സംഗീതപ്രേമികളുടെ മനസ്സിൽ നിത്യയൗവനമാർന്നുനിൽക്കുന്നു ലതയുടെ ശബ്ദം. 'കിനാര' എന്ന ചിത്രത്തിനുവേണ്ടി 'നാം ഗും ജായേഗാ ചെഹരാ യേ ബദൽ ജായേഗാ, മേരി ആവാസ് ഹി പെഹചാൻ ഹേ ഗർ യാദ് രഹേ' എന്ന് ഗുൽസാർ എഴുതിയത് ലതയെക്കുറിച്ചുതന്നെയല്ലേ? പേരും മുഖവുമൊക്കെ ഓർമയിൽനിന്ന് മാഞ്ഞുപോയാലും ആ ശബ്ദം മറക്കില്ല നാം.

സാധനയുടെ ശബ്ദം

മരിക്കാൻ ഭയമുണ്ടോ? സാധനയോടാണ് ചോദ്യം. തലമുറകളുടെ ഹൃദയംകവർന്ന താരസുന്ദരി ഒരുനിമിഷം മൗനിയാകുന്നു. മുഖത്തെ ചിരി മായുന്നു. തെല്ലുനേരം കണ്ണടച്ചിരുന്നശേഷം ഉറച്ചശബ്ദത്തിൽ മറുപടി: ''ഇല്ല. ഒട്ടും ഭയമില്ല. ഇതാ ഈ നിമിഷം ഇവിടെ വീണുമരിക്കാനും തയ്യാർ. ഒരൊറ്റ കാര്യത്തിലേയുള്ളൂ ദുഃഖം. ലതാജിയുടെ എനിക്കേറെ പ്രിയപ്പെട്ട പാട്ടുകൾ ഈ ഭൂമിയിൽ ഉപേക്ഷിച്ചു പോകേണ്ടിവരുമല്ലോ എന്നതിൽ, പ്രത്യേകിച്ച് 'ലഗ് ജാ ഗലേ കേ ഫിർ യേ ഹസീൻ രാത് ഹോ ന ഹോ...'

മുംബൈ സാന്താക്രൂസിലെ നിഗൂഢപരിവേഷമുള്ള ബംഗ്ലാവിൽ സാധനയെ ചെന്നുകണ്ടു സംസാരിച്ച പത്രപ്രവർത്തകസുഹൃത്ത് പങ്കുവെച്ച ഹൃദയസ്പർശിയായ ഓർമ. ബോളിവുഡിന്റെ വർണപ്പകിട്ടിൽനിന്നും തിരക്കിൽനിന്നും ബഹളത്തിൽനിന്നുമെല്ലാം ഏറെയകലെ ഏകാന്തതയുടെ തുരുത്തിലേക്ക് ഒതുങ്ങിക്കൂടിയിരുന്നു അതിനകം അറുപതുകളിലെ സ്വപ്നനായിക. അഭിമുഖങ്ങളില്ല. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ല. ഫോട്ടോയ്ക്ക് നിന്നുകൊടുക്കാറുപോലുമില്ല. ഒട്ടേറെ ദുരൂഹതകൾ പൊതിഞ്ഞുനിന്ന സ്വന്തം വീട്ടിൽ സംഗീതം മാത്രമായിരുന്നു എഴുപതാം വയസ്സിൽ സാധനയ്ക്ക് കൂട്ട്. സിനിമയിൽ താൻ പാടി അഭിനയിച്ച പാട്ടുകൾ ആവർത്തിച്ചു കേട്ടുകൊണ്ടിരുന്നു അവർ; എല്ലാം ലതാ മങ്കേഷ്കർ പാടി അനശ്വരമാക്കിയ പാട്ടുകൾ. 'മേരാ സായാ'യിലെ നൈനോം മേ ബദ്രാ ഛായ, 'പരഖി'ലെ ഓ സജ്ന ബർഖാ ബഹാർ, 'വോ കോൻ ഥി'യിലെ നൈനാ ബർസെ രിംജിം രിംജിം, 'അസ്ലി നഖ്ലി'യിലെ തേരാ മേരാ പ്യാർ അമർ, 'മേരെ മെഹബൂബി'ലെ മേരേ മെഹബൂബ് തുജേ... അക്കൂട്ടത്തിൽ 'വോ കോൻ ഥി'യിലെ ലഗ് ജാ ഗലേ എന്ന പാട്ടിനോടായിരുന്നു അഗാധമായ ആത്മബന്ധം. ''ആ ഗാനത്തിന്റെ വരികളിൽ എന്റെ പ്രണയമുണ്ട്. വിരഹമുണ്ട്. മറക്കാനാവാത്ത ഒരു കാലമുണ്ട്.'' പതിനെട്ടാം വയസ്സിൽ രാം കൃഷ്ണ നയ്യാർ എന്ന 22കാരൻ സംവിധായകനെ പ്രേമിച്ചു കല്യാണം കഴിച്ച് വീടുവിട്ടിറങ്ങിയ സാധനയുടെ വാക്കുകൾ.

