സെന്റ്പീറ്റേഴ്സ്ബർഗിലെ ഹോട്ടൽമുറിയിൽ അവസാനശ്വാസമെടുക്കുന്നതിന് ഒരു മൂന്ന് പതിറ്റാണ്ട് മുൻപെങ്കിലും ബോണി എമ്മുമായുള്ള പൊക്കിൾക്കൊടി ബന്ധം അറുത്തുമുറിച്ച് കളഞ്ഞിരുന്നു റോബർട്ടോ അൽഫോൺസോ ഫാരൽ എന്ന അരൂബക്കാരൻ. പ്രശസ്തിയിൽ നിന്ന് ഇല്ലായ്മയുടെയും ലഹരിയുടെയും കലഹത്തിന്റെയും കഠിനവഴികളിലേയ്ക്ക് ബാൻഡിലെ ഏക ആൺതരി വഴിതെറ്റി പിണങ്ങി ഇറങ്ങിനടന്ന കാലത്ത് തന്നെ ബോണി എമ്മും നിശബ്ദമായി അരങ്ങൊഴിഞ്ഞു. എന്നിട്ടും ബോബി ഫാരലിന്റെ മരണം വല്ലാത്തൊരു ഞെട്ടലായിരുന്നു ആരാധകർക്ക്, പ്രത്യേകിച്ച് പഴയ സാർ, സോവിയറ്റ് ഗൃഹാതുര കാലം ഉള്ളിൽപേറുന്ന റഷ്യക്കാർക്ക്. ഡിസംബർ മുപ്പത്തിന് കാലത്ത് ഹോട്ടൽമുറിയിൽ ഹൃദയംനിലച്ച് കഥാവശേഷനായി കിടക്കുന്ന ഫാരലിന്റെ ദയനീയമായ രൂപത്തിനുമേൽ പക്ഷേ, ഒരു ദുരന്തത്തേക്കാൾ ദുരൂഹതയാണ് നിഴലിട്ടുനിന്നത്. അവിശ്വസനീയമായൊരു യാദൃച്ഛികതയുണ്ടായിരുന്നു അകാലത്തിലുള്ള ആ അന്ത്യത്തിന്.

കൃത്യം തൊണ്ണൂറ്റിനാല് കൊല്ലം മുൻപ് അതുപോലൊരു മഞ്ഞിലുറഞ്ഞ ഡിസംബർ മുപ്പതിനുതന്നെയാണ് സാർ ചക്രവർത്തിമാരുടെ ഈ പഴയ ആസ്ഥാനനഗരം മറ്റൊരു മരണത്തിന് സാക്ഷ്യം വഹിച്ചത്. അന്നാണ് തന്റെ ഹിപ്നോട്ടിക് സ്വാധീനത്തിന്റെ ഒറ്റച്ചരടിൽ സാർ ഭരണകൂടത്തെ വരുതിക്കുനിർത്തി വിലസിയ ഗ്രിഗറി റാസ്പുട്ടിനെ പ്രഭുസംഘം മൊയ്ക്ക കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ചുവരുത്തി ആദ്യം മെദീര വീഞ്ഞിൽ വിഷം കലർത്തിയും പിന്നീട് പോയന്റ് ബ്ലാങ്കിൽ നിറയൊഴിച്ചും ഒടുക്കം തണുത്തുറഞ്ഞ നെവ്ക നദിയുടെ മഞ്ഞുപാളിയിലേയ്ക്കു വലിച്ചെറിഞ്ഞും വകവരുത്തിയത്. ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ ഇടവേളയിലുണ്ടായ ഈ രണ്ടു മരണങ്ങളെയും നിഗൂഢമായ എന്തോ ഒന്ന് പരോക്ഷമായെങ്കിലും ബന്ധിപ്പിക്കുന്നുണ്ട്. മരണദിവസത്തിന്റെ ആകസ്മികത മാത്രമല്ലത്. നഗ്നമായ മാറും അരക്കെട്ടിറുങ്ങി തൊങ്ങലുകെട്ടിയ തൂവെള്ള ബെൽബോട്ടം പാന്റും ആഫ്രോ ഹെയർസ്റ്റൈലുമായുള്ള ബോബി ഫാരലിന്റെ ഉന്മാദച്ചുവടുകളില്ലായിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ് വിപ്ലവം മുച്ചൂടും വിഴുങ്ങിയ പഴയ റഷ്യൻ സാമ്രാജ്യത്തിന്റെ തമസ്ക്കരിക്കപ്പെട്ട പുരാവൃത്തങ്ങളിൽ ഒന്നു മാത്രമായി ഒതുങ്ങിപ്പോകുമായിരുന്നു റാസ്പുട്ടിന്റെ നിഗൂഢവും വിഭ്രമജനകവുമായ കഥ.

