഹൃദയത്തിൽ നിന്നും ആത്മാവിൽ നിന്നും ഒഴുകിയെത്തി പാട്ടുകൾ ആസ്വാദകരെയും അന്നത്തെ പ്രഗത്ഭരായ പാട്ടുകാരെയും ഒരു പോലെ ആകർഷിച്ചു. ജാക്സൺ ഫൈവ് തരംഗമായി മാറി.

ഇതിനിടിയൽ അനിവാര്യമായത് സംഭവിച്ചു. കൂട്ടത്തിൽ ശോഭനമായ ഭാവിയുള്ളത് മൈക്കളിനാണ്. സ്വന്തമായി ഒരു പാത (സോളോ) വെട്ടിത്തുറക്കാൻ അവൻ ആഗ്രഹിച്ചു. ഇതിനിടെ ജാക്സൺ ഫൈവ്, ജാക്സൺസ് എന്നു പേരുമാറ്റിയിരുന്നു.

ഇതിനിടയിൽ മൈക്കൾ സോളോ കരിയറിനായി മാറുന്നത് കുടുംബത്തിലുണ്ടാക്കുന്ന അസ്വാരസങ്ങൾ. സ്വഭാവിക പ്രതിഭയ്ക്കൊപ്പം ബോബി ടെയ്ലറുടെ സഹായവുംകൂടിയാകുമ്പോൾ പോപ് സംഗീതത്തിലെ ഇതിഹാസ താരം ജനിക്കുകയായി. 'ത്രില്ലർ ' പോപ് സംഗീത ലോകത്തെ ഇളക്കി മറിച്ചു. ത്രില്ലറിലെ ബീറ്റ് ഇറ്റും, ബില്ലി ജീനും ത്രില്ലറുമൊക്കെ ലോകം ഒന്നുപോലെ ഏറ്റുപാടി.

1987 ൽ ഇറങ്ങിയ 'ബാഡിലെ ' ഡർട്ടി ഡയാനയും ബാഡുമടക്കം അഞ്ചു ഗാനങ്ങൾ ഒരു പോലെ ഹിറ്റായപ്പോൾ മൈക്കൾ പ്രശസ്തിയുടെ പരകോടിയിലെത്തി.

ഇതിനിടയിലാണ് ബാലപീഡനത്തിന് മൈക്കിളിനെതിരെ കേസ് വരുന്നത്. കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ജാക്സൺ അവരെ സഹായിക്കുകയും ചെയ്തിരുന്നു. പരിചയപ്പെടുന്ന ആരെയും വിശ്വസിക്കും. അവരെ അങ്ങേയറ്റം സ്നേഹിക്കും. ഇതൊക്കെയാണ് മൈക്കിളിന്റെ ദൗർബല്യങ്ങളെന്ന് അമ്മ കാതറീൻ പറയുന്നു. പീഡന ആരോപണമുന്നയിച്ചവർ പണത്തിനായി മൈക്കിളിനെ കരുവാക്കുകയായിരുന്നു എന്ന് അമ്മ കാതറീനും അടുത്ത കൂട്ടുകാരും ഉറച്ചു വിശ്വസിക്കുന്നു.

ആരോപണം കേട്ടപ്പോൾ താൻ തകർന്നു പോയി എന്നാണ് ഇതെക്കുറിച്ച് മൈക്കൾ പ്രതികരിച്ചത്. ഇത്തരം ആരോപണങ്ങൾക്കൊന്നും അദ്ദേഹത്തിന്റെ പ്രശസ്തിയെ ഉലയ്ക്കാനായില്ല. 'മൈക്കൾ ഐ ആം വിത്ത് യൂ' എന്ന പ്ലക്കാർഡുകളുമുയർത്തി ആരാധകർ ഇഷ്ടഗായകനൊപ്പം നിന്നു. ഒടുവിൽ മൈക്കളിനെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവു വന്നപ്പോൾ കോടതിക്കു പുറത്ത് തടിച്ചു കൂടി സന്തോഷക്കണ്ണീരിൽ മുങ്ങുന്ന ആരാധകരുടെ ചിത്രം എങ്ങനെ മറക്കും.

മൈക്കിൾ മയക്കുമരുന്നു ഉപയോഗിക്കുമായിരുന്നുവെന്ന ആരോപണവും അദ്ദേഹത്തെ അടുത്തറിയാവുന്നവർ നിഷേധിക്കുന്നുണ്ട്. കാര്യ കാരണങ്ങൾ നിരത്തി തന്നെ. മൈക്കിളിന്റെ സുഹൃത്തും ആത്മകഥാകാരനുമായ ജെ.റാൻഡി ടാരാബൊറെല്ലിയുമായുള്ള അഭിമുഖങ്ങൾ പോപ് സംഗീതകാരന്റെ വ്യത്യസ്ത മുഖങ്ങൾ വെളിപ്പെടുത്തുന്നു. ലിസ മേരി പ്രിസ്ലിയുമായും ഡെബ്ബി റോയുമായുള്ള തകർന്ന വിവാഹ ബന്ധങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങളും ഡോക്കുമെന്ററിയിലുണ്ട്.

2009 ൽ തിരിച്ചുവരവിനായി തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം മൈക്കളിനെ തിരികെ വിളിക്കുന്നത്. ഡോക്യുമെന്ററിയുടെ അവസാനഭാഗത്ത് മൈക്കിളിന്റെ അമ്മ കാതറീനോട്, ഡേവിഡ് ഗെസ്റ്റ് ചോദിക്കുന്നുണ്ട്.' ലോകം എങ്ങനെ മൈക്കിൾ ജാക്സണെ ഓർമിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്.

'സ്നേഹം. മൈക്കിളിന്റെ ഹൃദയത്തിൽ സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു. കുടുംബത്തോടും ലോകത്തോടും മനുഷ്യരോടും മൈക്കിൾ കാണിച്ച സ്നേഹത്തിന്റെ പേരിലായിരിക്കും അവൻ ഓർമിക്കപ്പെടുക' ഇതായിരുന്നു ആ അമ്മയുടെ ഉത്തരം. മകനെ മറ്റാരേക്കാളും മനസ്സിലാക്കിയ, അവനെ എന്നും സ്നേഹിച്ച ഒരു അമ്മയുടെ ഉള്ളിൽ തട്ടിയുള്ള മറുപടി.

ലോകം ആരാധിച്ച പോപ്പുലർ സംഗീതത്തിലെ ചക്രവർത്തിയുടെ യഥാർത്ഥ ജീവിതം ' മൈക്കൾ ജാക്സൺ: ദ ലൈഫ് ഓഫ് ആൻ ഐക്കണിൽ ' കാണാം.

Content Highlights : Michael Jackson the living legend famous albums songs world Music day