കൗതുകം തോന്നാം. ഭാഗ്യംകൊണ്ടു മാത്രം വോ കോൻ ഥി(1964)യിൽ ഇടംനേടിയ പാട്ടാണ് 'ലഗ് ജാ ഗലേ'. വരികൾക്കും ഈണത്തിനും ഗൗരവം കൂടിപ്പോയതിനാൽ പാട്ട് സിനിമയിൽനിന്ന് ഒഴിവാക്കണം എന്നായിരുന്നു സംവിധായകൻ രാജ് ഖോസ്ലയുടെ നിലപാട്. പക്ഷേ, നായകൻ മനോജ് കുമാർ വഴങ്ങിയില്ല. ആ പാട്ടായിരിക്കും സിനിമയുടെ മുഖ്യ ആകർഷണം എന്നകാര്യത്തിൽ സംശയമില്ലായിരുന്നു അദ്ദേഹത്തിന്. മനസ്സില്ലാമനസ്സോടെ പാട്ട് സിനിമയിൽ ഉൾപ്പെടുത്താൻ ഖോസ്ല സമ്മതിക്കുന്നു. രാജാ മെഹ്ദി അലിഖാൻ എഴുതി മദൻ മോഹൻ ചിട്ടപ്പെടുത്തിയ 'ലഗ് ജാ ഗലേ' ജനം ഏറ്റുപാടിയതും തലമുറകൾക്കപ്പുറത്തേക്ക് വളർന്ന് ക്ലാസിക് പരിവേഷം ആർജിച്ചതും പിൽക്കാലചരിത്രം. ''സിനിമതന്ന സൗഭാഗ്യങ്ങൾ പലതാണ് പണം, പ്രശസ്തി, ആരാധന, പ്രണയം, ദാമ്പത്യം, മറക്കാനാവാത്ത കഥാപാത്രങ്ങൾ... പക്ഷേ, അവയ്ക്കെല്ലാം മുകളിലാണ് എന്റെ ജീവിതത്തിൽ 'ലഗ് ജാ ഗലേ'ക്കുള്ള സ്ഥാനം.'' സാധന പറഞ്ഞു. ആ പാട്ടുൾപ്പെടെ തനിക്കേറ്റവും പ്രിയപ്പെട്ട ഗാനങ്ങളെല്ലാം ഭൂമിയിൽ ഉപേക്ഷിച്ച് ഒടുവിൽ സാധന പറന്നകന്നത് 2015 ഡിസംബർ 25ന്.