ഫ്രാങ്ക് ഫാരിയാന്റെ വരികളും ഈണവും ലിസ് മിച്ചലിന്റെയും മാഷ്യ ബാരെറ്റിന്റെയും മെയ്സി വില്ല്യംസിന്റെയും തേൻപുരട്ടിയ വശ്യസ്വരവും മാത്രമല്ല നൈറ്റ് ഫ്ളൈറ്റ് ടു വീനസ് എന്ന എൽപി റെക്കോഡിന്റെ എ സൈഡിലെ രണ്ടാം ഗാനത്തെ നിത്യഹരിതമാക്കിയത്. ബോണി എമ്മിനുവേണ്ടി ഒറ്റപ്പാട്ടു പോലും പാടി റെക്കോഡ് ചെയ്യാത്ത ബോബി ഫാരലിന്റെ കാമോദീപകമെന്ന് പഴികേട്ട ചുവടുകൾ കൂടിയായിരുന്നു റാ റാ റാസ്പുട്ടിൻ ലവർ ഓഫ് ദ റഷ്യ ക്യൂനിന്റെ പ്രധാന ഹിറ്റ് ചേരുവയെന്ന് സമ്മതിക്കാതെ തരമില്ല. പലപ്പോഴും വെപ്പുതാടിവച്ച് കഠിനശബ്ദത്തിന്റെ ഇന്റർല്യൂഡുമായി റാ റാ റാസ്പുട്ടിന് ചുവടുവച്ച് അരങ്ങിലെത്തിയ ഫാരൽ കഥാനായകൻ റാസ്പുട്ടിന്റെ പരകായപ്രവേശംപോലെയാണ് ഉറഞ്ഞാടാറുള്ളത്. ബോബി ഫാരൽ ഇല്ലെങ്കിൽ ബോണി എമ്മിന്റെ ഒരു ഡസനോളം വരുന്ന ഓൾടൈം ഹിറ്റുകളിൽ റാ റാ റാസ്പുട്ടിനെങ്കിലും നിറംകുറയുമെന്ന് ഉറപ്പ്. അത്രമേൽ അവ രണ്ടും ഉടലും ഉയിരും പോലെ ഇഴചേർന്നുകഴിഞ്ഞിരുന്നു എഴുപതുകളുടെ ഒടുക്കം.

ജീവിതവും മരണവും അതിലേറെ മരണാനന്തര ജീവിതവും കൊണ്ട് റാസ്പുട്ടിൻ എന്ന 'നിഗൂഢ യോഗി' സൃഷ്ടിച്ച ചുരുളഴിയാത്ത സമസ്യകളിൽ ഒന്നു മാത്രമാണ് ബോബ് ഫാരലിന്റെ കഥ. അതിലും വലിയ സമസ്യകളും ദുരൂഹതകളം പെറുന്നതാണ് ഫാരലും സംഘവും അനശ്വരമാക്കിയ റാസ്പുട്ടിൻ ഗാനവും മിത്തും യാഥാർഥ്യവും കെട്ടുപിണഞ്ഞുകിടക്കുന്ന അതിലെ നായകന്റെ സംഭ്രമജനകമായ ജീവിതവും. ബലാലൈക്കയുടെ തന്ത്രികളം ഹൊപക്ക്ച്ചുവടുകളും പിന്നണി ചേർന്ന റാസ്പുട്ടിൻ ഗാനത്തിന്റെ ചടുലവേഗത്തിന് പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയുമെല്ലാം പുതിയ രാഷ്ട്രീയ ഭാഷ്യങ്ങൾ ചമയ്ക്കപ്പെടുമ്പോൾ ഈ സമസ്യകൾ വീണ്ടും വീണ്ടും പുനർവായനകൾക്ക് വിധേയമാകുന്നത് സ്വാഭാവികം. പ്രതിരോധത്തിന്റെ പാട്ടായി ഇന്ന് പുനരവതരിപ്പിക്കപ്പെടുന്ന റാസ്പുട്ടിൻഗാനത്തിന് ഒരു കാലത്ത് വിപ്ലവം വിരിഞ്ഞ കമ്മ്യൂണിസ്റ്റ് റഷ്യയും പോളണ്ടും നിരോധനമേർപ്പെടുത്തിയിരുന്നു എന്നത് ഇന്ന് അവിശ്വസനീയമായി തോന്നിയേക്കാം. ബോണി എമ്മിന്റെ ഏറ്റവും വലിയ ആരാധകവൃന്ദമുള്ളത് യൂറോപ്പിനേക്കാൾ പഴയ സോവിയറ്റ് റിപ്പബ്ലിക്കിലാണെന്ന വെള്ളം ചേർക്കാത്ത വസ്തുതയോട് ചേർത്തുവച്ചുവേണം ആ പഴയ 'നിരോധന'ത്തെ കൂട്ടിവായിക്കാൻ.
1978ലാണ് പുറത്തുനിന്നുള്ള ഏതെങ്കിലുമൊരു പോപ്പ് ബാൻഡിന് ആദ്യമായി കമ്മ്യൂണിസ്റ്റ് റഷ്യയുടെ ഇരുമ്പുമറയ്ക്കപ്പുറത്തേയ്ക്ക് ഔദ്യോഗികമായി പ്രവേശനം കിട്ടുന്നത്. ഒരു കാലത്ത് സോവിയറ്റ് ഭരണകൂടത്തിന് വലിയ പഥ്യമില്ലാതിരുന്ന ബോണി എമ്മിനെയും എൽട്ടൺ ജോണിനെയുമെല്ലാം ലിയോനിഡ് ബ്രഷ്ണേവ് മോസ്ക്കോയിലേയ്ക്ക് ക്ഷണിച്ചുകൊണ്ടുവന്നതിന്റെ യഥാർഥപൊരുൾ ഇന്നും വ്യക്തമല്ല. പോൾ എന്നതിന് പകുതി എന്നൊരു അർഥമുണ്ട് റഷ്യനിൽ. ഇതുവച്ച് ബീറ്റിൽസിന്റെ പോൾ മെക്കാർട്നിക്ക് 'പകുതി മെക്കാർട്നിയെ സോവിയറ്റ് യൂണിയന് ആവശ്യമില്ലെന്ന്' പറഞ്ഞ് പരിഹസിച്ച് പ്രവേശനം നിഷേധിച്ച അതേ ബ്രഷ്ണേവാണ് ബോണി എമ്മിനെ രണ്ട് കൈയും നീട്ടി സ്വീകരിച്ചത് എന്നത് നിഗൂഢമാണിന്നും. ബോണി എമ്മിനെയും എൽട്ടൺ ജോണിനെയും റോഡ് സ്റ്റിവേർട്ടിനെയും ക്ഷണിച്ചുവരുത്തിയവർ ലെഡ് സെപ്പെലിനെയും റോളിങ് സ്റ്റോൺസിനെയും പടിക്ക് പുറത്ത് നിർത്തിയതിന്റെ പൊരുളും ഇന്നും പൂർണമായി ചുരുളഴിഞ്ഞിട്ടില്ല.

 


മദ്യലഹരിയിൽ ബ്രഷ്ണേവിനുണ്ടായ വെളിപാടെന്ന് അക്കാലത്തുണ്ടായിരുന്നു രഹസ്യമായൊരു പരിഹാസം. അമേരിക്ക അടക്കമുള്ള അറുപത്തിയാറ് രാജ്യങ്ങൾ ബഹിഷ്കരിച്ച 1980ലെ മോസ്ക്കോ ഒളിമ്പിക്സിന് മുന്നോടിയായുള്ള മുഖംമിനുക്കൽ യജ്ഞത്തിന്റെ ഭാഗമായിരുന്നു എന്നാണ് മറ്റൊരു വാദം. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ടുതുടങ്ങിയ കാലത്ത് നുരഞ്ഞുപൊന്തുന്ന യുവജനരോഷത്തെ തണുപ്പിക്കാൻ എന്നുമുണ്ടായി വ്യാഖ്യാനം. ഞങ്ങളുടെ ഗാനം നേതാക്കളുടെ ഹൃദയത്തെ കീഴടക്കിയിട്ടുണ്ടാകാം എന്നാണ് പിൽക്കാലത്ത് ലീഡ് ഗായികയായ ലിസ് മിച്ചൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇരുമ്പുമറയിട്ട് കൊട്ടിയടച്ചിരുന്നെങ്കിലും നേരത്തെ തന്നെ പാശ്ചാത്ത്യ പോപ്പും റോക്കും റെഗ്ഗെയുമെല്ലാം പലവിധത്തിൽ പണ്ടേ നുഴഞ്ഞുകയറിക്കഴിഞ്ഞിരുന്നു ഭൂരിഭാഗം സോവിയറ്റ് റിപ്പബ്ലിക്കുകളിലും. ബോണി എമ്മും ബീറ്റിൽസും അബ്ബയും ഡോണ സമ്മറുമെല്ലാം റഷ്യൻ യുവാക്കളിൽ വലിയൊരു വിഭാഗത്തിന്റെയെങ്കിലും രഹസ്യലഹരിയായിരുന്നു വിപ്ലവാനന്തര സോവിയറ്റ് യൂണിയനിൽ. ആദ്യമായി ഔദ്യോഗികമായി തന്നെ ഇരുമ്പുമറ ഭേദിച്ച് കടന്നുവരാനുള്ള യോഗം ബോണി എമ്മിന്റേതായിരുന്നുവെന്നു മാത്രം. കരീബിയൻ പാരമ്പര്യവും അതുവഴി അവർക്ക് ചാർത്തിക്കിട്ടിയ സാംസ്കാരിക ബഹുസ്വരതയുടെ മുഖവും വർണവെറിക്കും അസമത്വത്തിനുമെതിരേ പാട്ടിൽ കൈക്കൊണ്ട നിലപാടുമൊക്കെ കമ്മ്യൂണിസ്റ്റ് ബ്ലോക്കിന്റെ രാഷ്ട്രീയനിറത്തിന് ചേരുന്നതാണെന്ന് ബ്രഷ്ണേവ് കണക്കുകൂട്ടിയിരിക്കാം. അങ്ങനെയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ജർമൻകാരനായ ഫ്രാങ്ക് ഫാരിയന്റെ ബാൻഡിന് മോസ്ക്കോ റെഡ് സ്ക്വയർ കൺസേർട്ടിലേയ്ക്ക് നാസി ജർമനി സോവിയറ്റ് യൂണിയൻ ആക്രമിക്കുന്ന കാലത്ത് റെഡ് ആർമിയിൽ അംഗമായിരുന്ന ബ്രെഷ്ണേവ് ചുവപ്പ് പരവതാനി വിരിച്ചത്. എന്നാൽ, ഒരൊറ്റ നിബന്ധന മാത്രം മുന്നിൽ വച്ചു അദ്ദേഹം. ബോണി എമ്മിന്റെ ഏറ്റവും മികച്ച ഹിറ്റുകളിൽ ഒന്നാം റാ റാ റാസ്പുട്ടിൻ മാത്രം പാടരുത്. ജർമനിയിലും ഓസ്ട്രിയയിലും യു.കെയിലും സ്വിറ്റ്സർലൻഡിലുമെല്ലാം ആഴ്ചകളോളം ഹിറ്റ്ചാർട്ടിൽ ഒന്നാംസ്ഥാനം അലങ്കരിച്ച റാസ്പുട്ടിൻ ഇല്ലാതെ എന്ത് സോവിയറ്റ് പര്യടനം. പാട്ടുപറയുന്നതാവട്ടെ റഷ്യൻ ചരിത്രത്തിലെ സംഭവബഹുലമായൊരു ഏടും. പക്ഷേ, കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ രഹസ്യമായ തിട്ടൂരത്തിന് ചെവികൊടുക്കാതെ തരമില്ലായിരുന്നു ബോണി എമ്മിന്. മറ്റൊരു ആവശ്യം കൂടി കമ്മ്യൂണിസ്റ്റ് സർക്കാർ ബോണി എമ്മിന് മുന്നിൽ വച്ചിരുന്നു. ബാൻഡിന്റെ ജീവനാഡിയായ ബോബി ഫാരലിന്റെ കാമോദീപകമായ അരക്കെട്ടിളക്കിക്കൊണ്ടുള്ള ഐക്കോണിക്ക് നൃത്തത്തിനുംവേണം ഒരു കൂച്ചുവിലങ്ങ്.