മീനാകുമാരിയുടെ ഓർമ

ലതാ മങ്കേഷ്കറുടെ സ്വർഗീയ സ്വരമാധുരിയുടെ തണലിൽ പ്രശസ്തിയുടെ പടവുകൾ കയറിപ്പോയ നായികമാർ അങ്ങനെ എത്രയെത്ര. പിന്നിട്ട ജീവിതത്തിലേക്ക് തൊണ്ണൂറാം വയസ്സിൽ തിരിഞ്ഞുനോക്കുമ്പോൾ തിരശ്ശീലയിലെന്നവണ്ണം നൂറുനൂറു മുഖങ്ങൾ തെളിയുന്നുണ്ടാകും, ലതാജിയുടെ മനസ്സിൽ മുനവർ സുൽത്താനമുതൽ റാണി മുഖർജിവരെയുള്ളവരുടെ മുഖങ്ങൾ. പിന്നണിപാടിയ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ കഴിയുന്നതും കാണാറില്ല ലത. തന്റെ ശബ്ദത്തിൽ പാടി അഭിനയിച്ച സുന്ദരികളായ നായികമാർ പലരും ഓർമയായിക്കഴിഞ്ഞെന്ന സത്യം ഉൾക്കൊള്ളാൻ മനസ്സ് മടിക്കുന്നതുകൊണ്ടാണ്. ''മീനാകുമാരിയെപ്പോലുള്ളവരെ സ്ക്രീനിൽ കണ്ടിരിക്കാൻ പറ്റില്ലയെനിക്ക്, കരച്ചിൽവരും.'' ഒരു അഭിമുഖത്തിൽ ലത ഈയിടെ പറഞ്ഞു. ''വർഷങ്ങൾക്കുമുമ്പ് പക്കീസയിലെ പാട്ടുകളുടെ റിഹേഴ്സലിന് സംവിധായകൻ കമാൽ അമ്രോഹിയുടെ വീട്ടിൽച്ചെന്നപ്പോൾ മീനാജിയുണ്ട് അവിടെ. എന്റെ പാട്ടുകൾക്കൊപ്പം ചുവടുവെച്ചു പരിശീലിക്കാൻ വന്നിരിക്കയാണ് അവർ. തുടക്കക്കാരിയുടെ കൗതുകത്തോടെ, ചുറുചുറുക്കോടെ നൃത്തംചെയ്യുന്ന മീനാജിയുടെ രൂപം മനസ്സിൽനിന്ന് ഒരിക്കലും മായില്ല...'' ഇൻഹി ലോഗോം നേ, ചൽത്തേ ചൽത്തേ, താരേ രഹിയോ, മൗസം ഹേ ആശിഖാനാ... പക്കീസയിലെ ഏതുപാട്ടാണ് നമുക്ക് മറക്കാനാകുക?

നിർഭാഗ്യവശാൽ, പക്കീസയുടെ നിർമാണം ഇടയ്ക്കുവെച്ചു മുടങ്ങി. ഒന്നരപ്പതിറ്റാണ്ടോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ചിത്രീകരണം പുനരാരംഭിച്ചപ്പോഴേക്കും മീനാകുമാരി രോഗിയായിക്കഴിഞ്ഞിരുന്നു. അമിതമദ്യപാനംമൂലം വന്നുഭവിച്ച മാരകമായ കരൾരോഗത്തിന്റെ ഇര. താൻ മനസ്സിൽക്കണ്ട നൃത്തച്ചുവടുകളൊന്നും ക്യാമറയ്ക്കുമുന്നിൽ അവതരിപ്പിക്കാൻ കഴിയാതെ പലപ്പോഴും നിസ്സഹായയായി സെറ്റിൽ തളർന്നിരുന്നു അവർ. മിക്ക ഗാനരംഗങ്ങളും ഡ്യൂപ്പിനെവെച്ച് പൂർത്തിയാക്കേണ്ടിവന്നു, സംവിധായകന്. ''മീനാജിയെ അവസാനം കണ്ടത് ഒരു അവാർഡ് നിശയിൽവെച്ചാണ്. കൈകൾ ചേർത്തുപിടിച്ച് കുറെനേരം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കിനിന്നു അവർ.'' ലതാജിയുടെ ഓർമ. ഇന്നും പക്കീസയിലെ മീനാകുമാരിയെ കാണുമ്പോൾ ആ നിമിഷങ്ങൾ ഓർമവരും ലതയ്ക്ക്. ഒപ്പം മീനയ്ക്കുവേണ്ടി താൻ പാടിയ അനശ്വരഗീതങ്ങളും: 'ബൈജു ബാവ്ര'യിലെ ബച്പൻ കി മൊഹബ്ബത് കോ, 'ദിൽ അപ്നാ ഔർ പ്രീത് പരായി'യിലെ അജീബ് ദാസ്താ ഹേ യേ, 'അകേലി മത് ജായിയോ'യിലെ വോ ജോ മിൽതേ ഥേ കഭി...