നാലു മാസം മുൻപ് മാത്രം റിലീസ് ചെയ്ത റാസ്പുട്ടിനെ അങ്ങനെ അവർ മനസില്ലാ മനസോടെ കൺസേർട്ടിൽ നിന്ന് ഒഴിവാക്കി. ബോബി ഫാരൽ സ്റ്റേജിൽ ഒന്നടങ്ങി. ഔദ്യോഗികമായി നിരോധനമൊന്നും ഉണ്ടായിരുന്നില്ലെന്ന വാദഗതി പണ്ട് മുതലേ ശക്തമാണെങ്കിലും റെഡ് സ്ക്വയർ കൺസേർട്ടിൽ മാത്രമല്ല, സോവിയറ്റ് യൂണിയനിൽ അന്ന് അനുവദിക്കപ്പെട്ട പത്ത് കൺസേർട്ടിലും റാസ്പുട്ടിൻഗാനം ഉണ്ടായിരുന്നില്ല. ബോണി എമ്മിന് മാത്രമായിരുന്നില്ല സെൻസർഷിപ്പ്. ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇംഗ്ലണ്ടിലെത്തി പ്രത്യയശാസ്ത്രപരമായി കമ്മ്യൂണിസത്തിന് ഹാനികരമായ ഒന്നും തന്നെ പാട്ടിൽ അരുതെന്ന് ശട്ടംകെട്ടിയാണ് എൽട്ടൺ ജോണിനെയും സോവിയറ്റ് യൂണിയനിലേയ്ക്ക് ആനയിച്ചുകൊണ്ടുവന്നതെന്നും ഒരു കഥയുണ്ടായിരുന്നു അക്കാലത്ത്. ചെങ്കൊടി പുതച്ച പോളണ്ടിലും സമാനമായൊരു അലിഖിത വിലക്ക് നേരിട്ടിരുന്നു റാ റാ റാസ്പുട്ടിൻ. പാട്ടിന്റെ വരികൾ കമ്മ്യൂണിസ്റ്റ് തത്വസംഹിതയ്ക്ക് യോജിക്കുന്നതല്ലെന്നായിരുന്നു ഭരണകൂടം നിരത്തിയ ന്യായം. 1979ലെ പോളണ്ട് പര്യടനത്തിലെ അവരുടെ കൺസേർട്ടിൽ നിന്ന് റാസ്പുട്ടിൻഗാനം വെട്ടിമാറ്റിയാണ് പോളിഷ് ടിവി സംപ്രേഷണം ചെയ്തത്.

റാസ്പുട്ടിൻഗാനത്തെ സെൻസർ ചെയ്തെങ്കിലും പ്രത്യേക സൈനികവിമാനത്തിൽ പറത്തിക്കൊണ്ടുവന്ന ബാൻഡിന് പത്ത് കൺസേർട്ടുകൾ മാത്രമല്ല റെഡ് സ്ക്വയറിൽ വീഡിയോ ചിത്രീകരിക്കാനുള്ള അനുമതി കൂടി കൊടുത്തു ബ്രഷ്ണേവ്. റെഡ് സ്ക്വയറിൽ ലെനിന്റെ ശവകുടീരത്തിന് അടുത്തുവച്ച്പോലും അന്നവർ വീഡിയോ ചിത്രീകരിച്ചു. ഒക്ടോബർ വിപ്ലവത്തിന്റെ മധുവിധുനാളുകൾ നിറംമങ്ങിത്തുടങ്ങിയ കാലത്ത് പടിഞ്ഞാറിന് മുന്നിൽ മുഖംമിനുക്കി കാണിക്കാനുള്ള ഉപായമായാണ് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ബോണി എമ്മിന്റെ വരവിനെ കണ്ടത്. റെഡ്സ്ക്വയർ കൺസേർട്ടിന് സദസ്സിൽ ബ്രഷ്ണേവ് തന്നെ സന്നിഹിതനായിരുന്നു. ഒരു എഞ്ചിനീയറുടെ മാസശമ്പളമായ 150 റൂബിളായിരുന്നു ടിക്കറ്റ് ചാർജ്. എന്നിട്ടും 2700 ഓളം പേർ അന്ന് മാ ബേക്കർക്കും ഡാഡി കൂളിനും ബ്രൗൺ ഗേൾ ഇൻ ദ റിങ്ങിനും ഹുറേ ഹുറേയ്ക്കും കാതോർക്കാനായി എത്തി. രഹസ്യമായി കേട്ട് ആസ്വദിച്ച ഈണങ്ങൾക്ക് അന്നാദ്യമായി പരസ്യമായി അവർ ചുവടുവച്ചു. ഔദ്യോഗിക ടിവി ചാനൽ ഒരു പ്രത്യേക പരിപാടി തന്നെ സംപ്രേഷണം ചെയ്തു. എന്നാൽ, പിന്നീട് ബ്രഷ്ണേവിന്റെ പിൻഗാമിയായി ഹംഗേറിയൻ വിപ്ലവം അടിച്ചൊതുക്കിയ ചരിത്രമുള്ള യൂറി ആന്ദ്രപ്പോവ് പാർട്ടി ജനറൽ സെക്രട്ടറിയായ കാലത്ത് ഈ കൺസേർട്ടിന്റെ വീഡിയോകൾ നഷ്ടപ്പെട്ടതായാണ് ചരിത്രം. കൺസേർട്ട് ബൂർഷ്വാ സംസ്കാരത്തെ പ്രാത്സാഹിപ്പിക്കുന്നു എന്ന ആരോപണം ബ്രഷ്ണേവിന്റെ കാലത്തേ ശക്തമായിരുന്നു. ഇതാണോ ഫിലിം റീലുകൾ അപ്രത്യക്ഷമായതിന് പിന്നിലെന്ന സംശയം ഇന്നും പ്രബലമാണ്.