മധുബാലയുടെ നിർബന്ധം

സിനിമകൾക്ക് കോൾഷീറ്റ് നൽകുമ്പോൾ തനിക്കുവേണ്ടി പാടാൻ ലതാജിതന്നെ വേണം എന്ന് നിർബന്ധം പിടിച്ചിരുന്നു മധുബാല. ഇരുവരുടെയും ചലച്ചിത്രജീവിതത്തിൽ വഴിത്തിരിവായിമാറിയ 'മഹൽ' (1949) എന്ന ചിത്രത്തിലെ ആയേഗാ ആനേവാല എന്ന സൂപ്പർഹിറ്റ് ഗാനംതൊട്ട് തുടങ്ങിയ ശീലം. മധുബാലലത കൂട്ടുകെട്ടിന്റെ മായാജാലം പിന്നീട് എത്രയോ സിനിമകളിൽ നാം കണ്ടു, കേട്ടു, ആസ്വദിച്ചു. മുഗൾ എ അസം (പ്യാർ കിയാ തോ ഡർനാ ക്യാ, മൊഹബ്ബത് കി ജൂട്ടി, മോഹെ പൻഘട്ട് കി നന്ദലാല...) എങ്ങനെ മറക്കും? ''ഹൃദയവേദന സഹിച്ചാണ് മുഗൾ എ അസമിലെ പാട്ടുകൾക്കൊത്ത് ചുവടുവെച്ചതെന്ന് മധുബാല പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. തൊഴിലിനെ ഈശ്വരനായിക്കാണുന്ന കലാകാരിക്കേ അതിനു ധൈര്യംവരൂ.'' ലതയുടെ വാക്കുകൾ. 1950കളുടെ അവസാനമാണ് തന്റെ ഹൃദയം അത്ര 'ശ്രുതിശുദ്ധ'മല്ലെന്ന് മധുബാല ആദ്യമായി തിരിച്ചറിഞ്ഞത്. ഹൃദയം തുറന്ന് ശസ്ത്രക്രിയ പ്രചാരത്തിൽ വന്നിട്ടില്ലാത്ത കാലം. 'തുളവീണ' ഹൃദയവുമായിത്തന്നെ പിന്നെയും വർഷങ്ങളോളം സിനിമയിൽ അഭിനയിച്ചു അവർ, മുപ്പത്തിയാറാം വയസ്സിൽ മരിക്കുംവരെ. അവസാനസിനിമയായ 'ജ്യോതി'യിലും മധുബാല പാടിയത് ലതയുടെ ശബ്ദത്തിൽത്തന്നെ. ലതയുടെ പാട്ടുകളാണ് പ്രതിസന്ധികളോട് പൊരുതി ജീവിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് പറഞ്ഞിട്ടുണ്ട് മധുബാല.

ആ നാദസൗഭഗത്തിന് തൊണ്ണൂറു തികഞ്ഞു എന്ന് വിശ്വസിക്കാൻ പ്രയാസം. സംഗീതപ്രേമികളുടെ മനസ്സിൽ നിത്യയൗവനമാർന്നുനിൽക്കുന്നു ലതയുടെ ശബ്ദം. 'കിനാര' എന്ന ചിത്രത്തിനുവേണ്ടി 'നാം ഗും ജായേഗാ ചെഹരാ യേ ബദൽ ജായേഗാ, മേരി ആവാസ് ഹി പെഹചാൻ ഹേ ഗർ യാദ് രഹേ' എന്ന് ഗുൽസാർ എഴുതിയത് ലതയെക്കുറിച്ചുതന്നെയല്ലേ? പേരും മുഖവുമൊക്കെ ഓർമയിൽനിന്ന് മാഞ്ഞുപോയാലും ആ ശബ്ദം മറക്കില്ല നാം