ബോണി എം മാത്രമല്ല, അതിന്റെ ചുവടുപിടിച്ച് എണ്ണമറ്റ പോപ്പ് ബാൻഡുകൾ സോവിയറ്റ് യൂണിയനിലെ ഗാനാസ്വാദകരിലേയ്ക്ക് ഇരച്ചകയറുന്നതാണ് പിന്നീട് കണ്ടത്. അവർക്കത് പുതിയ ആകാശമായി. ബാൻഡുകൾക്ക് പുതിയ വിപണിയും. എന്നാൽ, അപ്പോഴും പിടിതരാത്ത ദുരൂഹതയായി ശേഷിക്കുകയായിരുന്നു റാസ്പുട്ടിൻ ഗാനത്തോടുള്ള റഷ്യൻ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അന്നത്തെ എതിർപ്പിന്റെ പൊരുൾ. കമ്മ്യൂണിസ്റ്റ് വിപ്ലവം യാഥാർഥ്യമാകും മുൻപ് തന്നെ റാസ്പുട്ടിൻ വധിക്കപ്പെട്ടുകഴിഞ്ഞിരുന്നു. എങ്കിലും പിൽക്കാലത്തും റാസ്പുട്ടിന്റെ നിഗൂഢ വിശ്വാസപ്രമാണങ്ങളോട് അനുഭാവമുള്ള നിരവധിയാളുകൾ റഷ്യയിലുണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. പ്രഭുക്കളും തൊഴിലാളികളും റാസ്പുട്ടിൻ സാർസാമ്രാജ്യത്തിൽ ചെലുത്തുന്ന ദുസ്വാധീനത്തിനെതിരേ വാളെടുത്തെങ്കിലും ചെറിയൊരു വിഭാഗം കർഷകരും മതവിശ്വാസികളും റാസ്പുട്ടിനെ അവരുടെ രക്ഷകനായി കണ്ടിരുന്നു. ബോണി എമ്മിന്റെ ഗാനം ഇവർക്ക് ഊർജം പകരുമെന്ന ഭയമാണോ സാർ ഭരണകാലത്തെ ദുഷ്പ്രവണതകൾ വീണ്ടും തലപൊക്കുമെന്ന ആശങ്കയാണോ ബ്രഷ്ണേവിന്റെ അന്നത്തെ തീരുമാനത്തെ ഭരിച്ചതെന്ന് വ്യക്തമല്ല. സാർ സാമ്രാജ്യത്തെ തകർക്കാൻ നിയോഗിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് ചാരനായിരുന്നു റാസ്പുട്ടിൻ എന്നൊരു വിചിത്രമായ വാദഗതി നിലനിൽക്കുന്നുണ്ടെങ്കിലും വ്ളാഡിമർ ലെനിൻ എന്നും റാസ്പുട്ടിനെതിരേ ശക്തമായ നിലപാട് കൈക്കൊണ്ടതായാണ് ചരിത്രം. സാർ ഭരണകൂടത്തിന്റെ ജീർണതയുടെ അടയാളമായാണ് ലെനിൻ റാസ്പുട്ടിനെ എക്കാലത്തും ചിത്രീകരിച്ചിട്ടുള്ളത്. അത് എഴുതിവയ്ക്കുക പോലും ചെയ്തിട്ടുണ്ട്. പിൻഗാമിയായ ബ്രഷ്ണേവിനെ ഒരുപക്ഷേ ഇതും സ്വാധീനിച്ചിരിക്കാം. റാസ്പുട്ടിന്റെ മരണത്തെവരെ അധികാരം വെട്ടിപ്പിടിക്കാനുള്ള പ്രഭുക്കളുടെ കരുനീക്കമായേ ബോൾഷേവിക്കുകൾ കണ്ടിരുന്നുള്ളൂ. എന്തായാലും ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയ്ക്കയും തലക്കുറി മാറ്റിയെഴുതുംവരെ പാട്ടിലായാലും ചരിത്രത്തിലായാലും റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി റാസ്പുട്ടിൻ ഗാനത്തെ ഭയന്നിരുന്നു എന്നത് വാസ്തവം.

എന്നാൽ, അറിഞ്ഞോ അറിയാതെയോ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് വഴിയൊരുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചൊരാളാണ് ഗ്രിഗറി റാസ്പുട്ടിൻ എന്ന മിസ്റ്റിക്. അവസാനകാലത്ത് സാർ സാമ്രാജ്യത്തെ ഇത്രമേൽ ദുഷിപ്പിച്ചതിൽ, ജനങ്ങളുടെ മനസിൽ അവർക്കെതിരായ പക ശക്തമായതിൽ റാസ്പുട്ടിൻ വഹിച്ച പങ്ക് ചെറുതല്ല. റാസ്പുട്ടിനില്ലെങ്കിൽ ലെനിനില്ല എന്നു പറഞ്ഞത് അലക്സാണ്ടർ കെരെൻസ്കിയാണ്. റഷ്യാസ് ഗ്രേറ്റസ്റ്റ് ലവ് മെഷിൻ എന്ന് ബോണി എം തന്നെ പാടിയ, ഹിപ്നോട്ടിക് കണ്ണുകളുള്ള റാസ്പുട്ടിൻ ഊരുതെണ്ടലിനുശേഷം ഒരു നിഗൂഢ മാന്ത്രികനായി, രോഗശമനക്കാരനായി കൊട്ടാരത്തിൽ കയറിപ്പറ്റിയ അന്ന് മുതൽ തുടങ്ങിയിരുന്നു സാർ സാമ്രാജ്യത്തിലെ അപഹാരം. ആദ്യം സാർ നിക്കോളസ് രണ്ടാമന്റെ ഇഷ്ടം പിടിച്ചുപറ്റി. പിന്നെ ഏക കിരീടാവകാശിയായ മകന്റെ ഹീമോഫീലിയ രോഗം താത്‌കാലികമായി ഭേദമാക്കി രാജ്ഞി അലക്സാൻഡ്ര ഫ്യോദറോവ്നയുടെ സ്വന്തക്കാരനായി. ഡോക്ടർമാരെ ബോധപൂർവം അകറ്റിയ റാസ്പുട്ടിൻ ആസ്പിരിൻ ഗുളികയോ സൈബീരിയയിൽ കുതിരകളുടെ ആന്തരിക രക്തസ്രാവത്തിനുള്ള മരുന്നോ കൊടുത്താണ് കുട്ടിയുടെ രക്തസ്രാവം നിർത്തിയതെന്നായിരുന്നു അരമനരഹസ്യം. കൊട്ടാരത്തിന് പുറത്ത് മതാചാര്യന്റെ മേലങ്കിയണിഞ്ഞും കർഷകരുടെ പ്രതിനിധി ചമഞ്ഞും മദ്യവും മദിരാക്ഷിയുമായി വിലസിക്കൊണ്ടിരുന്നെങ്കിലും അലക്സാൻഡ്രയ്ക്ക് റാസ്പുട്ടിൻ ഒരു ദിവ്യസാന്നിധ്യമായിരുന്നു. സാമ്രാജ്യത്തെ സംരക്ഷിക്കാൻ ദൈവം നിയോഗിച്ച് അയച്ചതായിരുന്നു റാസ്പുട്ടിനെ എന്നു വരെ അവർ വിശ്വസിച്ചു. മാനഭംഗശ്രമത്തിന് പരിചാരിക കൊടുത്ത പരാതിപോലും അവർ ചെവിക്കൊണ്ടില്ല. റാസ്പുട്ടിന്റെ തീരുമാനങ്ങളെ ചോദ്യംചെയ്യാൻ ആരെയും അനുവദിച്ചിരുന്നില്ല. ഭർത്താത് സാർ നിക്കോളസ് രണ്ടാമനെ പോലും. ഇതിന്റെ ബലത്തിൽ റാസ്പുട്ടിൻ രക്ഷകനും ഉപദേശകനുമായി കൊട്ടാരത്തിൽ ചോദ്യംചെയ്യപ്പെടാതെ വാണു. റാസ്പുട്ടിന്റെ ഉപദേശപ്രകാരമാണ് നിക്കോളസ് രണ്ടാമൻ ഒന്നാം ലോകമഹായുദ്ധത്തിൽ റഷ്യയെ നയിക്കാനായി പുറപ്പെട്ടത്. യുദ്ധനിപുണത ഒട്ടുമില്ലാതിരുന്ന ചക്രവർത്തി നയിച്ച സൈന്യം പരാജയത്തെ മുഖാമുഖം കണ്ടു. ചക്രവർത്തി ഇല്ലാത്ത ഈ അവസരമാണ് ഭരണം സ്വന്തം കൈപ്പിടിയിലാക്കാൻ റാസ്പുട്ടിൻ വിനിയോഗിച്ചത്. ലവർ ഓഫ് ദി റഷ്യൻ ക്യൂൻ എന്നാണ് ബോണി എം പാടിപ്പഠിപ്പിച്ചതെങ്കിലും റാസ്പുട്ടിനുമായി രാജ്ഞി പ്രണയത്തിലായിരുന്നില്ലെന്നുമുണ്ട് വാദം. എന്തായാലും പിന്നീട് ഭരണം നിയന്ത്രിച്ചത് റാസ്പുട്ടിനായിരുന്നുവെന്നത് അങ്ങാടിപ്പാട്ടാണ്. രാജ്ഞിയെ സ്വാധീനിച്ച് കഴിവുറ്റ മന്ത്രിമാരെയെല്ലാം തെറിപ്പിച്ച് പകരം കഴിവുകെട്ട സ്വന്തക്കാരെ നിയമിച്ചു. യുദ്ധത്തിലും ഭരണകാര്യത്തിലും ഒരുപാലെ റഷ്യ തകർന്നടിഞ്ഞുതുടങ്ങി. പ്രഭുക്കൾ അസ്വസ്ഥരായി. ജനങ്ങൾ രാജഭരണത്തിനെതിരേ പരസ്യമായി തിരിഞ്ഞു. ഒരിക്കൽ റാസ്പുട്ടിനെതിരേ വിഫലമായൊരു വധശ്രമം പോലുമുണ്ടായി. കമ്മ്യൂണിസ്റ്റ് വിപ്ലവത്തിനുളള ശരിയായ വിളനിലമൊരുക്കലായി ഒരർഥത്തിൽ റാസ്പുട്ടിന്റെ ഈ അപഹാരകാലം. കാര്യങ്ങൾ എല്ലാ അർഥത്തിലും കൈവിട്ടപ്പോഴാണ് പ്രഭുസംഘം റാസ്പുട്ടിനെ വകവരുത്താനുളള കടുത്ത തീരുമാനത്തിലേയ്ക്ക് തിരിഞ്ഞത്.