തലമുറകളുടെ സ്വരം

വെള്ളിത്തിരയിൽ തന്റെ പാട്ടുകൾ ചിത്രീകരിച്ചുകാണുമ്പോൾ ചിലപ്പോഴെങ്കിലും അപകർഷതതോന്നും ലതയ്ക്ക്; തെല്ലൊരു അസൂയയും. ''എന്റെ ഗാനങ്ങൾ എന്നേക്കാൾ ഭംഗിയായി പാടി അഭിനയിക്കുന്നവരാണ് അധികവും. ആ പാട്ടുകൾക്കൊത്ത് ഇത്ര തന്മയത്വത്തോടെ ചുണ്ടനക്കി അഭിനയിക്കാൻ ഈ ജന്മം കഴിയില്ല എനിക്ക്.'' സീമ (1955) എന്ന ചിത്രത്തിലെ നൂതന്റെ പ്രകടനം ഉദാഹരണമായി എടുത്തുപറയുന്നു അവർ. ''മൻമോഹനാ ബഡി ജൂട്ടേ എന്ന ശാസ്ത്രീയഗാനം എത്ര സ്വാഭാവികമായി പാടി അഭിനയിച്ചിരിക്കുന്നു നൂതൻജി. അവർ തന്നെയല്ലേ അത് പാടിയതെന്നുതോന്നും നമുക്ക്. നല്ലൊരു ഗായികകൂടിയായതുകൊണ്ടുള്ള ഗുണം.'' സ്വന്തം പാട്ടുകളുടെ ചലച്ചിത്രാവിഷ്കാരങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതായി ലത എടുത്തുപറയാറുള്ളതും 'സീമ'യിലെ ഈ ഗാനം തന്നെ. നൂതനുവേണ്ടി പാടുംമുമ്പ് നൂതന്റെ അമ്മ ശോഭന സമർഥിനുവേണ്ടി പിന്നണിപാടിയ ചരിത്രമുണ്ട് ലതയ്ക്ക്. പിൽക്കാലത്ത് നൂതന്റെ സഹോദരി തനൂജയ്ക്കുവേണ്ടിയും അവരുടെ മകൾ കജോളിനുവേണ്ടിയുമെല്ലാം പാടി ലത. ഒരേ കുടുംബത്തിലെ മൂന്നു തലമുറയ്ക്കുവേണ്ടി പാടിയ ഗായികമാർ അധികമുണ്ടാവില്ല.

തീർന്നില്ല. നർഗീസ് (രസിക് ബൽമാ, ഉഠായെ ജാ ഉൻകെ സിതം), നിമ്മി (ജിയാ ബേഖരാർ ഹേ), മാലാ സിൻഹ (ആപ് കി നസ്രോം നേ സംജാ), നന്ദ (അല്ലാ തേരോ നാം), ശർമിള ടാഗോർ (രെയ്ന ബീതി ജായേ), വൈജയന്തിമാല (ആജാരെ പർദേശി), പദ്മിനി (ഓ ബസന്തി പവൻ പാഗൽ), ഹെലൻ (ആ ജാനേ ജാ), വഹീദ റഹ്മാൻ (ആജ് ഫിർ ജീനേ കി തമന്നാ ഹേ), ബീനാറായി (യെ സിന്ദഗി ഉസി കി ഹേ), ഗീതാ ബാലി (ബൽമാ ബഡെ നാദാൻ), സീനത്ത് അമൻ (സത്യം ശിവം സുന്ദരം), സൈറാ ബാനു (എഹ്സാൻ തേരാ ഹോഗാ), ആശ പരേഖ് (സയനോര സയനോര), മുംതസ് (ബിന്ദിയ ചംകേഗി), മൗഷ്മി ചാറ്റർജി (രിംജിം ഗിരെ സാവൻ), ഹേമമാലിനി (ഏ ദിൽ എ നാദാൻ), ജയഭാദുരി (പിയാ ബിനാ), രേഖ (നീലാ ആസ്മാൻ സോഗയാ), മാധുരി ദീക്ഷിത് (ദീദി തേരാ ദേവർ ദീവാന), ഡിംപിൾ കപാഡിയ (ദിൽ ഹൂം ഹൂം കരേ), ജൂഹി ചൗള (തു മേരെ സാംനേ)... ഏഴു പതിറ്റാണ്ടിനിടെ ലതയുടെ ആലാപനചാരുതയുടെ പിന്തുണയോടെ വെള്ളിത്തിര അടക്കിവാണ നായികമാരുടെ നിര ഇവിടെയെങ്ങും നിൽക്കില്ല.

Content Highlights : Lata Mangeshkar The Nightingale of india Songs World Music Day