ജീവിതം പോലെ തന്നെ റാസ്പുട്ടിന്റെ മരണവും ഇന്നും ദുരൂഹമാണ്. റഷ്യയിലെ ഏറ്റവും ധനാഢ്യനായിരുന്ന ഫെലിക്സ് യുസ്സുപ്പോവിന്റെ നേതൃത്വത്തിലുള്ള പ്രഭുസംഘം ആദ്യം വീഞ്ഞിലും പിന്നീട് കേക്കിലും സയനൈഡ് കലർത്തി കൊല്ലാൻ ശ്രമിച്ചുവെന്നാണ് കഥ. ഇതിന് റാസ്പുട്ടിന്റെ മരുമകന്റെ ഒത്താശ കൂടി ഉണ്ടായിരുന്നുവെന്നൊരു ശ്രുതിയുണ്ടായിരുന്നു. രണ്ടും പരാജയപ്പെട്ടപ്പോഴാണ് നെഞ്ചിലും തലയിലും വെടിവെച്ചതെന്നും എന്നിട്ടും മരിക്കാതായപ്പോഴാണ് നദിയിലെറിഞ്ഞതെന്നുമാണ് അതിന്റെ അനുബന്ധം. എന്നാൽ, ദിവസങ്ങൾക്കുശേഷം പുഴയിൽ നിന്ന് കണ്ടെടുത്ത മരവിച്ച ജഡത്തിൽ വെടിയേറ്റ പാടും പുഴയിലെ മഞ്ഞുപാളിയിൽ വന്നിടിച്ചതിന്റെ പരിക്കുമേ ഉണ്ടായിരുന്നുള്ളൂ. യുസ്സുപ്പോവ് ലോസ്റ്റ് സ്പ്ലെൻഡർ എന്ന തന്റെ ആത്മകഥയിൽ ഏറ്റുപറച്ചിൽ നടത്തുകയും ബോണി എം പാടിപ്രചരിപ്പിക്കുകയും ഒട്ടേറെ സിനിമകൾക്ക് വിഷയമാവുകയുമെല്ലാം ചെയ്തെങ്കിലും റാസ്പുട്ടിന്റെ ജഡത്തിൽ വിഷാംശം കണ്ടെത്താൻ പോസ്റ്റ്മോർട്ടത്തിൽ കഴിഞ്ഞിരുന്നില്ല. അച്ഛൻ വെടിയേറ്റ് മാത്രമാണ് മരിച്ചതെന്നും ശേഷിക്കുന്നതെല്ലാം കെട്ടുകഥകളാണെന്നും പിൽക്കാലത്ത് ഗായികയും മൃഗശിക്ഷകയുമെല്ലാമായി മാറിയ മകൾ മരിയയയും തന്റെ പുസ്തകത്തിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സാർ പദവി ലക്ഷ്യമിട്ട് അമാനുഷിക പരിവേഷത്തിനുവേണ്ടി യുസ്സുപ്പോവ് ചമച്ചതാണ് ശേഷിക്കുന്ന തിരക്കഥയെന്നാണ് മറ്റൊരു ശ്രുതി. യുസ്സുപ്പോവിനെതിരേ മാനനഷ്ടത്തിന് കേസു കൊടുത്തിരുന്നു മരിയ. പക്ഷേ, പാരിസ് കോടതി അത് തള്ളിക്കളയുകയാണുണ്ടായത്.

സാർ ചക്രവർത്തിയെ സ്വാധീനിച്ച് ജർമനിയുമായി സന്ധി ചെയ്യാൻ പദ്ധതി തയ്യാറാക്കിയ റാസ്പുട്ടിനെ ബ്രിട്ടീഷ് രഹസ്യാന്വേഷണവിഭാഗമായ എം15 വകവരുത്തിയതാണെന്ന സ്ഥിരീകരിക്കാത്തൊരു അനുമാനം കൂടിയുണ്ട്. എന്തായാലും കൊല്ലപ്പെട്ടുംമുൻപ് റാസ്പുട്ടിൻ സാർ ചക്രവർത്തിക്ക് ഒരു കത്തെഴുതിയതായാണ് വിവരം. 'മൂന്ന് തവണ മണി മുഴങ്ങിയാൽ ഞാൻ മരിച്ചുവെന്നാണ് അർഥം. നിങ്ങളുടെ സ്വന്തക്കാരാണ് എന്നെ വധിക്കുന്നതെങ്കിൽ ഓർക്കുക. അത് നിങ്ങളുടെയും സാമ്രാജ്യത്തിന്റെയും അന്ത്യംകുറിക്കലാവും. രണ്ട് വർഷത്തിനുള്ളിൽ എല്ലാം നശിക്കും' ഒരു പ്രവചനസ്വഭാവമുണ്ടായിരുന്നു കത്തിലെ വാചകങ്ങൾക്ക്. റാസ്പുട്ടിൻ വധിക്കപ്പെട്ട് മാസങ്ങൾക്കുള്ളിൽ തന്നെ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. സാർ ചക്രവർത്തിയും കുടുംബവും റാസ്പുട്ടിന്റെ ജന്മനാടായ സൈബീരിയയിലേയ്ക്ക് നാടുകടത്തപ്പെടുകയും പിന്നീട് യെകതരിൻബർഗിൽവച്ച് വധിക്കപ്പെടുകയും ചെയ്തു. സാർ സാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾക്ക് മീതേ പുതിയ സോവിയറ്റ് യൂണിയന്റെ രക്തപതാക ഉയർന്നു.

പുതിയ സോവിയറ്റ് ഭരണകൂടം തുടക്കം മുതൽ തന്നെ സാർ ഭരണകാലത്തിന്റെ സ്ഥാവരജംഗമ മുദ്രകളെ പരമാവധി മായ്ച്ചുകളയാൻ ശ്രമിച്ചിരുന്നു. ലെനിന്റെ പട്ടാളപ്പേശി അതിൽ വലിയൊരളവുവരെ വിജയിക്കുകയും ചെയ്തു. എങ്കിലും പഴയ സോവിയറ്റ് ബ്ലോക്കിലെ ജനമനസ്സിൽ നിന്നും റാസ്പുട്ടിൻ എന്ന പ്രതിഭാസത്തെ പൂർണമായി ഉന്മൂലനം ചെയ്യാൻ ലെനിനോ സ്റ്റാലിനോ ക്രൂഷ്ചേവിനൊ കഴിഞ്ഞില്ല. അടക്കംപറച്ചിലുകളിൽ ജീവിച്ചുപോന്ന റാസ്പുട്ടിനെ കാൽപനികമായൊരു മിത്താക്കി പുന:പ്രതിഷ്ഠ നടത്തിയതിലും ആ പുരാവൃത്തത്തെ അതിർത്തി കടത്തി അനശ്വരമാക്കുകയും ചെയ്തതിൽ ബോണി എമ്മിനുള്ള പങ്ക് വളരെ വലുതാണ്. ബാൻഡ് എന്നെന്നേക്കുമായി നിലച്ചുപോയിട്ടും പഴകുംതോറും വീര്യംകൂടുന്ന വീഞ്ഞുപോലെ പിൽക്കാലത്തും ജീവിച്ചുപോന്ന അവരുടെ ഗാനങ്ങൾക്കൊപ്പം റാസ്പുട്ടിന്റെ പുരാവൃത്തവും കാലത്തെ അതിജീവിച്ചുകൊണ്ടിരുന്നു.

പല കാലത്തിൽ പല ദേശത്തിൽ പല രൂപത്തിൽ റാസ്പുട്ടിൻ ജീവിച്ചുകൊണ്ടിരുന്നതിന്റെ ഒരു കാരണം കാലദേശാതിർത്തികൾ ഭേദിക്കുന്ന റാ റാ റാസ്പുട്ടിൻഗാനം തന്നെയാണ്. ഡിസ്നിയുടെ വിഖ്യാതമായ കാർട്ടൂൺ അനസ്താസ്യയിൽ വില്ലൻ പരിവേഷത്തിലുണ്ട് റാസ്പുട്ടിൻ. ഒക്ടോബർ വിപ്ലവവും സാർ സാമ്രാജ്യത്തിന്റെ തകർച്ചയും മാത്രമല്ല, രണ്ടാം ലോകമഹായുദ്ധം വരെ റാസ്പുട്ടിൻ പ്രവചിച്ചിരുന്നുവെന്ന് പോലും കഥകൾ പ്രചരിച്ചു. റാസ്പുട്ടിൻ മരണത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റുവെന്ന് വിശ്വസിക്കുന്നവരുമുണ്ട് വർത്തമാനകാല റഷ്യയിലെന്നത് വിചിത്രമായൊരു വാസ്തവമാണ്. മനുഷ്യകുലത്തിനായി ജീവത്യാഗംചെയ്ത അവതാരമായി കണ്ട് ആരാധിക്കുന്നവരുണ്ട്. ഓർമദിനം കൊണ്ടാടുന്നവരുണ്ട്. പഴയ ചരിത്രമറിയാതെ ഫ്രാങ്ക് ഫാരിയന്റെ ഭാവനാസമ്പന്നമായ വരികളെ വിശ്വസിച്ച് റാസ്പുട്ടിനെ പ്രണയനായകനായി ആഘോഷിക്കുന്നവരുമുണ്ട് ലോകമെങ്ങും. പ്രൊക്കോവ്സ്കോയയിൽ റാസ്പുട്ടിൻ മ്യൂസിയവും റാസ്പുട്ടിന്റെ കൊലപാതകരംഗം മെഴുകിൽ പുനരാവിഷ്കരിച്ച മൊയ്ക്ക കൊട്ടാരവുമെല്ലാം ഇന്ന് പ്രധാന സന്ദർശനകേന്ദ്രങ്ങളാണ്. സെന്റ് പീറ്റേഴ്സ്ബർഗിലെ ഇറോട്ടിക് മ്യൂസിയത്തിൽ റാസ്പുട്ടിന്റേതെന്ന് അവകാശപ്പെടുന്ന ജനനേന്ദ്രിയം പ്രദർശനത്തിനുവയ്ക്കുന്നതുവരെയെത്തി കാര്യങ്ങൾ.

പുതിയ കാലത്തെ ചുവടുകൾക്കും കവർ, വൈറൽ പുനരാവിഷ്കാരങ്ങൾക്കും ഒരുപക്ഷേ, ചരിത്രത്തിന്റെ രാഷ്ട്രീയാടിത്തറ ഉണ്ടായിക്കൊള്ളണമെന്നില്ല. പക്ഷേ, ഓരോ തവണ റാ റാ റാസ്പുട്ടിൻ പുതിയ അവതാരമെടുക്കുമ്പോഴും ബോബി ഫാരലിന്റെ ദുരന്തത്തിൽ പര്യവസാനിച്ച ജീവിതവും റാസ്പുട്ടിന്റെ ഇനിയും പിടിതരാത്ത നിഗൂഢതയും ബോണി എമ്മിനോടുള്ള സോവിയറ്റ് റഷ്യയുടെ പ്രണയവും കമ്മ്യൂണിസറ്റ് മണ്ണിൽ അവർ അവശേഷിപ്പിച്ച ചോദ്യങ്ങളും കൂടി ജീവൻവച്ചുകൊണ്ടിരിക്കും. ചില ചുവടുകൾ ചരിത്രത്തിൽ ഊന്നുമ്പോൾ മാത്രമാണ് ആവിഷ്കാരം പൂർണമാകുന്നത്. റാ റാ റാസ്പുട്ടിൻഗാനം അതർഹിക്കുന്നുണ്ട്.

content highlights : Boney M hit song Ra Ra Rasputin ban in russia world music day